യൂൾ റിമേ കപ്പ് സ്വന്തമാക്കി ബ്രസീൽ

Sunday 22 April 2018 4:01 am IST

ഒമ്പതാമത് കാല്‍പ്പന്തുകളിയുടെ ലോകമാമാങ്കത്തിന് മെക്‌സിക്കോയാണ് ആതിഥേയത്വം വഹിച്ചത്. വടക്കേ അമേരിക്കന്‍ രാജ്യം ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയരാകുന്നത് അതാദ്യം. അഞ്ച് നഗരങ്ങളിലെ അഞ്ച് വേദികളിലായിരുന്നു പോരാട്ടങ്ങള്‍. 1970 മെയ് 31 മുതല്‍ ജൂണ്‍ 21വരെ 32 ഏറ്റുമുട്ടലുകള്‍. രണ്ട് ഹാട്രിക്കുള്‍പ്പെടെ 95 ഗോളുകള്‍. ഹാട്രിക്കുകള്‍ രണ്ടും പശ്ചിമ ജര്‍മ്മനയുടെ ജെര്‍ഡ് മുള്ളറുടെ വകയായിരുന്നു. 

ഇസ്രയേലും മൊറാക്കോയും എല്‍സാല്‍വഡോറും ആദ്യമായി ലോകകപ്പ് കളിക്കാനിറങ്ങിയത്. ഗ്രൂപ്പ് ഒന്നില്‍ സോവ്യറ്റ് യൂണിയന്‍, മെക്‌സിക്കോ, ബെല്‍ജിയം, എല്‍ സാല്‍വഡോര്‍, ഗ്രൂപ്പ് രണ്ടില്‍ ഇറ്റലി, ഉറുഗ്വെ, സ്വീഡന്‍, ഇസ്രയേല്‍, ഗ്രൂപ്പ് മൂന്നില്‍ ബ്രസീല്‍, ഇംഗ്ലണ്ട്, റുമാനിയ, ചെക്കോസ്ലോവാക്യ, ഗ്രൂപ്പ് നാലില്‍ പശ്ചിമ ജര്‍മ്മനി, പെറു, ബള്‍ഗേറിയ, മൊറാക്കോ എന്നിവരാണ് ഉള്‍പ്പെട്ടത്. ഗ്രൂപ്പ് ഒന്നില്‍ നിന്ന് സോവ്യറ്റ് യൂണിയന്‍, മെക്‌സിക്കോ, ഗ്രൂപ്പ് രണ്ടില്‍ നിന്ന് ഇറ്റലി, ഉറുഗ്വെ, ഗ്രൂപ്പ് മൂന്നില്‍ നിന്ന് ബ്രസീല്‍, ഇംഗ്ലണ്ട്, ഗ്രൂപ്പ് നാലില്‍ നിന്ന് പശ്ചിമ ജര്‍മ്മനി, പെറു എന്നീ ടീമുകളാണ് ക്വാര്‍ട്ടറിലെത്തിയത്.

ക്വാര്‍ട്ടറില്‍ ബ്രസീല്‍ 4-2ന് പെറുവിനെയും ഇറ്റലി 4-1ന് മെക്‌സിക്കോയെയും പശ്ചിമ ജര്‍മ്മനി 3-2ന് ഇംഗ്ലണ്ടിനെയും ഉറുഗ്വെ 1-0ന് സോവ്യറ്റ് യൂണിയനെയും പരാജയപ്പെടുത്തി സെമിഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ ഉറുഗ്വെക്ക് ബ്രസീലും പശ്ചിമ ജര്‍മ്മനിക്ക് ഇറ്റലിയുമായിരുന്നു എതിരാളികള്‍.  ബ്രസീല്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഉറുഗ്വെയെയും ഇറ്റലി മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് പശ്ചിമ ജര്‍മ്മനിയെയും കീഴടക്കി ഫൈനലിലെത്തി. ജൂണ്‍ 21ലെ ഫൈനലില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഇറ്റലിയെ തകര്‍ത്ത് കാനറികള്‍ മൂന്നാം ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടു. ഫൈനലില്‍ പതിനെട്ടാം  മിനിറ്റില്‍ പെലേയിലൂടെയാണ് ബ്രസീല്‍ ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. എന്നാല്‍ 37ാം മിനിറ്റില്‍ റോബര്‍ട്ടോ ബൊനിന്‍സെഗ്‌നയിലൂടെ ഇറ്റലി സമനില പിടിച്ചു. 66ാം മിനിറ്റില്‍ ജര്‍സണ്‍ ഡി ഒലിവേരയും 71ാം മിനിറ്റില്‍ ജര്‍സീഞ്ഞോയും 86ാം മിനിറ്റില്‍ കാര്‍ലോസ് ആല്‍ബര്‍ട്ടോ ടോറസും ബ്രസീലിന് വേണ്ടി ലക്ഷ്യം കണ്ടതോടെ വിജയികള്‍ക്ക് സമ്മാനിച്ചിരുന്ന യൂള്‍ റിമേ കപ്പ് കാനറികള്‍ക്ക് എന്നന്നേക്കുമായി സ്വന്തമായി. 

