ജന്മഭൂമി ടെലിവിഷൻ അവാർഡുകൾ ഇന്ന് സമ്മാനിക്കും; അക്ഷരനഗരിക്ക് നക്ഷത്രത്തിളക്കം

Sunday 22 April 2018 4:20 am IST

ജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡ്‌നിശയില്‍ നൃത്തം അവതരിപ്പിക്കുന്ന ശാന്തികൃഷ്ണയും സംഘവും ഇന്നലെ പരിശീലനത്തിനിടെ

കോട്ടയം: നക്ഷത്രശോഭയോടെ പ്രഥമ ജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡ് നിശ ദൃശ്യം 2018 ഇന്ന് കോട്ടയം ബസേലിയോസ് കോളേജ് ഗ്രൗണ്ടില്‍ അരങ്ങേറും. കഴിഞ്ഞവര്‍ഷം ഇതേ വേദിയില്‍ പ്രഥമ ജന്മഭൂമി ചലച്ചിത്ര പുരസ്‌കാരങ്ങളും ലെജന്‍ഡ്‌സ് ഓഫ് കേരള പുരസ്‌കാരങ്ങളും സമ്മാനിച്ചെങ്കില്‍ ഈ വര്‍ഷം മിനിസ്‌ക്രീന്‍ താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയുമാണ് ആദരിക്കുന്നത്. വൈകിട്ട് 5.30ന് കോട്ടയത്തെ ഇളക്കിമറിക്കുന്ന കലാവിരുന്നിന് തിരിതെളിയും. അത്യാധുനിക സൗകര്യങ്ങളോടെയുള്ള വേദിയാണ് സജ്ജമായിരിക്കുന്നത്. നൃത്തവും സംഗീതവും ഹാസ്യവും കോര്‍ത്തിണക്കി ജി.എസ്. വിജയന്‍ അണിയിച്ചൊരുക്കുന്ന കലാസന്ധ്യയിലാണ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നത്.  ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ ചലച്ചിത്ര പ്രവര്‍ത്തകരെയും ആദരിക്കും.

സമഗ്ര സംഭാവനയ്ക്ക് ജി.കെ. പിള്ളയെ ആദരിക്കും. ജന്മഭൂമിയുടെ ചരിത്രം വിശദമാക്കുന്ന ഹ്രസ്വ ചിത്രവും കഴിഞ്ഞവര്‍ഷം നടന്ന ജന്മഭൂമി ഫിലിം അവാര്‍ഡിന്റെ പ്രസക്തഭാഗങ്ങളും പ്രദര്‍ശിപ്പിക്കും. എസ്. രമേശന്‍ നായര്‍ രചിച്ച് രമേശ് നാരായണന്‍ ഈണം പകര്‍ന്ന അവതരണ ഗാനത്തോടെയാണ് പുരസ്‌കാര സന്ധ്യക്കു തുടക്കമാവുന്നത്. മലയാളത്തിന്റെ ഇഷ്ടനായിക ശാന്തികൃഷ്ണയുടെ നൃത്തച്ചുവടുകളാണ് മറ്റൊരു സവിശേഷത. 

സാജന്‍സൂര്യ (മികച്ച നടന്‍), ഗായത്രി അരുണ്‍ (മികച്ച നടി), രാഘവന്‍ (സ്വഭാവ നടന്‍),  കെ.ആര്‍. വിജയ (സ്വഭാവ നടി), വിവേക് ഗോപന്‍ (ജനപ്രിയ നടന്‍), ഷാലു കുര്യന്‍ (ജനപ്രിയ നടി), നസീര്‍ സംക്രാന്തി (ഹാസ്യനടന്‍), നിഷ സാരംഗി (ഹാസ്യ നടി), ഗൗരീ കൃഷ്ണന്‍ (ബാലതാരം), ജെ. പള്ളാശ്ശേരി (തിരക്കഥ), ബിനു വെള്ളത്തൂവല്‍ (സംവിധായകന്‍), ജയകുമാര്‍ (മികച്ച സീരിയല്‍), രമാദേവി (രണ്ടാമത്തെ സീരിയല്‍), ആര്‍. ഉണ്ണികൃഷ്ണന്‍ (ഹാസ്യപരിപാടി), സുനീഷ് (ഛായാഗ്രഹണം), രാജേഷ് (എഡിറ്റര്‍), അനീഷ് (കലാസംവിധാനം), ഷോബി തിലകന്‍ (ഡബ്ബിങ്), സൈറ (ഡബ്ബിങ്) എന്നിവരെയാണ് അവാര്‍ഡുകള്‍ നല്‍കി ആദരിക്കുന്നത്.   

വാര്‍ത്താധിഷ്ഠിത പരിപാടിക്ക് അനില്‍ ബാനര്‍ജി, ശ്രീകണ്ഠന്‍ നായര്‍, ആര്‍. ബാലകൃഷ്ണന്‍, ടി ജി മോഹന്‍ദാസ് എന്നിവര്‍ക്ക് പ്രത്യേക പുരസ്‌കാരം നല്‍കും. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളായ ജയരാജ്,  സജീവ് പാഴൂര്‍,  നിഖില്‍ എസ് പ്രവീണ്‍, ദിലീഷ് പോത്തന്‍, സന്ദീപ് സേനന്‍, അനീഷ് ജേക്കബ് എന്നിവരെയും ആദരിക്കുന്നുണ്ട്.   

താരനിശയുടെ ഉദ്ഘാടനം രാജ്യസഭ ഉപാധ്യക്ഷന്‍ പ്രൊഫ.പി.ജെ. കുര്യന്‍ നിര്‍വഹിക്കും. നടന്‍ ബിജു മേനോന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശഖരന്‍, ജോസ് കെ.മാണി എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, നഗരസഭാധ്യക്ഷ ഡോ. പി.ആര്‍. സോന എന്നിവരുനെട സാന്നിധ്യം ചടങ്ങിനെ ധന്യമാക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.