ഹരിയാന ചാമ്പ്യന്മാര്‍

Monday 23 April 2018 2:48 am IST

കോയമ്പത്തൂര്‍: ഫെഡറേഷന്‍ കപ്പ് ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കിരീടം കൈവിട്ടു. ഹരിയാനയാണ് ഓവറോള്‍ ചാമ്പ്യന്മാര്‍. 177.5 പോയിന്റാണ് ഹരിയാന നേടിയത്. 151.5 പോയിന്റുമായി തമിഴ്‌നാട് രണ്ടാം സ്ഥാനം നേടി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 132.5 പോയിന്റുമായി ഹരിയാന ഒന്നാമതെത്തിയപ്പോള്‍ പെണ്‍കുട്ടികളില്‍ 91 പോയിന്റുമായി മഹാരാഷ്ട്രയാണ് ജേതാക്കള്‍. രണ്ട് വിഭാഗങ്ങളിലും തമിഴ്‌നാട് രണ്ടാമത്. ആണ്‍കുട്ടികളില്‍ 77.5 പോയിന്റും പെണ്‍കുട്ടികളില്‍ 74 പോയിന്റുമാണ് തമിഴ്‌നാട് നേടിയത്. ഓവറോള്‍ പട്ടികയില്‍ കേരളത്തിന് അഞ്ചാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. ആണ്‍കുട്ടികള്‍ നാലാമതും പെണ്‍കുട്ടികള്‍ മൂന്നാമതുമെത്തി.

മീറ്റിലെ മികച്ച അത്‌ലറ്റുകളായി ആണ്‍കുട്ടികളില്‍ ഹരിയാനയുടെ ഹാമര്‍ത്രോ താരം ആശിഷ് ജക്കറും പെണ്‍കുട്ടികളില്‍ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണ്ണം നേടിയ ഝാര്‍ഖണ്ഡിന്റെ സപ്‌ന കുമാരിയും തെരഞ്ഞെടുക്കപ്പെട്ടു.

മീറ്റിന്റെ അവസാന ദിനമായ ഇന്നലെ കേരളത്തിന് രണ്ട് വീതം സ്വര്‍ണ്ണവും വെള്ളിയും വെങ്കലവും സ്വന്തമായി. പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വിഷ്ണുപ്രിയയും 4-400 മീറ്റര്‍ റിലേയില്‍ ജിസ്‌ന മാത്യു ഉള്‍പ്പെട്ട ടീമുമാണ് പൊന്നണിഞ്ഞത്. പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ജമ്പില്‍  സാന്ദ്ര ബാബുവും, ആണ്‍കുട്ടികളുടെ 4-400 മീറ്റര്‍ റിലേ ടീമും വെള്ളി നേടി. പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ ആന്‍സി സോജന്‍, ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ അഭിഷേക് മാത്യു എന്നിവരാണ് വെങ്കലം നേടിയത്.

ഒറ്റ ലാപ്പ് ഹര്‍ഡില്‍സില്‍ 1:01.65 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ജെ. വിഷ്ണുപ്രിയ കേരളത്തിനായി സ്വര്‍ണ്ണം നേടിയത്. റിലേയില്‍ അഭിഗെയ്ല്‍ ആരോഗ്യനാഥന്‍, പ്രിസ്‌കില്ല ഡാനിയേല്‍, ജിസ്‌ന മാത്യു, ടി. സൂര്യമോള്‍ എന്നിവരടങ്ങിയ ടീം 3 മിനിറ്റ് 51.42 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സ്വര്‍ണ്ണം നേടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.