ഗരിഞ്ച, ജെര്‍സിഞ്ഞോ, ഡെനില്‍സണ്‍, സാന്റോസ്, ഗില്‍മര്‍ തുടങ്ങിയ ലോകോത്തര താരങ്ങള്‍ കളിക്കളത്തോട് വിടപറഞ്ഞിട്ടും പെലെയുടെ മാന്ത്രികക്കാലുകള്‍ മൈതാനത്ത് വിസ്മയം തീര്‍ത്തതോടെ ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി ഒരു ടീം മൂന്നുതവണ ലോകകപ്പ് സ്വന്തമാക്കി. ഗ്രൂപ്പ് ഘട്ടത്തില്‍ ചെക്കോസ്ലോവാക്യക്കെതിരെ ഗോള്‍ നേടിയതോടെ മറ്റൊരു അപൂര്‍വ ബഹുമതിക്കും പെലെ അര്‍ഹനായി. തുടര്‍ച്ചയായ നാല് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യതാരമെന്ന ബഹുമതിയാണ് ഫുട്‌ബോള്‍ ലോകത്തെ ആ ചക്രവര്‍ത്തി സ്വന്തമാക്കിയത്. 1966ലെ ലോകകപ്പില്‍കടുത്ത ടാക്ലിംഗിന് വിധേയനായതോടെ ഇനി ഒരു ലോകകപ്പില്‍ കളിക്കില്ലെന്ന് പ്രഖ്യാപിച്ചതാണ്. 1969ല്‍  തീരുമാനം മാറ്റി, യോഗ്യതാ റൗണ്ടില്‍ ആറ് മത്സരങ്ങളില്‍ കളിക്കുകയും ആറുഗോളുകള്‍ നേടുകയും ചെയ്തശേഷമാണ് മെക്‌സിക്കോയിലെത്തിയത്.

രണ്ട് ഹാട്രിക്ക് ഉള്‍പ്പെടെ 10 ഗോള്‍ നേടിയ പശ്ചിമ ജര്‍മ്മനിയുടെ ജെര്‍ഡ് മുള്ളറാണ് ടോപ്‌സ്‌കോറര്‍ക്കുള്ള സ്വര്‍ണ്ണ പാദുകം സ്വന്തമാക്കിയത്. ബ്രസീലിന്റെ ജെര്‍സീഞ്ഞോ ഏഴു ഗോളുകളുമായി വെള്ളി പാദുകവും പെറുവിന്റെ തിയോഫിലോ ക്യുബിലാസ് വെങ്കല പാദുകവും സ്വന്തമാക്കി. അവസാന ലോകകപ്പിനിറങ്ങിയ പെലെയാണ് ഏറ്റവും മികച്ച കളിക്കാരനുള്ള സ്വര്‍ണ്ണപ്പന്ത് കരസ്ഥമാക്കിയത്. പെലെയുടെ സഹതാരം ജര്‍സണ്‍ ഡി ഒലിവേര വെള്ളിപ്പന്തും പശ്ചിമ ജര്‍മ്മനിയുടെ ജെര്‍ഡ് മുള്ളര്‍ മൂന്നാമത്തെ താരത്തിനുള്ള വെങ്കല പന്തും സ്വന്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.