സൂപ്പര്‍ കിങ്‌സിന് ജയം

Monday 23 April 2018 2:53 am IST

ഹൈദരാബാദ്: കുട്ടിക്രിക്കറ്റിന്റെ എല്ലാ ആവേശവും പകര്‍ന്നുനല്‍കിയ പോരില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ജയം. അവസാന പന്ത് വരെ അനിശ്ചിതത്വം നിലനിന്ന കളിയില്‍ നാല് റണ്‍സിനാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തോല്‍വി വഴങ്ങിയത്. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ് അവസാന പന്ത് വരെ പൊരുതിയെങ്കിലും 178 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 

22 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് തകര്‍ച്ച നേരിട്ട സണ്‍റൈസേഴ്‌സിനെ നായകന്‍ കെയ്ന്‍ വില്യംസണും (51 പന്തില്‍ 84), യൂസഫ് പഠാനും (27 പന്തില്‍ 45) ചേര്‍ന്നാണ് വിജയത്തിനടുത്തെത്തിച്ചത്. ഇരുവരും പുറത്തായശേഷം 4 പന്തില്‍ നിന്ന് രണ്ട് സിക്‌സും ഒരു ഫോറും അടക്കം പുറത്താകാതെ 17 റണ്‍സെടുത്തെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല.

കന്നി മത്സരത്തിനിറങ്ങിയ റിക്കി ബുയി റണ്ണൊന്നുമെടുക്കാതെ നാലാം പന്തില്‍ പുറത്ത്. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ മനീഷ് പാണ്ഡെയും സംപൂജ്യനായി മടങ്ങി. ഒരു റണ്‍സ് മാത്രമെടുത്ത് ദീപക് ഹൂഡയും മടങ്ങി. മൂന്ന് വിക്കറ്റും വീഴ്ത്തിയത് ദീപക് ചാഹര്‍. 

എന്നാല്‍ നാലാം വിക്കറ്റില്‍ ഷാക്കിബ് അല്‍ ഹസനെ കൂട്ടുപിടിച്ച് നായകന്‍ കെയ്ന്‍ വില്യംലണ്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ഇരുവരും ചേര്‍ന്ന് 10 ഓവറില്‍ സണ്‍റൈസേഴ്‌സിനെ 70 കടത്തി. തൊട്ടടുത്ത ഓവറില്‍ 19 പന്തില്‍ 24 റണ്‍സെടുത്ത ഷാക്കിബിനെ കരണ്‍ ശര്‍മ്മ പുറത്താക്കി. എന്നാല്‍ പതറാതെ കളിച്ച വില്യംസണ്‍ ടീമിനെ മുന്നോട്ട് നയിച്ച. ഇതിനിടെ 35 പന്തില്‍ നായകന്‍ അര്‍ദ്ധശതകവും പൂര്‍ത്തിയാക്കി.

പിന്നീട് കണ്ടത് പേരുകേട്ട സണ്‍റൈസേഴ്‌സ് ബൗളര്‍മാരെ വില്യംസണും യൂസഫ് പഠാനും ചേര്‍ന്ന് തല്ലിച്ചതയ്ക്കുന്നത്. ഇവരുടെ ബാറ്റില്‍ നിന്ന് ബൗണ്ടറിയും സിക്‌സറും നിര്‍ബാധം ഒഴുകിയതോടെ സണ്‍റൈസേഴ്‌സ് വിജയം സ്വപ്‌നം കണ്ടുതുടങ്ങുകയും ചെയ്തു. ഇതോടെ അവസാന മൂന്ന് ഓവറില്‍ വിജയലക്ഷ്യം 42 ആയി. എന്നാല്‍ പതിനെട്ടാം ഓവറിലെ അവസാന പന്തില്‍ 51 പന്തില്‍ 84 റണ്‍സെടുത്ത വില്യംസണ്‍ പുറത്തായതോടെ അവസാന രണ്ട് ഓവറില്‍ ജയിക്കാന്‍ 33 റണ്‍സായി.

യൂസഫ് പഠാന്‍ ഒരറ്റത്ത് അടി തുടര്‍ന്നപ്പോള്‍ ജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. എന്നാല്‍ 18.4 ഓവറില്‍ 27 പന്തില്‍ 45 റണ്‍സെടുത്ത പഠാനെ ഠാക്കൂര്‍ പറഞ്ഞയച്ചു. അവസാന ഓവറില്‍ 19 റണ്‍സ് വിജയലക്ഷ്യം വേണമെന്നിരിക്കേ സാഹയും റഷീദ് ഖാനുമായിരുന്നു ക്രീസില്‍. അവസാന പന്തില്‍ ആറ് റണ്‍സ് വേണമെന്നിരിക്കേ റഷീദ് ഖാന് ഒരു റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈയുടെ തുടക്കവും മോശമായിരുന്നു. ഓപ്പണര്‍മാരായ ഷെയ്ന്‍ വാട്‌സണും (9) ഡുപ്ലെസിസും (11) പുറത്തായതോടെ അവര്‍ രണ്ടിന് 32 എന്ന നിലയിലായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ സുരേഷ് റെയ്‌നക്കൊപ്പം അമ്പാട്ടി റായിഡു ചേര്‍ന്നതോടെ കളി മാറി. റായിഡു 37 പന്തില്‍ 79 റണ്‍സും റെയ്‌ന  43 പന്തില്‍ 54 റണ്‍സുമെടുത്തു. 12 പന്തില്‍ 25 റണ്‍സുമായി ധോണി അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചു. സണ്‍റൈസേഴ്‌സിനായി ഭുവനേശ്വറും ഷാക്കിബും ഓരോ വിക്കറ്റ് വീഴ്ത്തി.

വിജയത്തോടെ സൂപ്പര്‍ കിങ്‌സ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. അഞ്ച് കളികളില്‍ നിന്ന് നാല് ജയവും ഒരു തോല്‍വിയുമടക്കം എട്ട് പോയിന്റാണ് സൂപ്പര്‍ കിങ്‌സിന്. എട്ട് പോയിന്റുള്ള കിങ്‌സ് ഇലവന്‍ പഞ്ചാബാണ് രണ്ടാമത്. ആറ് പോയിന്റുള്ള സണ്‍റൈസേഴ്‌സ് അഞ്ചാമത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.