പഴയങ്ങാടി പുഴ മാലിന്യസംഭരണ കേന്ദ്രമായി മാറി

Saturday 21 April 2018 10:33 pm IST

 

പഴയങ്ങാടി: പഴയങ്ങാടി പുഴ മാലിന്യസംഭരണ കേന്ദ്രമായി മാറിയത് ജനങ്ങള്‍ക്ക് കടുത്ത  ഭീഷണിയായി. പഴയങ്ങാടിയിലെയും സമീപ പ്രദേശങ്ങളിലെയും അറവ് മാലന്യങ്ങള്‍ വ്യാപകമായ തോതില്‍ പുഴയിലാണ് നിക്ഷേപിക്കുന്നത്. ഇത്തരം മാലിന്യങ്ങള്‍ ചീഞ്ഞളിയുന്നത് കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. പഴയങ്ങാടിയുടെ പുറത്ത് നിന്നുപോലും ഇത്തരം മാലിന്യങ്ങള്‍ പഴയങ്ങാടി പുഴയില്‍ നിക്ഷേപക്കുന്നുണ്ടെങ്കിലും ബന്ധപ്പെട്ടവര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. വാഹനങ്ങളില്‍ കയറ്റിക്കൊണ്ടുവന്നാണ് മാലിന്യനിക്ഷേപം നടക്കുന്നത്. പഴയങ്ങാടി റെയില്‍വേ പാലത്തിന് മുകളില്‍ നിന്നും വ്യാപകമായ തോതില്‍ ഹോട്ടല്‍ മാലിന്യങ്ങളും അറവ് മാലിന്യങ്ങളും പുഴയില്‍ നിക്ഷേപിക്കുന്നുണ്ട്.

പുഴ, തോട് എന്നിവിടങ്ങളില്‍ മാലിന്യം തള്ളുന്നതിനെതിരെ മാടായി പഞ്ചായത്ത് അധികൃതര്‍ ശക്തമായ നിലപാട് സ്വീകരിച്ചതിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ യോഗം വിളിക്കുകയും മാലിന്യങ്ങള്‍ പഴയങ്ങാടി പുഴയിലും സമീത്തുള്ള സുല്‍ത്താന്‍ കനാലിലും നിക്ഷേപിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുറച്ചു കാലം മാലിന്യം തള്ളുന്നത് കുറഞ്ഞിരുന്നുവെങ്കിലും പിന്നീട് എല്ലാം പഴയപടി ആവുകയായിരുന്നു. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിച്ച് ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.