എല്ലാം കേന്ദ്രം തരും; ഇവിടെ പേര് മാറ്റും

Sunday 22 April 2018 4:05 am IST
എല്ലാം ശരിയാക്കി, എല്ലാവരെയും ശരിയാക്കി ഇടത് സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിന്റെ പടി ചവിട്ടുകയാണ്.

— കടമെടുത്ത് മുടിയുകയാണ് കേരളം. എന്തിനും ഏതിനും കേന്ദ്ര സര്‍ക്കാരിന് പഴി, പ്രഖ്യാപിക്കുന്നതത്രയും കേന്ദ്ര പദ്ധതികളും.

— റോഡിന് പണം കേന്ദ്രം തരണം

— നാടിന് തൊഴില്‍ കേന്ദ്രം തരണം

— വീടിന് വൈദ്യുതി കേന്ദ്രം തരണം

— എല്ലാം കേന്ദ്രം തരും

— തരുന്നതത്രയും പേര് മാറ്റി പുതിയ കുപ്പിയില്‍ പുറത്തിറക്കും.

— തെങ്ങും കവുങ്ങും ഫലവൃക്ഷങ്ങളും നെല്‍പാടങ്ങളുമുള്ള നാടിന് ഇന്ന് വിഭവ സമാഹരണ ശേഷിയില്ല ചാരായവും ലോട്ടറിയുമാണ് വരുമാന മാര്‍ഗം.

 — കേരളത്തെ സമ്പന്നമാക്കിയ പ്രവാസികള്‍ക്ക് തൂക്കുകയര്‍ നല്‍കുന്നതാണ് ഇടത് നയം. നിക്ഷേപകര്‍ ഭയന്നോടുന്നു. കൃഷിയിടങ്ങള്‍ മാത്രമല്ല വ്യവസായശാലകളും മരുപ്പറമ്പാക്കുന്നു. കശുവണ്ടി ഫാക്ടറികള്‍ അടച്ചുപൂട്ടി. ഉടമകളും തൊഴിലാളികളും ആത്മഹത്യാ മുനമ്പില്‍. ഇതാണ് പിണറായിയന്‍ സോഷ്യലിസം.

 

പറഞ്ഞതും പ്രവര്‍ത്തിച്ചതും

ആരോഗ്യമേഖല: നിലവിലുള്ള സ്റ്റാഫ് പാറ്റേണ്‍ പുനഃപരിശോധിക്കുകയും ഡോക്ടര്‍മാരുടെയും നേഴ്സുമാരുടെയും എണ്ണം ഇരട്ടിയാക്കുകയും ചെയ്യും. പൊതുആരോഗ്യ സംവിധാനവുമായി ബന്ധപ്പെടുത്തി സമഗ്രവും സാര്‍വ്വത്രികവുമായ ഇന്‍ഷുറന്‍സ്‌നടപ്പിലാക്കും. മൂന്ന് മെഡിക്കല്‍ കോളേജുകളെ എയിംസ് നിലവാരത്തില്‍ ഉയര്‍ത്തും. ഹൃദയശസ്ത്രക്രിയയ്ക്കുള്ള സൗകര്യവും കാത്ത്ലാബും താലൂക്ക് ആശുപത്രികഴില്‍ വരെ സ്ഥാപിക്കും. താലൂക്ക് ആശുപത്രികളില്‍ അര്‍ബുദരോഗ പരിശോധനാ സംവിധാനമുണ്ടാക്കും.

  ഇത്രയും തകര്‍ന്ന ആരോഗ്യാവസ്ഥ കേരളത്തിലുണ്ടായിട്ടില്ല. ചികിത്സ കിട്ടാതെ മരിക്കുന്നു, ചികിത്സിച്ച് കൊല്ലുന്നു, ആംബുലന്‍സില്‍ രോഗിയെ കൊല്ലുന്നു.കേന്ദ്രസര്‍ക്കാര്‍ മൂന്ന് തവണ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും എയിംസിന് മതിയായ സ്ഥലം കണ്ടെത്തി നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും എണ്ണം ഇരട്ടിയാക്കുമെന്ന് പറഞ്ഞ സര്‍ക്കാരിനെതിരേ ഈ ആവശ്യം ഉന്നയിച്ച് ഡോക്ടര്‍മാര്‍ പണിമുടക്കുന്ന സ്ഥിതിവന്നു.നഴ്‌സുമാര്‍ക്ക് സ്വകാര്യ ആശുപത്രികളിലും മിനിമം വേതനം നല്‍കുമെന്ന് പറഞ്ഞ് വോട്ടു വാങ്ങിയെങ്കിലും അവര്‍ തെരുവില്‍ സമരത്തിലാണ്. ആരോഗ്യ മേഖലയില്‍ അേരാജകസ്ഥിതിയാണ്. ആരോഗ്യരംഗത്തെക്കുറിച്ച് ഊറ്റം കൊള്ളാനില്ലെന്നായി. റീജ്യണല്‍ കാന്‍സര്‍ സെന്ററിലെ ചികിത്സാപിഴവുകൊണ്ട് ഡോക്ടറുടെ ഭാര്യക്ക് ജീവന്‍ പോയി. തമിഴ്‌നാട് സ്വദേശിയായ മുരുകന് മെഡിക്കല്‍ കോളേജിലടക്കം ചികിത്സ നിഷേധിച്ച സംഭവം കടുത്ത മനുഷ്യാവകാശ നിഷേധമായി.

സ്‌കൂള്‍ വിദ്യാഭ്യാസം അന്തര്‍ദേശീയ നിലവാരത്തിലേയ്ക്ക്: 8 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഹൈടെക് ആക്കും. പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ 1000 പൊതുവിദ്യാലയങ്ങള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക്ഉയര്‍ത്തും.

കേന്ദ്രസര്‍ക്കാരിന്റെ വന്‍ സഹായത്തുക വിദ്യാഭ്യാസ മേഖലയില്‍ എത്തുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ഫണ്ടാണ് ഹൈടെക് ക്ലാസുകളാകുന്നത്. അതേസമയം സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയപരിപാടികളില്‍ ഇടതുപക്ഷ വിദ്യാഭ്യാസ സംഘടനകള്‍ പോലും എതിരാണ്. ശാസ്ത്രസാഹിത്യ പരിഷത്തടക്കമുള്ള ഇടതുസംഘടനകള്‍ പോലും സര്‍ക്കാര്‍ നയത്തിനെതിരേ പരസ്യമായി പ്രതിഷേധിക്കുന്നു. 

മികവിന്റെ കേന്ദ്രങ്ങള്‍: സര്‍വകലാശാല കേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റും. സഹകരണ സ്ഥാപനങ്ങള്‍, ട്രസ്റ്റുകള്‍ തുടങ്ങിയ സാമൂഹ്യ സംരംഭങ്ങള്‍ സര്‍ക്കാരുമായി സഹകരിച്ചുകൊണ്ട് ഉന്നതവിദ്യാഭ്യാസ മേഖലയെ വിപുലീകരിക്കും.

രണ്ടുവര്‍ഷത്തിനിടെ സര്‍വകലാശാലകളിലെ പരീക്ഷകള്‍ സമയത്ത് നടത്തുന്നതില്‍ പുരോഗതി ഉണ്ടായിട്ടില്ല. സിന്‍ഡിക്കേറ്റുകള്‍കൊണ്ടുള്ള രാഷ്ട്രീയ താല്‍പര്യങ്ങളും നടപടികളുമാണ് ഇപ്പോഴും സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ചു നടക്കുന്നത്.

പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമം: ഊരുകൂട്ടങ്ങള്‍ക്ക്പദ്ധതി ആസൂത്രണത്തില്‍ പൂര്‍ണ്ണാധികാരം ഉറപ്പുവരുത്തും. മേല്‍നോട്ടാധികാരവും നല്‍കും. പട്ടികജാതി വികസനഫണ്ടിന്റെ വിനിയോഗം സംബന്ധിച്ച് എല്ലാതലങ്ങളിലും മേല്‍നോട്ട സമിതികള്‍ക്ക് രൂപംനല്‍കും. ഗ്രാമസഭ/ വികസന സെമിനാര്‍/കര്‍മ്മസമിതി എന്നീതലങ്ങളില്‍ പട്ടികജാതിക്കാരില്‍ നിന്നും ഉയര്‍ന്നുവരുന്ന നിര്‍ദ്ദേശങ്ങള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഉള്‍ച്ചേര്‍ക്കുന്നത് നിര്‍ബന്ധിതമാക്കും.

ചിത്രലേഖയെന്ന പട്ടികജാതിക്കാരിയെ ഊരുവിലക്കി, അപമാനിച്ച് സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍നിന്നിറക്കിവിടാന്‍ നോക്കിയതും പിണറായി സര്‍ക്കാരാണ്. ചത്ത പട്ടിയെ പട്ടികജാതികാരിയുടെ വീട്ടില്‍ കണികാണാന്‍ ഇട്ടത് ഈ സര്‍ക്കാര്‍ നയിക്കുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകരായിരുന്നു.

പട്ടികജാതി-വര്‍ഗ ഊരുകളിലെ ദയനീയാവസ്ഥകള്‍ക്ക് പരിഹാരമൊന്നും കാണാനായില്ല. വനവാസികള്‍ ചികിത്സകിട്ടാതെ മരിച്ച സംഭവങ്ങള്‍, വഴിയിലും ആംബുലന്‍സിലും പ്രസവിച്ച സംഭവങ്ങള്‍, പോഷകാഹാരക്കുറവുമൂലമുള്ള ശിശുമരണങ്ങള്‍ എന്നിങ്ങനെ രണ്ടുവര്‍ഷത്തിനിടയിലും സംഭവിച്ചത് ഒട്ടേറെ ദുരന്ത സംഭവങ്ങള്‍. സൊമാലിയയ്ക്ക് സമാനമല്ലെന്ന് വാദിക്കുമ്പോഴും സ്ഥിതി സൊമാലിയയേക്കാള്‍ മോശമാണെന്ന് ആര്‍ക്കും ബോധ്യമാകുന്നു.

സ്ത്രീശാക്തീകരണം: സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പ്രത്യേക വകുപ്പ് ആരംഭിക്കും. ജന്റര്‍ ബഡ്ജറ്റിംഗ് പുനസ്ഥാപിക്കും. കുടുംബശ്രീയെ ഗ്രാമസഭകളുടെ ഉപഘടകങ്ങളാക്കി മാറ്റും. കുടുംബശ്രീക്ക് നാല് ശതമാനം പലിശയ്ക്ക് വായ്പ ഉറപ്പുവരുത്തും.

  വാഗ്ദാനങ്ങള്‍ ഏറെയായിരുന്നു. പക്ഷേ സ്ത്രീകള്‍ ഇത്രമാത്രം അപമാനിതരും അരക്ഷിതരുമായ കാലം ഇല്ല. മൂന്ന് പ്രധാന കോളേജിലെ വനിതാ പ്രിന്‍സിപ്പാള്‍മാരാണ് ഭരണകക്ഷിയുടെ ഒത്താശയോടെ ആക്രമിക്കപ്പെടുകയോ അപമാനിക്കപ്പെടുകയോ ചെയ്തത്. പാലക്കാട് വിക്‌ടോറിയ കോളേജിലെ പ്രിന്‍സിപ്പാള്‍ ഡോ: ടി.എന്‍. സരസു, എറണാകുളം മഹാരാജാസിലെ പ്രിന്‍സിപ്പാള്‍ എന്‍.എല്‍. ബീന, കാഞ്ഞങ്ങാട് നെഹ്‌റു കോളെജിലെ പ്രിന്‍സിപ്പാള്‍ പി.വി. പുഷ്പജ എന്നിവരെ എസ്എഫ്‌ഐ അപമാനിച്ച് ആക്രമിച്ചത് കേരളം ലജ്ജിച്ചു തല താഴ്ത്തിയ സംഭവമായി.

