നാടുകാണാന്‍ വന്ന് നാടിന്റെ നന്മയായി

Sunday 22 April 2018 4:10 am IST

വിളപ്പില്‍: ചുളുങ്ങിയ മുണ്ടും ഷര്‍ട്ടും, തേഞ്ഞുതീരാറായ ചെരിപ്പ്, തോളില്‍ തുണിസഞ്ചി. തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ പഴയ അത്യാഹിതവിഭാഗത്തിനു സമീപം പതിവ് കാഴ്ചയാണ് നന്മ സ്ഫുരിക്കുന്ന കണ്ണുകളുമായി നില്‍ക്കുന്ന ടോംബ്രദര്‍ (79).   അടുത്തുകൂടുന്ന രോഗികള്‍ക്ക് മരുന്നും ഭക്ഷണവും വാങ്ങിനല്‍കുന്ന ടോംബ്രദര്‍ ആരുടെയും ഹൃദയം കുളിര്‍പ്പിക്കും.

ആസ്ട്രേലിയയില്‍ നിന്ന് ഭാരതം കാണാനെത്തി. ഇവിടുത്തെ രീതികള്‍ ആകര്‍ഷണീയമായപ്പോള്‍ ഇവിടെത്തന്നെ കൂടി. അഗതികള്‍ക്ക് മുന്നില്‍ സഹായഹസ്തം നീട്ടുന്ന നന്മ മരമായി. ടോം മെല്‍ബണിലാണ് ജനിച്ചത്. പഠനശേഷം അവിടെ ടീച്ചേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ അധ്യാപകനായി. വൈഎംസിഎയുടെ മേധാവിയായിരുന്ന ടോമിന്റെ അച്ഛന്‍ വില്യം സതര്‍ലന്റ് ഏറെക്കാലം ഭാരതത്തിലായിരുന്നു. ഭാരതത്തില്‍ വച്ചായിരുന്നു വില്യത്തിന്റെ വിവാഹവും. കുട്ടിക്കാലത്ത് തന്റെ അച്ഛനുമമ്മയും ഭാരതത്തെ കുറിച്ച് നല്‍കിയ അറിവുകള്‍ കാണാന്‍ കൊതിച്ച ടോം 1975ല്‍ കൊല്‍ക്കത്തയിലെത്തി. പിന്നെ മിക്ക സംസ്ഥാനങ്ങളിലും ചുറ്റിത്തിരിഞ്ഞു. ഒടുവില്‍ 1995ല്‍ കേരളത്തിലെത്തി.

തിരുവനന്തപുരം അരുവിക്കരയിലെ കുളപ്പടയില്‍ 1997 ലാണ് ടോം എത്തുന്നത്. സ്ഥലം വാങ്ങി അവിടെ കര്‍മകേന്ദ്രം തുടങ്ങി. ജോലിയില്ലാത്ത സ്ത്രീകളെ സംഘടിപ്പിച്ച് തൊഴിലധിഷ്ഠിതപദ്ധതികള്‍ തുടങ്ങി. ഗ്രീറ്റിംഗ് കാര്‍ഡുകളും വസ്ത്രങ്ങളും നിര്‍മിക്കുന്ന കേന്ദ്രമാണ് ആരംഭിച്ചത്. ചിത്രവേലകള്‍ ചെയ്ത് നെയ്തെടുത്ത വസ്ത്രങ്ങളും സന്ദേശകാര്‍ഡുകളും ഉണ്ടാക്കി. ഉണ്ടാക്കുന്നവയൊക്കെ നല്ല വിലയ്ക്ക് വിറ്റഴിക്കും. ലാഭം സ്ത്രീകള്‍ക്കൊപ്പം ടോമും പങ്കിട്ടെടുക്കും. എന്നിട്ട് തന്റെ പങ്കുമായി മെഡിക്കല്‍കോളേജിലെ സ്ഥിരം നില്‍പ്പുകേന്ദ്രത്തില്‍ എത്തും. തുടര്‍ന്ന് നിര്‍ധനരോഗികള്‍ക്ക് കുറിപ്പുനോക്കി മരുന്ന് വാങ്ങിനല്‍കും. ഒരിക്കലും പണം നല്‍കാറില്ല. സ്‌കാനിംഗ്, ലാബ് ടെസ്റ്റ് എന്നിവ വേണ്ടവര്‍ക്ക് അതതു സെന്ററുകളില്‍ ഏര്‍പ്പാടുചെയ്യും. പണം നല്‍കുന്നത് ടോം തന്നെ. മരുന്ന് കടകളും സ്‌കാനിംഗ് സെന്ററുകളും ടോം എത്തിയാല്‍ നല്‍കുന്നത് നല്ല കിഴിവ്.  കുളപ്പടയിലും ഒരുപാട് രോഗികള്‍ എത്താറുണ്ടെന്ന് ടോം. ഡോക്ടറുടെ ചീട്ടുമായി എത്തുന്ന രോഗികള്‍ക്ക് മരുന്ന് നല്‍കാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മെഡിക്കല്‍ സ്റ്റോറുകളിലേക്ക് ടോം കുറിപ്പ് നല്‍കിവിടും. അത് കണ്ടാല്‍ മെഡിക്കല്‍സ്റ്റോര്‍ ഉടമ മരുന്ന് നല്‍കും. മാസത്തിലൊരിക്കല്‍ കൃത്യമായി മെഡിക്കല്‍സ്റ്റോറിലെത്തി കടം തീര്‍ക്കും. അതാണ് രീതി. 

അനാഥരായ രോഗികളെ കണ്ടെത്താന്‍ ആശുപത്രിസന്ദര്‍ശനവും ഒഴിവാക്കാറില്ല. മുമ്പ് ഒരു സൈക്കിള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ സൈക്കിള്‍യാത്ര ഒഴിവാക്കി ബസ്സിലാണ് പര്യടനം. അച്ഛനുമമ്മയും മരിച്ചതോടെ നാട്ടില്‍ പോകാറില്ല. അവിടെ രണ്ടു സഹോദരങ്ങളാണുള്ളത്. ഒരാള്‍ ഡോക്ടറും മറ്റൊരാള്‍ എന്‍ജിനീയറും. ഇവര്‍ നാട്ടില്‍ വരാന്‍ കത്തെഴുതും. എന്നാല്‍ തിരിച്ച് താന്‍ തന്നെ നിര്‍മിച്ച ഗ്രീറ്റിംഗ് കാര്‍ഡും  തുണിയിലുണ്ടാക്കിയ സൗഹൃദച്ചരടും അയച്ച് ഓര്‍മ പുതുക്കും അത്രമാത്രം. ഈ പുണ്യഭൂമിയില്‍ തന്നെയാകണം അന്ത്യവുമെന്ന് ടോമിന് നിര്‍ബന്ധം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.