വഴിയോര വായനയ്ക്ക് ഇടമൊരുക്കി ഈ മുത്തശ്ശിപ്പാലം

Monday 23 April 2018 2:32 am IST
കുണ്ടമണ്‍കടവില്‍ സാമൂഹ്യവിരുദ്ധര്‍ രാത്രിയുടെ മറവില്‍ മാലിന്യമിടുന്നതും കരമനയാറും പാലത്തിന്റെ പരിസരവും വൃത്തിഹീനമാക്കുന്നതും പതിവായിരുന്നു. പൈതൃകപാലത്തിന്റെ ദുരവസ്ഥ നാടിന്റെ വിങ്ങലായി. അവര്‍ യോഗം വിളിച്ച് പരിഹാരമാലോചിച്ചു. വിവിധ നിര്‍ദ്ദേശങ്ങള്‍ യോഗത്തിലുയര്‍ന്നു.

വിളപ്പില്‍(തിരുവനന്തപുരം): വായനയുടെ മധുരം വഴിയോരത്തിരുന്നും നുകരാം. അതും കൊന്നമരങ്ങള്‍ തണല്‍ വിരിച്ചിട്ട, ചെമ്പകപ്പൂവിന്റെ സുഗന്ധമുള്ള പൂന്തോട്ടത്തിലെ ചാരുബഞ്ചിലിരുന്ന്. കരമനയാറ്റിനു കുറുകെ ബ്രിട്ടീഷുകാരുടെ സാങ്കേതികവിദ്യയില്‍ നിര്‍മിച്ച കുണ്ടമണ്‍കടവിലെ നൂറ്റിപ്പതിനെട്ട് വര്‍ഷം പിന്നിട്ട മുത്തശ്ശിപ്പാലം ഇന്ന് ചരിത്രസ്മാരകമാണ്. അവിടെയാണ് വഴിയോര വായനകേന്ദ്രം തുറന്നിരിക്കുന്നത്. 

കുണ്ടമണ്‍കടവില്‍ സാമൂഹ്യവിരുദ്ധര്‍ രാത്രിയുടെ മറവില്‍ മാലിന്യമിടുന്നതും കരമനയാറും പാലത്തിന്റെ പരിസരവും വൃത്തിഹീനമാക്കുന്നതും പതിവായിരുന്നു. പൈതൃകപാലത്തിന്റെ ദുരവസ്ഥ നാടിന്റെ വിങ്ങലായി. അവര്‍ യോഗം വിളിച്ച് പരിഹാരമാലോചിച്ചു. വിവിധ നിര്‍ദ്ദേശങ്ങള്‍ യോഗത്തിലുയര്‍ന്നു. യോഗശേഷം വേഗത്തില്‍ സ്ഥലത്തെ ജനപ്രതിനിധികളും നാട്ടുകാരും പ്രവര്‍ത്തിച്ചു. ആദ്യം വിളവൂര്‍ക്കല്‍ പഞ്ചായത്തിന്റെ ഭാഗമായ പാലത്തിന്റെ ഒരു വശത്ത് മാലിന്യം നീക്കംചെയ്ത് ചെടികള്‍ വച്ചുപിടിപ്പിച്ചു. തുടര്‍ന്ന് വിളപ്പില്‍ പഞ്ചായത്തിന്റെ ഭാഗമായ മറുവശത്ത് പ്രദേശത്തെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ 'എന്റെ പുസ്തകം' ഗ്രന്ഥശാല സ്ഥാപിച്ചു. പുതിയതും പഴയതുമായ പാലങ്ങള്‍ ചേരുന്നിടത്തെ സ്ഥലം പ്രയോജനപ്പെടുത്തി മിനി പാര്‍ക്കും മഹാത്മജിയുടെ ശില്‍പ്പവും സ്ഥാപിച്ച് ഇരിപ്പിടങ്ങള്‍ തയ്യാറാക്കി വഴിയോര വായനയ്ക്കിടം കണ്ടെത്തുകയായിരുന്നു. 

വിവിധസ്ഥാപനങ്ങള്‍, വ്യക്തികള്‍, റസിഡന്‍സ് അസോസിയേഷന്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പുസ്തകങ്ങള്‍ ശേഖരിച്ചതും വഴിയോര വായനശാല തുറന്നതും. കാട്ടാക്കട നിയോജകമണ്ഡലത്തിന്റെ പ്രവേശനകവാടമായ കുണ്ടമണ്‍കടവ് പാലം കയറിയെത്തുന്നവരെ ഒരു വര്‍ഷക്കാലമായി വരവേല്‍ക്കുന്നത് ഈ പുസ്തകശാലയാണ്. പാലം സംരക്ഷിത സ്മാരകമാക്കാനുള്ള നടപടിയും പുരോഗമിക്കുകയാണ്. ഇതോടെ നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന പാലം വഴിയോര വായനയുടെ ഇടനാഴിയാകും. 

വഴിയോര വായനാകേന്ദ്രത്തില്‍  പുസ്തകം തിരഞ്ഞെടുക്കുന്നതും വായിച്ചശേഷം തിരിച്ച് വയ്ക്കുന്നതുമെല്ലാം വായനക്കാരന്റെ ഇഷ്ടത്തിനാണ്. രാത്രി ഷെല്‍ഫ് പൂട്ടും, രാവിലെ തുറക്കും ഇതാണ് പതിവ്. ഒരു പുസ്തകവും ഇതുവരെ നഷ്ടപ്പെട്ടിട്ടില്ല. മൂവായിരത്തില്‍പ്പരം പുസ്തകങ്ങളാണ് ഇപ്പോഴുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.