മാനഭംഗത്തിന് വധശിക്ഷ

Sunday 22 April 2018 4:30 am IST

ന്യൂദല്‍ഹി: കുട്ടികളെ മാനഭംഗപ്പെടുത്തുന്ന  നരാധമന്മാരെ  തൂക്കിലേറ്റാന്‍ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് കേന്ദ്ര സര്‍ക്കാര്‍ പാസാക്കി. ഇനി രാഷ്ട്രപതി കൂടി ഒപ്പുവെച്ചാല്‍ ഇത് പ്രാബല്യത്തിലാകും. കേന്ദ്രം കൊണ്ടുവന്ന കടുത്ത നിയമം ബാലപീഡനങ്ങള്‍ക്ക് അറുത്തിവരുത്തുമെന്നാണ് പ്രതീക്ഷ. 

പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുളള ക്രിമിനല്‍ നിയമ ഭേദഗതി ഓര്‍ഡിനന്‍സ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ നടന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് അംഗീകരിച്ചത്. പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചാല്‍ ഇരുപതുവര്‍ഷമായിരുന്നു ഇതുവരെയുള്ള പരമാവധി ശിക്ഷ. 

പതിനാറ് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക്  ജീവിതാവസാനം വരെ തടവാണ് പുതിയ നിയമത്തില്‍. നേരത്തെ ഇത് പത്തുമുതല്‍ 20 വര്‍ഷം വരെ തടവായിരുന്നു. സ്ത്രീകളെ മാനഭംഗപ്പെടുത്തിയാല്‍ ഇതുവരെ ഏഴുമുതല്‍ പത്തുവര്‍ഷം വരെയായിരുന്നു ശിക്ഷ. ഇത് ജീവപര്യന്തമാക്കി ഉയര്‍ത്തി. 16 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്നവര്‍ക്ക് മുന്‍കൂര്‍ ജാമ്യവും അനുവദിക്കില്ല. ഇതിനുള്ള വ്യവസ്ഥ പോലും ഓര്‍ഡിനന്‍സില്‍ ഇല്ല. മാനഭംഗക്കേസുകള്‍ വിചാരണ ചെയ്യാന്‍ പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിക്കാനും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്.

ഇന്ത്യന്‍ പീനല്‍ കോഡ്, തെളിവ് നിയമം, സിആര്‍പിസി, പോക്‌സോ നിയമങ്ങളിലാണ് ശിക്ഷാ കഠിനമാക്കി ഭേദഗതികള്‍ വരുത്തുന്നത്. ഇൗ ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലുകള്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിച്ച് പാസാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.