എസ്‌ഐ ഡോക്ടറെ ഭീഷണിപ്പെടുത്തിയ സംഭവം: ഡിവൈഎസ്പി അനേ്വഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Saturday 21 April 2018 10:34 pm IST

 

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ക്യാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസറോട് ടൗണ്‍ പോലീസ് സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്.ഐ അപമര്യാദയായി പെരുമാറിയ സംഭവം ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദേ്യാഗസ്ഥന്‍ അനേ്വഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.

അനേ്വഷണ റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് ആവശ്യപ്പെട്ടു. 16 ന് നടന്ന ഹര്‍ത്താലില്‍ പോലീസ് പിടികൂടിയവരെ ദേഹപരിശോധന നടത്തിയ മെഡിക്കല്‍ രേഖകള്‍ തിരുത്തി നല്‍കാത്തതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ എസ്‌ഐ ശ്രീജിത്ത് കോടേരി കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസറെ ഭീഷണിപ്പെടുത്തിയത്. രാത്രി പത്തരയോടെ ആശുപത്രിയിലെത്തിയാണ് എസ്‌ഐ തന്നെ ഭീഷണിപ്പെടുത്തിയതെന്ന് ഡോക്ടര്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. ദേഹപരിശോധനക്ക് ആളുകളെ കൊണ്ടുവരുന്നത് ദേഹം പരിശോധിക്കാനല്ലെന്നും വെറുതെ ഒപ്പിട്ട് നല്‍കിയാല്‍ മതിയെന്നുമായിരുന്നു എസ്‌ഐയുടെ ആവശ്യം. ഹര്‍ത്താല്‍ അനുകൂലികളുടെ ശരീരത്തിലുള്ള മുറിവുകള്‍ മെഡിക്കല്‍ രേഖയില്‍ ഉള്‍ക്കൊള്ളിച്ചാല്‍ ഡോക്ടറെ ശരിയാക്കിക്കളയുമെന്നും ചവിട്ടികീറുമെന്നും എസ്‌ഐ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിനും ഐജിക്കും എസ്പിക്കും ഡോക്ടര്‍ പരാതി നല്‍കി. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ പരാതി പിന്‍വലിക്കണമെന്ന് ഭീഷണിപ്പെടുത്തി. കള്ളകേസില്‍ കുടുക്കി വകവരുത്തുമെന്നും ഭീഷണിപ്പെടുത്തി. തനിക്ക് നീതിയും സംരക്ഷണയും നല്‍കണമെന്നാണ് ഡോക്ടറുടെ ആവശ്യം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.