ബാഴ്‌സലോണക്ക് കോപ്പ ഡെല്‍ റേ കിരീടം

Monday 23 April 2018 2:54 am IST

മാഡ്രിഡ്: സെവിയയെ തകര്‍ത്ത് ബാഴ്‌സലോണക്ക് കോപ്പ ഡെല്‍ റേ കിരീടം. മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് മെസ്സിയും കൂട്ടരും സെവിയയെ തകര്‍ത്താണ് ബാഴ്‌സലോണ സീസണിലെ ആദ്യ കിരീടം നേടിയത്. തുടര്‍ച്ചയായ നാലാം തവണയാണ് ബാഴ്‌സലോണ സ്പാനിഷ് കിങ്‌സ് കപ്പ് സ്വന്തമാക്കുന്നത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം തുടര്‍ച്ചയായ നാല് കിരീടങ്ങള്‍ നേടുന്നത്.

ഈ കിരീടനേട്ടം ബാഴ്‌സ മിഡ്ഫീല്‍ഡ് ജനറല്‍ ആന്ദ്രെ ഇനിയേസ്റ്റക്കുള്ള സമ്മാനമാണ്. ഈ സീസണ്‍ അവസാനത്തോടെ ഇനിയേസ്റ്റ ബാഴ്‌സയോട് വിടപറയുകയാണ്. ബാഴ്‌സക്കായി ഗോളടിച്ചാണ് മത്സരം ഇനിയേസ്റ്റ അവിസ്മരണീയമാക്കിയത്. മത്സരത്തിലെ താരവും ഇനിയേസ്റ്റ തന്നെ. സീസണ്‍ അവസാനിച്ചശേഷം ഇനിയേസ്റ്റ ചൈനയിലേക്ക് മാറുമെന്നാണ് കരുതുന്നത്. 88-ാം മിനിറ്റില്‍ ഇനിയേസ്റ്റയെ കോച്ച് തിരിച്ചുവിളിച്ചപ്പോള്‍ സ്‌റ്റേഡിയമൊന്നടങ്കം എഴുന്നേറ്റുനിന്ന് കയ്യടിച്ചാണ് താരത്തെ സ്വീകരിച്ചത്.

മാഡ്രിഡിലെ വാന്‍ഡ മെട്രൊപൊളിറ്റാനോയില്‍ നടന്ന പോരാട്ടത്തില്‍ സെവിയയെ നിഷ്പ്രഭമാക്കിയായിരുന്നു ബാഴ്‌സയുടെ കിരീടക്കുതിപ്പ്. ബാഴ്‌സക്കായി ലൂയി സുവാരസ് രണ്ട് ഗോള്‍ നേടി. മെസ്സി, ഇനിയേസ്റ്റ, കുടിഞ്ഞോ എന്നിവരും കറ്റാലന്‍ നിരക്കായി ലക്ഷ്യം കണ്ടു. 

കളിയുടെ തുടക്കം മുതല്‍ ആധിപത്യം ബാഴ്‌സക്കായിരുന്നു. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും സെവിയയേക്കാള്‍ ഏറെ മുന്നിലായിരുന്നു ബാഴ്‌സ. മത്സരത്തിന്റെ 14-ാം മിനിറ്റില്‍ ബാഴ്‌സ ലീഡ് നേടി. ഗോള്‍കീപ്പര്‍ ജസ്പര്‍ സിലിസെന്റെ കിക്ക് പിടിച്ചെടുത്ത കുടീഞ്ഞോ പന്ത് ബോക്‌സിനടുത്തുനില്‍ക്കുകയായിരുന്ന സുവാരസിന് കൈമാറി. പന്ത് കിട്ടിയ സുവാരസിന് അത് വലയിലെത്തിക്കേണ്ട ജോലിയേ ഉണ്ടായിരുന്നുള്ളു. ഇതിന് മുന്‍പ് ഏഴാം മിനിറ്റില്‍ സെവിയ ഗോളിയുടെ മിന്നുന്ന പ്രകടനം അവരെ ഗോളില്‍ നിന്ന് രക്ഷിച്ചിരുന്നു. 31-ാം മിനിറ്റില്‍ മെസ്സി ടീമിന്റെ ലീഡ് ഉയര്‍ത്തി. ഇനിയേസ്റ്റയും ജോര്‍ഡി ആല്‍ബയും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ നീക്കത്തിനൊടുവില്‍ പന്ത് മെസ്സിയിലേക്ക്. അവസരം കാത്തിരുന്ന മെസ്സി പന്ത് കിട്ടിയപാടെ പോസ്റ്റിലേക്ക് അടിച്ചുകയറ്റിയപ്പോള്‍ സെവിയ ഗോളി സോറിയ നിസ്സഹായനായി (2-0). ഈ സീസണില്‍ ബാഴ്‌സ ജഴ്‌സിയില്‍ മെസ്സിയുടെ 40-ാം ഗോളായിരുന്നു അത്. ഇതിന് മുന്‍പ് ഇനിയേസ്റ്റയുടെ ഷോട്ട് പോസ്റ്റില്‍ത്തട്ടി തെറിച്ചു. പിന്നീട് 40-ാം മിനിറ്റില്‍ സുവാരസ് തന്റെ രണ്ടാമത്തെയും ബാഴ്‌സയുടെ മൂന്നാം ഗോളും നേടി. മെസ്സിയുടെ പാസ്സില്‍ നിന്നായിരുന്നു ഗോള്‍. ഇതോടെ ആദ്യപകുതിയില്‍ ബാഴ്‌സ 3-0ന് മുന്നില്‍.

52-ാം മിനിറ്റിലായിരുന്നു നാലാം ഗോള്‍. ഇനിയേസ്റ്റയും മെസ്സിയും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവിലായിരുന്നു ഗോള്‍ പിറന്നത്. പന്തുമായി മുന്നേറിയ മെസ്സി ഒപ്പം ഓടിക്കയറിയ ഇനിയേസ്റ്റയെ ലക്ഷ്യമാക്കി ബോക്‌സിലേക്ക് മറിച്ചുകൊടുത്തു. പന്തുകിട്ടിയ ഇനിയേസ്റ്റ പായിച്ച ഷോട്ട് സെവിയ ഗോളി സോറിയയെ പരാജയപ്പെടുത്തി വലയില്‍. 69-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ കുടീഞ്ഞോ ഗോള്‍ പട്ടിക തികച്ചു. സെവിയ്യ ഡിഫന്‍ഡര്‍ ക്ലെമെന്റ് ലെങ്‌ലെറ്റ് ബോക്‌സിനുള്ളില്‍ വച്ച് പന്ത് കൈകൊണ്ട് തൊട്ടതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത കുടിഞ്ഞോയ്ക്ക് ലക്ഷ്യം തെറ്റിയില്ല, പന്ത് വലയില്‍. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ 30-ാം തവണയാണ് ബാഴ്‌സ കിരീടം നേടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.