യുണൈറ്റഡ് എഫ്എ കപ്പ് ഫൈനലില്‍

Monday 23 April 2018 2:52 am IST

ലണ്ടന്‍: പിന്നില്‍ നിന്ന് പൊരുതിക്കയറിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്എ കപ്പ് ഫൈനലില്‍. ടോട്ടനത്തിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് യുണൈറ്റഡ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. യുണൈറ്റഡിനായി അലക്‌സി സാഞ്ചസും ആന്ദ്രെ ഹെരേരയും ലക്ഷ്യം കണ്ടപ്പോള്‍ ടോട്ടനത്തിനായി ഗോള്‍ നേടിയത് ഡെലെ അലിയായിരുന്നു. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ 29-ാമത് ഫൈനലാണ് യുണൈറ്റഡ് ഇത്തവണ കളിക്കാനിറങ്ങുന്നത്.

പന്തടക്കത്തില്‍ മുന്നിട്ടുനിന്നത് ടോട്ടനമായിരുന്നെങ്കിലും ലക്ഷ്യത്തിലേക്ക് ഷോട്ടുകള്‍ ഉതിര്‍ക്കുന്നതില്‍ യുണൈറ്റഡിനായിരുന്നു മുന്‍തൂക്കം.

കളിയുടെ ആദ്യ മിനിറ്റില്‍ തന്നെ ഹാരി കെയ്ന്‍ നല്ലൊരു ഷോട്ടിലൂടെ മാഞ്ചസ്റ്റര്‍ ഗോള്‍മുഖം വിറപ്പിച്ചു. പിന്നീട് 11-ാം മിനിറ്റില്‍ അവര്‍ ലീഡ് നേടുകയും ചെയ്തു. ക്രിസ്റ്റിയന്‍ എറിക്‌സന്റെ ക്രോസ് സ്വീകരിച്ച് ക്ലോസ് റേഞ്ചില്‍നിന്ന് ഡെലെ അലി ഇടംകാലുകൊണ്ട് പായിച്ച ഷോട്ട് യുണൈറ്റഡ് ഗോളിയെ കീഴടക്കി വലയില്‍ കയറി. എന്നാല്‍ ശക്തമായി തിരിച്ചടിച്ച മാഞ്ചസ്റ്റര്‍ 24-ാം മിനിറ്റില്‍ സമനില നേടി. പോള്‍ പോഗ്ബയുടെ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ അലക്‌സി സാഞ്ചസ് ടോട്ടനം വലയിലെത്തിച്ചു. തുടര്‍ന്നും ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങളുമായി കളംനിറഞ്ഞെങ്കിലും ആദ്യപകുതിയില്‍ കൂടുതല്‍ ഗോള്‍ പിറന്നില്ല.

പിന്നീട് 62-ാം മിനിറ്റില്‍ ഹെരേരയിലൂടെ യുണൈറ്റഡ് മുന്നിലത്തി. മത്സരത്തിലുടനീളം മിന്നുന്ന പ്രകടനം നടത്തിയ ഹെരര അര്‍ഹിച്ച ഗോളായിരുന്നു അത്. റൊമേലു ലുകാകുവിന്റെ പാസ് സ്വീകരിച്ച് ബോക്‌സിന്റെ മധ്യത്തുനിന്ന് ഹെരേര പായിച്ച വലംകാലന്‍ ഷോട്ടാണ് ടോട്ടനം വലയിലെത്തിയത്. പിന്നീട് തിരിച്ചടിക്കാന്‍ ടോട്ടനം ശ്രമിച്ചെങ്കിലും യുണൈറ്റഡിന്റെ പ്രതിരോധത്തെ മറികടക്കാനായില്ല. ചെല്‍സി-സതാംപ്ടണ്‍ മത്സരത്തിലെ വിജയികളാണ് യുണൈറ്റഡിന്റെ ഫൈനല്‍ എതിരാളികള്‍. 2015-16 സീസണുശേഷം ആദ്യമായാണ് യുണൈറ്റഡ് ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്നത്.  അതേസമയം 1990-91നുശേഷം ആദ്യമായി ഫൈനലില്‍ എത്താനുള്ള അവസരമാണ് ടോട്ടനത്തിന് പരാജയത്തിലൂടെ നഷ്ടമായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.