ശ്രീജിത്തിന്റെ കസ്റ്റഡി മരണം: കൂടുതല്‍ അറസ്റ്റ് ഉണ്ടാകും

Monday 23 April 2018 2:57 am IST

കൊച്ചി: വരാപ്പുഴയിലെ  ശ്രീജിത്ത് കസ്റ്റഡിയിലിരിക്കെ മരിച്ച കേസില്‍ പ്രത്യേക അന്വേഷണ സംഘം കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. കേസില്‍ അറസ്റ്റിലായ ആര്‍ടിഎഫ് അംഗങ്ങളുടെ തിരിച്ചറിയല്‍ പരേഡിനായി തിങ്കളാഴ്ച കോടതിയെ സമീപിക്കും.  പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ അന്തിമ റിപ്പോര്‍ട്ട് തിങ്കളാഴ്ച ലഭിച്ചേക്കും. 

ഇതിനുശേഷം കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന. അന്വേഷണത്തിന്റെ ഭാഗമായി വരാപ്പുഴ സ്റ്റേഷനിലെ എഎസ്ഐ ജയാനന്ദനെയും വടക്കേക്കര എസ്ഐ എം കെ മുരളിയെയും ആലുവ പോലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തി  ചോദ്യംചെയ്തു. 

ശ്രീജിത്തിനെ അറസ്റ്റുചെയ്ത ദിവസം  എസ്ഐ ദീപക്ക് അവധിയായതിനാല്‍ എഎസ്ഐ ജയാനന്ദനായിരുന്നു സ്റ്റേഷന്റെ ചുമതല. ശ്രീജിത്തിന്റെ കസ്റ്റഡി രേഖപ്പെടുത്തിയ രജിസ്റ്ററില്‍ അപാകതയുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. 

ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ്  ജയാനന്ദനെ ചോദ്യം ചെയ്തത്.ശ്രീജിത്തിനെ സ്റ്റേഷനിലെ ആരെല്ലാം മര്‍ദിച്ചു, എസ്ഐ ദീപക് എത്തിയ ശേഷമുള്ള കാര്യങ്ങള്‍, ആര്‍ടിഎഫ് അംഗങ്ങള്‍ കൊണ്ടുവന്നപ്പോള്‍ ശ്രീജിത്ത് ക്ഷീണിതനായിരുന്നോ എന്നിങ്ങനെയുള്ള അന്വേഷണ സംഘത്തിന്റെ സംശയങ്ങള്‍ക്ക് ജയാനന്ദനില്‍നിന്നു വിശദീകരണം തേടി.അര്‍ടിഎഫ് അംഗങ്ങളെ കൂടാതെ പറവൂര്‍ സിഐ ക്രിസ്പിന്‍ സാം, വരാപ്പുഴ എസ്‌ഐ ജി എസ് ദീപക്, ഗ്രേഡ് എഎസ്‌ഐ സുധീര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷ് ബേബി എന്നിവരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 

ഇതില്‍ എസ്ഐയെയും ആര്‍ടിഎഫ് അംഗങ്ങളെയുമാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ മറ്റുള്ളവരുടെ പങ്കാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ദേവസ്വംപാടത്ത് അക്രമസംഭവങ്ങള്‍ അരങ്ങേറിയപ്പോള്‍ സമീപമുള്ള എല്ലാ സ്റ്റേഷനുകളിലേക്കും അറിയിപ്പുപോയിരുന്നു. ഇതു സംബന്ധിച്ച കാര്യങ്ങളാണ് വടക്കേക്കര എസ്ഐ എം കെ മുരളിയില്‍നിന്നു തേടിയതെന്നാണു സൂചന. 

തിരിച്ചറിയല്‍ പരേഡ് കാക്കനാട് ജില്ലാ ജയിലിലാകും നടക്കുക. ശ്രീജിത്തിന്റെ ഭാര്യ, മാതാപിതാക്കള്‍,  സമീപവാസികള്‍ എന്നിവരെ ഇതിനായി ജയിലിലെത്തിക്കും.മെഡിക്കല്‍ ബോര്‍ഡിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ അന്വേഷണ സംഘം തയ്യാറാക്കി നല്‍കിയ ചോദ്യാവലിക്കുള്ള ഉത്തരങ്ങളും മറ്റ് വിശദാംശങ്ങളും ഉണ്ടാകും. ഇതോടെ സംഭവത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.