വടകരയില്‍ ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി ഗര്‍ഭസ്ഥ ശിശുവിനെ കൊന്നത് സ്ത്രീശാക്തീകരണം വാഗ്ദാനം ചെയ്ത സര്‍ക്കാരിന്റെ പാര്‍ട്ടിക്കാരായിരുന്നു.

സ്ത്രീസുരക്ഷ ഉറപ്പാക്കുമെന്നു പറഞ്ഞ സിപിഎം തന്റെ മക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് പാലക്കാട് പുത്തൂരില്‍ ശ്യാമള എന്ന അമ്മ ആത്മഹത്യ ചെയ്തത്.  

ജനകീയാസൂത്രണം: ജനകീയാസൂത്രണത്തിന്റെ രണ്ടാംപതിപ്പ് ആവിഷ്‌കരിക്കും. നീര്‍ത്തട ആസൂത്രണം, മാലിന്യസംസ്‌കരണം, ജൈവപച്ചക്കറി എന്നിവയെ തൊഴിലുറപ്പ് പദ്ധതിയും കുടുംബശ്രീയുമായി സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു ജനകീയ പ്രസ്ഥാനമായിരിക്കും ഇത്.

മാലിന്യ സംസ്‌കരണം, ജൈവ പച്ചക്കറി, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി എന്നിങ്ങനെ പലതും പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ തൊഴിലുറപ്പുകൂലി വര്‍ദ്ധിപ്പിച്ചു. കിട്ടിയ ഫണ്ട് ചെലവിട്ടതിന്റെ കണക്ക് കൃത്യമായി ഇനിയും സംസ്ഥാനത്തിന് നല്‍കിയിട്ടില്ല. പച്ചക്കറി കൃഷി ഒരു വിപ്ലവവും ഉണ്ടാക്കിയിട്ടില്ല. വിപണിയില്‍ ഏറ്റവും വിലക്കയറ്റം പച്ചക്കറിക്കാണ്.

പരിസ്ഥിതി സൗഹൃദ കേരളം: മണ്ണും ജലവും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിന് ജനപങ്കാളിത്തത്തോടെ നീര്‍ത്തടാടിസ്ഥാനത്തില്‍ പദ്ധതികള്‍ തയ്യാറാക്കും. തണ്ണീര്‍ത്തട നിയമം കര്‍ശനമായി നടപ്പിലാക്കും. ജലാശയങ്ങളെ ശുദ്ധീകരിക്കുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി നടപ്പിലാക്കും.

പരിസ്ഥിതി സംവിധാനത്തെ തകര്‍ക്കുന്ന തരത്തില്‍ ഹാരിസണ്‍ കൈയേറ്റഭൂമിയും പൊന്തന്‍പുഴ തോട്ടവും സര്‍ക്കാരിന് നഷ്ടമാക്കിയത് നിയമ-കോടതി നടത്തിപ്പിലെ പരാജയംകൂടിയായി. കേസില്‍ തോറ്റതിനു പുറമെയാണ് കൊട്ടാക്കാമ്പൂരില്‍ വനഭൂമി തീയിട്ടു നശിപ്പിക്കപ്പെട്ടത്. മറ്റു സംസ്ഥാനങ്ങളില്‍ ക്വാറികള്‍ക്കെതിരെ സര്‍ക്കാരുകള്‍ നിയമ നിര്‍മ്മാണം'നടത്തുമ്പോള്‍ ക്വാറികള്‍ക്ക് ഇഷ്ടാനുസരണം പ്രവര്‍ത്തനാനുമതിയാണ് പിണറായി സര്‍ക്കാരിന്റെ നയം. പരിസ്ഥിതി സംഘടനകളുടെ എതിര്‍പ്പ് അവഗണിച്ചാണ് അതിരപ്പിള്ളി പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ വാദിക്കുന്നത്. പശ്ചിമഘട്ട സംരക്ഷണകാര്യത്തില്‍ ഈ സര്‍ക്കാരിന് നയമേ ഇല്ല.

