നാട്ടിലെങ്ങും അരാജകത്വം

Monday 23 April 2018 3:05 am IST
എല്ലാം ശരിയാക്കി, എല്ലാവരേയും ശരിയാക്കി ഇടത് സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിന്റെ പടി ചവിട്ടുകയാണ്.

 തൊഴില്‍ തേടുന്ന യുവാക്കള്‍ സമരത്തില്‍, 

 ഭൂരഹിതരായ വനവാസികള്‍ സമരത്തില്‍

 മക്കളെ നഷ്ടപ്പെട്ട അമ്മമാര്‍ സമരത്തില്‍...

 കണ്ണും കെട്ടിയിരിപ്പാണ് ഭരണകൂടം

 മുഖ്യമന്ത്രിക്ക് ആരെയും കാണാന്‍ സമയമില്ല

 ജിഷ്ണു പ്രണോയിയുടെ അമ്മയെ അറിയില്ല

 രമിത്തിന്റെ വീടറിയില്ല

 പോലീസുകാര്‍ ചവിട്ടിക്കൊന്ന ശ്രീജിത്തിന്റെ നാട്ടിലേക്കുള്ള വഴിയറിയില്ല...

 ചോദിക്കുന്നവനോട് കടക്ക് പുറത്തെന്നാണ് മറുപടി...

 സര്‍ക്കാരും സര്‍ക്കാരിന്റെ ഉപദേശകരും ചേര്‍ന്ന് ഇപ്പോള്‍ രണ്ടാണ്ടിന്റെ നേട്ടപ്പട്ടികയുണ്ടാക്കുകയാണ്...

 തിരുവല്ലത്ത് തലയില്ലാത്ത ഒരു ജഡം. ദൈവത്തിന്റെ നാട് കാണാനെത്തിയ ലിത്വാനിയക്കാരി ലിഗയുടേത്...

 മാനഭംഗങ്ങള്‍ , കൊള്ളകള്‍ , കൊലപാതകങ്ങള്‍. സാമൂഹ്യ വിരുദ്ധരുടെ തേര്‍വാഴ്ചയാണ് എവിടെയും

പറഞ്ഞതും പ്രവര്‍ത്തിച്ചതും

5ലക്ഷം പേര്‍ക്ക് തൊഴില്‍: ഐ.ടി, ടൂറിസം മേഖലകളിലും ഇലക്ട്രോണിക്സ് തുടങ്ങി ആധുനിക വ്യവസായ മേഖലകളിലായി അഭ്യസ്തവിദ്യരായ യുവതി-യുവാക്കള്‍ക്ക് അഞ്ച് വര്‍ഷം കൊണ്ട് 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കൃഷി, കെട്ടിടനിര്‍മ്മാണം, വാണിജ്യം, ചെറുകിട വ്യവസായം തുടങ്ങിയ മേഖലകളിലായി 15 ലക്ഷം തൊഴിലവസരങ്ങളാണ് ലക്ഷ്യമിടുന്നത്. ആധുനിക തുറകളിലെ ജോലികള്‍ക്ക് യുവതീ-യുവാക്കളെ തയ്യാറാക്കുന്നതിന് 10 ലക്ഷം പേര്‍ക്ക് സ്‌കില്‍ ഡെവലപ്മെന്റ്, കരിയര്‍ ഗൈഡന്‍സ് വഴി പരിശീലനം നല്‍കും.

