യെച്ചൂരിയുടെ നിലപാട് അംഗീകരിച്ചിട്ടില്ലെന്ന് വൃന്ദ; തിരിച്ചടിച്ച് ബംഗാള്‍ ഘടകം

Sunday 22 April 2018 4:15 am IST

ന്യൂദല്‍ഹി: സിപിഎമ്മില്‍ കോണ്‍ഗ്രസ് ബന്ധത്തെച്ചൊല്ലിയുള്ള യെച്ചൂരി-കാരാട്ട് പോര് തുടരുന്നു. ഹൈദരാബാദില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ കരട് രാഷ്ട്രീയ പ്രമേയത്തില്‍ ഭേദഗതി വരുത്തി ഇരുപക്ഷവും ഒത്തുതീര്‍പ്പിലെത്തിയെങ്കിലും നേതാക്കള്‍ പരസ്യമായി വാക്‌പോരിലാണ്. യെച്ചൂരിയുടെ നിലപാടിന് അനുകൂലമായി മാറ്റം വരുത്തിയത് കാരാട്ട് പക്ഷത്തിന്റെ തോല്‍വിയാണെന്ന് വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഇത് തള്ളി ഇന്നലെ പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് രംഗത്തെത്തി. 

 യെച്ചൂരിയുടെ ന്യൂനപക്ഷ രേഖ അംഗീകരിച്ചെന്ന് പറയാന്‍ സാധിക്കില്ലെന്ന് അവര്‍ പറഞ്ഞു. ബദല്‍ നിര്‍ദ്ദേശങ്ങള്‍ തള്ളുകയോ കൊള്ളുകയോ ചെയ്തിട്ടില്ല. രണ്ട് ഭിന്നാഭിപ്രായങ്ങള്‍ ഉള്‍ക്കൊണ്ട് കരട് പ്രമേയം പരിഷ്‌കരിക്കുകയാണുണ്ടായത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബംഗാളില്‍ മുന്‍പുണ്ടാക്കിയത് പോലുള്ള കോണ്‍ഗ്രസ് സഖ്യം തുടരാന്‍ സാധിക്കില്ല. വൃന്ദ പറഞ്ഞു. 

വൃന്ദയുടെ പ്രതികരണത്തെ വിമര്‍ശിച്ച് ബംഗാള്‍ ഘടകവും നിലപാട് വ്യക്തമാക്കി. കോണ്‍ഗ്രസ്സുമായി നീക്കുപോക്ക് പാടില്ലെന്ന് തീരുമാനിച്ചിട്ടില്ലെന്ന് പിബി അംഗം മുഹമ്മദ് സലീം തിരിച്ചടിച്ചു. രാഷ്ട്രീയ ലൈനിനെപ്പറ്റി മാത്രമാണ് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചത്. തെരഞ്ഞെടുപ്പിലെ നിലപാട് അപ്പോള്‍ സ്വീകരിക്കും. സലിം വ്യക്തമാക്കി. കരട് രാഷ്ട്രീയ പ്രമേയത്തില്‍ മാറ്റം വരുത്തിയത് ഏതെങ്കിലും വിഭാഗത്തിന്റെ ജയമോ പരാജയമോ അല്ലെന്ന് യെച്ചൂരി പറഞ്ഞു.

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.