പ്രവാസികള്‍: പ്രവാസി വികസന നിധി ആരംഭിക്കും. ഈ നിധിയില്‍ നടത്തുന്ന നിക്ഷേപം ഉപയോഗിച്ച് ആരംഭിക്കുന്ന വ്യവസായശാലകളില്‍ പ്രവാസി തിരിച്ചുവരുമ്പോള്‍ യോഗ്യതകളുണ്ടെങ്കില്‍ ജോലിക്ക് അര്‍ഹതയുണ്ടാകും. തിരിച്ചുവരുന്നവര്‍ക്ക്വിപുലമായ പുനരവധിവാസ പദ്ധതി ആവിഷ്‌കരിക്കും.

  കൊല്ലം പുനലൂര്‍ ഇളമ്പലില്‍ സുഗതന്‍ എന്ന പ്രവാസി ആത്മഹത്യ ചെയ്തത് സ്വന്തം ബിസിനസ് നടത്താന്‍ ഭരണകക്ഷിക്ക് കോഴ കൊടുക്കാഞ്ഞതിനെത്തുടര്‍ന്നുണ്ടായ പീഡനം കൊണ്ടാണ്. കേരളത്തിന്റെ മനഃസാക്ഷിയുടെ ഉമ്മറത്താണ് സുഗതന്‍ കെട്ടിത്തൂങ്ങിയത്.

പൊതുവിതരണം: പൊതുവിതരണം ശക്തിപ്പെടുത്തും. അടച്ചുപൂട്ടിയ ന്യായവില കടകള്‍ തുറക്കും. സിവില്‍ സപ്ലൈസ്, കണ്‍സ്യൂമര്‍ ഫെഡ് കടകളില്‍ അടുത്ത അഞ്ചുവര്‍ഷത്തേക്ക് വില വര്‍ദ്ധിപ്പിക്കില്ല.

ശക്തിപ്പെടുത്തുമെന്ന് നല്‍കിയ വാഗ്ദാനം പാഴായി. റേഷന്‍ സമ്പ്രദായം എന്താണെന്നു പോലും അറിയാത്ത വകുപ്പ്മന്ത്രി. സംസ്ഥാനത്തിന്റെ റേഷന്‍ ആവശ്യം എത്രയെന്ന് കേന്ദ്ര സര്‍ക്കാര്‍ ചോദിച്ചിട്ട് മറുപടി നല്‍കാന്‍ വകുപ്പിനും മന്ത്രിക്കും കഴിഞ്ഞില്ല. ആദ്യ വര്‍ഷം സംസ്ഥാനത്ത് റേഷന്‍ വിതരണം സ്തംഭിച്ചു. ഇനിയും സാധാരണ നിലയിലായിട്ടില്ല. കൊട്ടിഘോഷിച്ച വാതില്‍പ്പടി വിതരണവും ഇ പോസ് സംവിധാനവും ഉദ്ഘാടനത്തിലൊതുങ്ങി. സര്‍ക്കാര്‍ പൊതു- ഉപഭോക്തൃ വിതരണ സംവിധാനത്തില്‍ വിലകൂട്ടുകയേ ഇല്ലെന്നായിരുന്നു വാഗ്ദാനം. പക്ഷേ വിതരണ സംവിധാനങ്ങള്‍ തകര്‍ന്നു. പൊതു വിപണിയില്‍ വില കുത്തനെ ഉയര്‍ന്നു.               (തുടരും...)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.