അഞ്ചുവര്‍ഷം കൊണ്ട് 25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന വാഗ്ദാനത്തില്‍ പാടെ വെള്ളം ചേര്‍ത്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ കയറി രണ്ടു വര്‍ഷംകൊണ്ട്  പഎസ്‌സി വഴി ഇതുവരെ നിയമനം നല്‍കിയത് 59,872 പേര്‍ക്ക്. പുതിയ തസ്തികകള്‍ സൃഷ്ടിക്കുമെന്നതിന് പകരം  നിയമന നിരോധനം നടപ്പിലാക്കി. ചരിത്രത്തില്‍ ആദ്യമായി എല്‍ഡി ക്ലാര്‍ക്ക് റാങ്ക്പട്ടികയില്‍ ഏറ്റവും കുറച്ച് പേര്‍ക്ക് നിയമനം. അഡൈ്വസ് മെമ്മോ നല്‍കിയിട്ടും കെഎസ്ആര്‍ടിസി കണ്ടക്ടര്‍ നിയമനം അനിശ്ചിതത്വത്തില്‍. ലാസ്റ്റ് ഗ്രേഡ് റാങ്ക്‌ലിസ്റ്റ് പട്ടികയുടെ കാലാവധി അവസാനിക്കാറായി. ഐടി മേഖലയില്‍ കൂട്ട പിരച്ചു വിടല്‍. പ്രമുഖ കമ്പനികള്‍ സംസ്ഥാനം വിട്ടു തുടങ്ങി. തൊഴിലില്ലാതായതോടെ വിദ്യാര്‍ത്ഥികളെ കിട്ടാതെ എഞ്ചിനീയറിംഗ് കോളേജുകള്‍ അടച്ചു പൂട്ടുന്നു. അഭ്യസ്ത വിദ്യര്‍ക്ക് തൊഴില്‍ നല്‍കാന്‍ യാതൊരു സംവിധാനവും ആരംഭിച്ചിട്ടില്ല. ഖജനാവ് കാലിയായതിനാല്‍ സ്‌കില്‍ ഡെവലപ്‌മെന്റിനും കരിയല്‍ ഗൈഡന്‍സിനുമുള്ള പരിശീലനത്തിന് തുകയും അനുവദിക്കുന്നില്ല. 

1500സ്റ്റാര്‍ട്ട് അപ്പുകള്‍: വര്‍ഷംതോറും 1000 നൂതന ആശയങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതം പ്രോത്സാഹനം. ഇതില്‍ 250 എണ്ണത്തിന് 1 കോടി രൂപ വീതം ഈടില്ലാത്ത വായ്പ. ഇതിന് 20 ശതമാനം ഗവണ്‍മെന്റ് ഏഞ്ചല്‍, 20 ശതമാനം സെബി അംഗീകാരമുള്ള സ്വകാര്യ നിക്ഷേപകര്‍, 60 ശതമാനം ബാങ്ക് എന്നിങ്ങനെ പണം കണ്ടെത്തും. എസ്.സി-എസ്.ടി വിഭാഗങ്ങള്‍ ആരംഭിക്കുന്ന സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് കൊണ്ടുവരും.

 കോടികള്‍ ധൂര്‍ത്തടിച്ച് സ്റ്റാര്‍ട്ട് അപ്പ് യോഗങ്ങള്‍ മാത്രം. നൂതന പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ഇതുവരെയും സാധിച്ചിട്ടില്ല. സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ക്ക് ഈടില്ലാ വായ്പ നല്‍കും എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒരാള്‍ക്കുപോലും നല്‍കിയില്ല. എസ്‌സി-എസ്ടി വിഭാഗങ്ങള്‍ ആരംഭിക്കുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജിനെ സംബന്ധിച്ച് ഇനിയും സര്‍ക്കാര്‍ ആലോചിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ വായ്പ നല്‍കേണ്ട ജില്ലാ സഹകരണബാങ്ക് കേരളാ ബാങ്കെന്ന സ്വപ്‌നത്തില്‍ കുടുങ്ങി. ദേശ സാല്‍കൃത ബാങ്കുകളാകട്ടെ അവരുടെ നിയമങ്ങള്‍ക്ക് അനുസരിച്ച് മാത്രമെ വായ്പ നല്‍കുന്നുളൂ.

ഒരുകോടി അധിക ചതുരശ്ര അടി ഐ.ടി പാര്‍ക്ക്: കേരളത്തിലെ ഐ.ടി പാര്‍ക്ക് വിസ്തൃതി 1.3 കോടി ചതുരശ്ര അടിയില്‍ നിന്നും 2.3 കോടി ചതുരശ്ര അടിയായി വര്‍ദ്ധിപ്പിക്കും. ഇതുവഴി 2.5 ലക്ഷം പേര്‍ക്ക് പ്രത്യക്ഷ തൊഴില്‍ ലഭിക്കും.

 കേരളത്തിന്റെ ഐടി രംഗം ഭീക്ഷണിയിലേക്കു നീങ്ങുന്നു. ഐടി പാര്‍ക്കുകള്‍ക്ക് മാതൃകയായ ടെക്‌നോപാര്‍ക്കിനെ ബലിയാടാക്കരുതെന്ന് ടെക്കികള്‍ തുറന്നടിച്ചു. നിരവധി കമ്പനികള്‍ ടെക്‌നോപാര്‍ക്കില്‍ അപേക്ഷ നല്‍കുന്നുണ്ടെങ്കിലും സ്ഥലപരിമിതിയില്‍ വീര്‍പ്പ് മുട്ടുന്നു. അതിനാല്‍ നിലവിലെ കമ്പനികളുടെ വികസനമോ പുതിയ സംരംഭകരോ ടെക്‌നോപാര്‍ക്കിലേക്ക് എത്തുന്നില്ല. പാര്‍ക്ക് വികസനത്തിന് സ്ഥലം ഉണ്ടെങ്കിലും സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് നയത്തില്‍ കമ്പനികള്‍ പാര്‍ക്ക് വിടുന്നു.   കോളേജുകളില്‍ സ്റ്റാര്‍ട്ട്അപ്പ് മിഷന്‍ സംരഭകത്വ വികസന സെല്ലുകള്‍ രൂപീകരണ പ്രഖ്യാപനമല്ലാതെ തുടര്‍ പ്രവര്‍ത്തനം നടന്നില്ല.  മൂന്ന് ലക്ഷം ചതുരശ്ര അടിയില്‍  കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ സഹ്യ എന്ന പേരില്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു. അതും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയത്. തിരുവനന്തപുരം കിന്‍ഫ്രയില്‍ നോക്കുകൂലി ആവശ്യപ്പെട്ട് കമ്പനി ഉടമയെ മര്‍ദ്ദിച്ചതോടെ പുതിയ സംരംഭകര്‍ ഇവിടെ വരാതെയായി. 

വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ഇരട്ടിയാക്കും: കേരളത്തില്‍ വരുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 12 ലക്ഷത്തില്‍ നിന്നും അഞ്ച് വര്‍ഷം കൊണ്ട് 24 ലക്ഷമായി ഉയര്‍ത്തും. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം 25 ശതമാനം വര്‍ദ്ധിപ്പിക്കും. ഇതില്‍ നിന്ന്4 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കും. 

2010 മുതല്‍ സംസ്ഥാനത്ത് വിദേശ വിനോദ സഞ്ചാരികളുടെ വളര്‍ച്ചാനിരക്ക് കുറഞ്ഞുവരികയാണ്. 2010ല്‍ 18.31 ശതമാനം ആയിരുന്നത് 2013ല്‍ 8.12ശതമാനമായി കുറഞ്ഞു. എന്നാല്‍ 2016 ല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും അഞ്ചു വര്‍ഷം കൊണ്ട് വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം 18 ലക്ഷത്തിലെത്തിക്കാന്‍ പോലും കഴിയില്ല.  

വിശപ്പില്ലാ കേരളം: ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കാത്ത ഒരാളുപോലും കേരളത്തിലുണ്ടാവില്ല. തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളില്‍ സന്നദ്ധസംഘടനകളും മറ്റുമായി സഹകരിച്ചുകൊണ്ട് ആവശ്യമുള്ളവര്‍ക്ക് മുഴുവന്‍ ഉച്ചഭക്ഷണം സൗജന്യമായി നല്‍കുന്നതിനുള്ള പദ്ധതി ആരംഭിക്കും. ഇത് കേരളം മുഴുവന്‍ വ്യാപിപ്പിക്കും. ന്യായവിലയ്ക്ക് നല്ല ഭക്ഷണം നല്‍കുന്ന ഹോട്ടലുകളുടെ ശൃംഖല സൃഷ്ടിക്കും.

വിശന്നിട്ട് ആഹാരം മോഷ്ടിച്ചുവെന്നപേരില്‍ ഒരു യുവാവിനെ തല്ലിക്കൊന്ന സംഭവം കേരള ചരിത്രത്തില്‍ മുമ്പുണ്ടായിട്ടില്ല. പട്ടിണി മാറ്റാന്‍ ഭക്ഷണമെടുത്തെന്ന പേരില്‍ മധുവെന്ന വനവാസി യുവാവ് കൊല്ലപ്പെട്ട സംഭവം പിണറായി സര്‍ക്കാരിന് മാത്രമല്ല, കേരളത്തിന് തീരാക്കളങ്കമായി. 

