കേന്ദ്ര വനം പരിസ്ഥിതി സംഘം കീഴാറ്റൂര്‍ സന്ദര്‍ശിക്കും

Saturday 21 April 2018 10:33 pm IST

 

തളിപ്പറമ്പ്: ദേശീയ പാത ബൈപ്പാസിനായി വയല്‍ നികത്തുന്നതിനെതിരെ സമരം നടക്കുന്ന കീഴാറ്റൂര്‍ പ്രദേശം കേന്ദ്ര നവം പരിസ്ഥിതി സംഘം മെയ് 3, 4 തീയ്യതികളില്‍ സന്ദര്‍ശിക്കും. ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഇത് സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സന്ദര്‍ശനം. 

ഏക്കര്‍ കണക്കിന് വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിരെയുള്ള സമരം ഏറം ശ്രദ്ദേയമായിരുന്നു. റിസര്‍ച്ച് ഓഫീസര്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിസ്ഥിതി ആഘാതം സംബന്ധിച്ച് പഠനം നടത്താന്‍ കീഴാറ്റൂരിലെത്തുന്നത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രതിനിധികള്‍ കീഴാറ്റൂരിലെത്തുന്നത് ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. കീഴാറ്റൂര്‍ വയല്‍ നികത്തി ബൈപ്പാസ് പണിയാന്‍ അനുവദിക്കില്ലെന്ന് ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര വനം പരിസ്ഥിതി സംഘത്തിന്റെ സന്ദര്‍ശനത്തിന് ശേഷം പദ്ധതിക്ക് മാറ്റമുണ്ടാകുമെന്നാണ് സൂചന. 

കേന്ദ്ര സര്‍ക്കാറാണ് നിലവിലുള്ള അലൈന്‍മെന്റ് മാറ്റേണ്ടതെന്ന നിലപാടായിരുന്നു സംസ്ഥാന സര്‍ക്കാറിനും സിപിഎമ്മിനും. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ സിപിഎം അംഗങ്ങള്‍ ഉള്‍പ്പെടുന്ന വയല്‍ക്കിളികള്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ചു വരികയായിരുന്നു. സമരത്തെ തകര്‍ക്കാന്‍ സിപിഎം ഏറെ ശ്രമിച്ചെങ്കിലും വിജയം കണ്ടെത്താനായിട്ടില്ല. മുന്‍ നിരയില്‍ നില്‍ക്കുന്ന ഏതാനും പേരെ സിപിഎം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍ സമരം ശക്തമാകുന്നു എന്ന് തിരിച്ചറിഞ്ഞ സിപിഎം ജില്ലാ സെക്രട്ടറി പുറത്താക്കിയവരെ അനുനയിപ്പിക്കാന്‍ അവരുടെ വീടുകള്‍ സന്ദര്‍ശിച്ചെങ്കിലും കാര്യമായ ഫലമൊന്നും  ഉണ്ടായിട്ടില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.