ആര്‍എസ്എസ് ബന്ധമുള്ളവര്‍ വര്‍ഗീയവാദികളല്ല: എന്‍ഐഎ കോടതി

Monday 23 April 2018 2:34 am IST

ഹൈദരാബാദ്: ആര്‍എസ്എസ്സുമായി ബന്ധമുള്ളവര്‍ വര്‍ഗീയവാദികളും സാമൂഹ്യവിരുദ്ധരുമല്ല, മെക്ക മസ്ജിദ് ബോംബു സ്‌ഫോടനക്കേസില്‍ അസീമാനന്ദ അടക്കം അഞ്ചുപേരെ കുറ്റവിമുക്തരാക്കിയ പ്രത്യക എന്‍ഐഎ കോടതിയുടെ വിധിയിലെ പരാമര്‍ശമാണിത്. എന്‍ഐഎ കേസുകള്‍ കൈകാര്യം ചെയ്യുന്ന നാലാം അഡീഷണല്‍ മെട്രോ പൊളിറ്റന്‍ സെഷന്‍സ് ജഡ്ജി രവീന്ദ്ര റെഡ്ഡിയാണ് സുപ്രധാന വിധി പ്രഖ്യാപിച്ചത്. 

കേസില്‍ പത്തുപേരെയാണ് പ്രതി ചേര്‍ത്തിരുന്നത്. ഇതില്‍ അഞ്ചു പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ എന്‍ഐഎ ചുമത്തിയ കുറ്റങ്ങളാണ് കോടതി തള്ളിയത്. ഇവരില്‍ ദേവേന്ദ്ര ഗുപ്തക്കെതിരായ തെളിവുകളില്‍ വാദം കേള്‍ക്കുമ്പാഴാണ് ആര്‍എസ്എസ് ബന്ധം ചര്‍ച്ചയായത്.  സംഭവം നടക്കുമ്പോള്‍ ബീഹാറിലെ കേശവ് കുഞ്ചിലെ ആര്‍എസ്എസ് വിഭാഗ് പ്രചാരക് ആയിരുന്നു ദേവേന്ദ്ര ഗുപ്ത. 

ഗൂഢാലോചന നടത്തി, കൃത്യം നടത്താനുള്ള ആശയവിനിമയത്തിന് മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും സംഘടിപ്പിച്ചു എന്നീ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഇതെക്കുറിച്ചുള്ള അന്തിമ വാദത്തിനിടെ  ദേവേന്ദ്ര ഗുപ്തക്കെതിരായ തെളിവുകള്‍ കോടതി പരിശോധിച്ചു.  ഗുപ്ത ആര്‍എസ്എസ് പ്രചാരക് ആണ് എന്നാണ് എന്‍ഐഎ രേഖപ്പെടുത്തിയിരുന്നത്. 

എന്നാല്‍ ആര്‍എസ്എസ് ബന്ധമുള്ള ഒരാള്‍ വര്‍ഗീയ വാദിയോ സാമൂഹ്യവിരുദ്ധനോ അല്ല എന്നാണ് ദേവേന്ദ്ര ഗുപ്തയെ കുറ്റവിമുക്തനാക്കിക്കൊണ്ട് ജസ്റ്റിസ് രവീന്ദ്ര റെഡ്ഡി തന്റെ നൂറ്റിനാല്‍പത് പേജുള്ള ഉത്തരവില്‍ പറയുന്നത്.

അസീമാനന്ദക്കെതിരെ എന്‍ഐഎ ഹാജരാക്കിയ നിരവധി തെളിവുകള്‍ കോടതി തള്ളിക്കളഞ്ഞു. ചഞ്ചല്‍ഗുഡ ജയിലില്‍ തടവില്‍ കഴിയുമ്പോള്‍ മഖ്ബൂല്‍ ബിന്‍ അലി, ഷെയ്ഖ് അബ്ദുള്‍ കലീം എന്നിവരോടു അസീമാനന്ദ കുറ്റം ഏറ്റു പറഞ്ഞിരുന്നു എന്നാണ് ഒരു തെളിവ്. എന്നാല്‍ ഇവര്‍ മൂന്നുപേരും ഒരേ സമയം ജയിലില്‍ കഴിഞ്ഞിരുന്നു എന്നതിന് ഔദ്യോഗിക തെളിവൊന്നും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.