സാമൂഹ്യസുരക്ഷാ പെന്‍ഷന്‍: ജൂണ്‍ 1 മുതല്‍ എല്ലാ പെന്‍ഷനുകളും 1000 രൂപയായി ഉയര്‍ത്തും. അര്‍ഹരായ 60 വയസ്സുകഴിഞ്ഞ മുഴുവന്‍പേര്‍ക്കും പെന്‍ഷന്‍ നല്‍കും. എല്ലാ വര്‍ഷവും കാലോചിതമായി വര്‍ദ്ധിപ്പിക്കും. കുടിശ്ശികയില്ലാതെ മാസംതോറും പെന്‍ഷന്‍ വീട്ടില്‍ എത്തിക്കും. സമ്പൂര്‍ണ്ണ ആരോഗ്യ ഇന്‍ഷുറന്‍സ് എല്ലാവര്‍ക്കും ലഭ്യമാക്കും.

 പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചു. മാസംതോറും കുടിശികയില്ലാതെ പെന്‍ഷന്‍ എത്തിക്കുമെന്നത് പാഴ്‌വാക്കായി.

കേരളത്തിന്റെ ബാങ്ക്: ജില്ലാ-സംസ്ഥാന സഹകരണ ബാങ്കുകളെ സംയോജിപ്പിച്ചുകൊണ്ട് കേരളത്തിന്റേതായ ഒരു വന്‍കിട ബാങ്കിന് രൂപം നല്‍കും. സഹകരണ മേഖലയില്‍ ദ്വിതല സമ്പ്രദായമായിരിക്കും.

ജില്ലാ-സംസ്ഥാന സഹകരണ ബാങ്കുകളെ സംയോജിപ്പിച്ച് വന്‍കിട ബാങ്കുണ്ടാക്കും: കേരള ബാങ്കിന് റിസര്‍വ് ബാങ്കിന്റെ അംഗീകാരം നേടാനായിട്ടില്ല. ബാങ്ക് പദ്ധതി നടപ്പാകില്ലെന്നാണ് അവസ്ഥ.

അഴിമതിക്ക് അന്ത്യം കുറിക്കും; സദ്ഭരണം ഉറപ്പാക്കും: രണ്ടാം ഭരണപരിഷ്‌കാര കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കും. ഇ-ഗവേണന്‍സ് ഫലപ്രദമാക്കും. എല്ലാ പരാതികളിലും പ്രശ്നങ്ങളിലും 30 ദിവസത്തിനകം സര്‍ക്കാര്‍തലത്തില്‍ തീര്‍പ്പുണ്ടാക്കും. പരാതികളോ ആവശ്യങ്ങളോ തള്ളപ്പെട്ടാല്‍ അവ പുനഃപരിശോധിച്ച് വ്യക്തത ഉണ്ടാക്കുന്നതിന് ജനപങ്കാളിത്തത്തോടെയുള്ള സംവിധാനമൊരുക്കും. സെക്രട്ടേറിയറ്റ് അടിസ്ഥാനമായ സംവിധാനം മാറ്റി കേന്ദ്രസര്‍ക്കാരിനെപ്പോലെ ഡയറക്ട്രേറ്റ് രീതിയില്‍ വികേന്ദ്രീകൃതവും ഫലപ്രദവുമായ സംവിധാനം കൊണ്ടുവരും. ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടായിരിക്കും ഇത് നടപ്പാക്കുക. എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഏകജാലകത്തിലൂടെ ലഭ്യമാക്കുന്ന സേവന കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തും. വിവരാവകാശ നിയമം ഫലപ്രദമായി നടപ്പിലാക്കും.

കേന്ദ്ര സര്‍ക്കാരിനെപ്പോലെ ഡയറ്കടറേറ്റ് സംവിധാനമാക്കുമെന്ന  മോഹനവാഗ്ദാനത്തില്‍ രണ്ടാം വര്‍ഷം പിന്നിട്ടിട്ടും നടപടിയൊന്നുമായില്ല. വിവിധ ഓഫീസുകളില്‍ പരാതികള്‍ തീര്‍പ്പാക്കാതെ കിടക്കുന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ പഴയപടിതന്നെ. എം കേരള ആപ് പിന്‍വലിക്കേണ്ടിവന്നു. 

(തുടരും...)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.