ന്യൂദല്‍ഹി: ഇക്കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസ് ടേബിള്‍ ടെന്നീസ് വനിതാ സിംഗിള്‍സിലും ടീം ഇനത്തിലും സ്വര്‍ണ്ണം നേടിയ മണിക ബത്രയെ അര്‍ജുന അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്തു. ടേബിള്‍ ടെന്നീസ് ഫെഡറേഷന് ഓഫ് ഇന്ത്യയാണ് മണിക ബത്രയെ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
‘ഞങ്ങള്‍ ബത്രയെ അര്‍ജുന അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്തു കഴിഞ്ഞു. ഗോള്‍ഡ്കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ട് സ്വര്‍ണ്ണമുള്‍പ്പെടെ നാല് മെഡലുകള്‍ നേടിയ മണിക ബത്രയുടെ നാമനിര്‍ദ്ദേശം സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ’, ടേബിള്‍ ടെന്നീസ് ഫെഡറേഷന് ഭാരവാഹി പറഞ്ഞു.
വനിതാ സിംഗിള്‍സില്‍ സ്വര്‍ണ്ണം നേടിയ മണിക ബത്ര ചരിത്ര സ്വര്‍ണ്ണമാണ് സ്വന്തമാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ബഹുമതിയാണ് മണിക ബത്ര സ്വന്തം പേരിലാക്കിയത്. ഗെയിംസില്‍ 22 കാരിയായ ബത്ര മൂന്ന് ഒളിമ്പിക്സ് മെഡല്‍ നേടിയിട്ടുള്ള സിംഗപ്പൂരിന്റെ ഫെങ് ടിയാന്വെയ്യെ രണ്ട് തവണ തോല്‍പ്പിക്കുകയും ചെയ്തിരുന്നു. വനിതാ ഡബിള്‍സില്‍ മൗമ ദാസിനൊപ്പം വെള്ളിയും മിക്സഡ് ഡബിള്‍സില്‍ സത്യന് ജ്ഞാനശേഖരനൊപ്പം വെങ്കലവും മണിക ബത്ര നേടിയിട്ടുണ്ട്. പുരുഷ വിഭാഗം ടീം ഇനത്തില്‍ സ്വര്‍ണ്ണം നേടിയ ഹര്‍മീത് ദേശായിയെയും അര്‍ജുനക്കായി ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് ഫെഡറേഷന് നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: