ഇത് ഇസ്ലാമിക തീവ്രവാദികളുടെ ടെസ്റ്റ് ഡോസ്; വലുത് പിന്നാലെയെന്ന് ഐബി, റോ റിപ്പോര്‍ട്ട്

Sunday 22 April 2018 4:02 am IST

ന്യൂദല്‍ഹി: തിങ്കളാഴ്ചത്തെ ഹര്‍ത്താലിനോടനുബന്ധിച്ചുണ്ടായ അക്രമങ്ങള്‍ ഭീകരസംഘടനകളുടെ 'ടെസ്റ്റ് ഡോസ്' ആണെന്ന് കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോയും റോയും കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. തുണി കൊണ്ട് മുഖം മറച്ച് കല്ലെറിയുന്ന ജനക്കൂട്ടത്തിന്റെ ആക്രമണ രീതി കേരളത്തിന് പരിചിതമല്ല. കശ്മീര്‍ താഴ്‌വരയിലെ വിഘടനവാദ ഗ്രൂപ്പുകളുടെ ആക്രമണ രീതിയാണിത്. സമാനമായ അക്രമങ്ങളാണ് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നടന്നതെന്നാണ് റിപ്പോര്‍ട്ടില്‍. 

ആഭ്യന്തരമന്ത്രാലയം, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിലേക്ക് അയച്ച റിപ്പോര്‍ട്ടുകള്‍ വിലയിരുത്തി പ്രത്യേക ദൗത്യസംഘം രൂപീകരിക്കാനുള്ള സാധ്യത കേന്ദ്രം ആരായുന്നുണ്ട്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിനൊപ്പം ഐബി, റോ തുടങ്ങിയ രഹസ്യാന്വേഷണ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെക്കൂടി ഉള്‍പ്പെടുത്തി ദൗത്യസംഘം രൂപീകരിക്കാനാണ് ആലോചന. ആക്രമണക്കേസുകള്‍ എന്‍ഐഎ ഏറ്റെടുത്തേക്കാം.

അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണ് കേരളത്തിന്റെ വടക്കന്‍ ജില്ലകളിലുള്ളതെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കോഴിക്കോട് യൂണിറ്റുകള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്. കൃത്യമായി തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് ഹര്‍ത്താലിന്റെ പേരിലുള്ള അക്രമങ്ങള്‍ നടന്നത്. ഹിന്ദുക്കളുടെ സ്ഥാപനങ്ങളും വാഹനങ്ങളും വ്യാപകമായി അക്രമിക്കപ്പെട്ടു. സിപിഎം, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളുടെ സജീവ പ്രവര്‍ത്തകരായി അറിയപ്പെടുന്നവര്‍ പോലും മുസ്ലിം ഗ്രൂപ്പുകളുടെ ഭാഗമായി തെരുവില്‍ അക്രമത്തിനിറങ്ങി. കൂടുതല്‍ വലിയ സംഘര്‍ഷത്തിനുള്ള പദ്ധതി ഭീകരസംഘടനകള്‍ 'മലബാര്‍' കേന്ദ്രീകരിച്ച് തയ്യാറാക്കുന്നുണ്ട്. 

പോലീസിന് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഭീകര സംഘങ്ങള്‍ക്കെതിരെ യാതൊരു നടപടിയും അവര്‍ സ്വീകരിക്കുന്നില്ലെന്നാണ് കേന്ദ്ര ഏജന്‍സികളുടെ കുറ്റപ്പെടുത്തല്‍. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. മലബാറിലെ ഭീകരവിരുദ്ധ നടപടികള്‍ ദ്രുതഗതിയിലാക്കിയില്ലെങ്കില്‍ പിടിച്ചാല്‍ കിട്ടാത്ത സാഹചര്യത്തിലേക്ക് വടക്കന്‍ ജില്ലകള്‍ എത്തിപ്പെടുമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.