പോലീസിനെതിരെ ലിഗയുടെ ഭര്‍ത്താവ്

Monday 23 April 2018 2:56 am IST

തിരുവനന്തപുരം: കോവളത്തിനു സമീപം കണ്ടല്‍ക്കാട്ടില്‍ നിന്നും കണ്ടെത്തിയ മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധനാ ഫലം ഇന്നറിയാം. മൃതദേഹത്തില്‍ ധരിച്ചിരുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ കാണാതായ ലിത്വാനിയ സ്വദേശിനി ലിഗയുടേതാണെന്ന്  ഭര്‍ത്താവ് ആന്‍ഡ്രൂസും സഹോദരി ലിസയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഡിഎന്‍എ ഫലം വന്നാല്‍ മാത്രമേ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകൂ. ഇതിനു ശേഷമേ മരണകാരണം  കണ്ടെത്താന്‍   വിശദമായ മൃതദേഹ പരിശോധന നടത്താന്‍ സാധിക്കൂ. 

  ഇതിനിടെ ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസണ്‍  പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചു.  ഐറിഷ് പത്രമായ സണ്‍ഡേ മിററിന് നല്‍കിയ അഭിമുഖത്തിലാണ് കേരള പോലീസിന്റെ പെരുമാറ്റത്തെക്കുറിച്ച് ആരോപണമുയര്‍ത്തിയത്. വിഷാദ രോഗ ചികിത്സയ്ക്കാണ്   ലിഗ കേരളത്തില്‍ എത്തിയത്. കണ്ടല്‍ക്കാടുകളില്‍ നിന്നും കണ്ടെത്തിയ മൃതദേഹം ലിഗയുടേതാണെന്നും മരണ കാരണം കൊലപാതകമാണെന്ന്  പരാതിപ്പെട്ടപ്പോള്‍ തനിക്കും മാനസിക പ്രശ്‌നമുണ്ടെന്ന് പോലീസ് പറഞ്ഞെന്ന് ആന്‍ഡ്രൂസ് പറഞ്ഞു.

 ലിഗയെ കാണാതായ സ്ഥലത്തിനു സമീപത്താണ് പോലീസ് സ്റ്റേഷന്‍. എന്നിട്ടും തിരച്ചിലിന് ആത്മാര്‍ഥ ശ്രമം ഉണ്ടായില്ല. കേരളത്തിലെ ഒരു ഹോട്ടലില്‍ ഭാര്യയെക്കുറിച്ച് അന്വേഷിക്കാന്‍ ചെന്നപ്പോള്‍ അവിടെയുള്ളവര്‍ തന്നെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. പോലീസ് എത്തി മാനസിക രോഗിയായി ചിത്രീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ആന്‍ഡ്രൂസ് പറയുന്നു. തന്റെ അനുവാദമില്ലാതെയാണ് ആറു ദിവസം ആശുപത്രിയില്‍ കിടത്തിയിരുന്നതെന്നും ആന്‍ഡ്രൂസ് പറഞ്ഞു. ലിഗയെ തട്ടിക്കൊണ്ടു പോയതാണെന്ന് തനിക്ക് ഉറപ്പുണ്ട്. കേരളത്തില്‍ അവയവ വില്‍പ്പനക്കാരുടെ കേന്ദ്രമുണ്ടെന്നും ലിയയുടെ തിരോധാനത്തിനു പിന്നില്‍ ഇവരാകാമെന്നും അഭിമുഖത്തില്‍ പറയുന്നുണ്ട്. ദിവസങ്ങള്‍ക്കു മുന്‍പ് നല്‍കിയ അഭിമുഖത്തിന്റെ വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 

 കണ്ടല്‍ക്കാടുകളില്‍ നിന്നും കണ്ടെത്തിയ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഡിഎന്‍എ പരിശോധനാഫലം വന്നാല്‍ മാത്രമേ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാന്‍ സാധിക്കുയുള്ളൂവെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഇതിനു ശേഷമേ മരണ കാരണത്തെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ സാധിക്കയുള്ളൂവെന്നും ഡിജിപി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.