സിപിഎമ്മിന്റെ അടവും നയവും

Monday 23 April 2018 3:10 am IST
നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചോര്‍ന്നത് പഠിക്കാന്‍ കമ്മറ്റിയെ നിയോഗിച്ച കക്ഷിയാണ് സിപിഎം. തന്റെ വിജയത്തിന് സിപിഎം വോട്ടും സഹായിച്ചു എന്ന് ജയിച്ച കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ വട്ടിയൂര്‍ക്കാവില്‍ രണ്ടാം സ്ഥാനത്തായിപ്പോയത് സിപിഎമ്മിന്റെ അടവുനയം കൊണ്ടുമാത്രമാണ്.

മലപോലെ വന്ന് മഞ്ഞുപോലെ കെട്ടടങ്ങിയ സിപിഎം 22-ാം പാര്‍ട്ടി കോണ്‍ഗ്രസ്. മൂന്നുവര്‍ഷം മുമ്പ് വിശാഖപട്ടണത്തും ഇപ്പോള്‍ ഹൈദ്രാബാദിലും സമാപിച്ച പാര്‍ട്ടി കോണ്‍ഗ്രസുകള്‍ തമ്മിലുള്ള അന്തരം കേന്ദ്രകമ്മിറ്റിയിലും പോളിറ്റ്ബ്യൂറോയിലും അംഗങ്ങളുടെ എണ്ണം കൂടി എന്നതാണ്. കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് പാര്‍ട്ടിയില്‍ ഉയര്‍ന്ന തര്‍ക്കങ്ങള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റു മാത്രം. ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനെ സഹായിക്കില്ലെന്ന നിലപാടുള്ള ഭൂരിപക്ഷം കോണ്‍ഗ്രസിനോടൊപ്പം നീങ്ങണമെന്ന ന്യൂനപക്ഷത്തിന് കീഴടങ്ങുന്ന കാഴ്ചയാണ് കണ്ടത്. ബിജെപി മുഖ്യശത്രുവാണെന്ന് വീണ്ടും ജനറല്‍ സെക്രട്ടറിയായ സീതാറാം യെച്ചൂരി സംശയത്തിന്റെ പഴുതുപോലുമില്ലാതെ വ്യക്തമാക്കുകയും ചെയ്തു. ബിജെപി വിരുദ്ധ വോട്ടുകള്‍ ഒരുകാരണവശാലും ഭിന്നിച്ചു പോകാതിരിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുമെന്നും യെച്ചൂരി പറയുന്നു. അത്തരമൊരു തീരുമാനം പുതിയതൊന്നുമല്ല. ബിജെപി ജയിക്കുമെന്ന സാഹചര്യം വരുമ്പോള്‍ സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടുകള്‍ പമ്പ കടക്കും. കേരളത്തില്‍ പലകുറി അത് കണ്ടതുമാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ സംഭവിച്ചതെന്താണെന്ന് എല്ലാവര്‍ക്കുമറിയാം. ബിജെപി സ്ഥാനാര്‍ഥി ജയിക്കുമെന്ന അവസ്ഥ ബോധ്യപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ടുമറിച്ചു നല്‍കി ഇടത് സ്ഥാനാര്‍ത്ഥിയെ മൂന്നാം സ്ഥാനത്തിരുത്തി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചോര്‍ന്നത് പഠിക്കാന്‍ കമ്മറ്റിയെ നിയോഗിച്ച കക്ഷിയാണ് സിപിഎം. തന്റെ വിജയത്തിന് സിപിഎം വോട്ടും സഹായിച്ചു എന്ന് ജയിച്ച കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ വട്ടിയൂര്‍ക്കാവില്‍ രണ്ടാം സ്ഥാനത്തായിപ്പോയത് സിപിഎമ്മിന്റെ അടവുനയം കൊണ്ടുമാത്രമാണ്. കാസര്‍കോഡ്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ പലതെരഞ്ഞെടുപ്പിലും അണികളെയും ജനങ്ങളെയും വഞ്ചിക്കുന്ന ഈ കച്ചവടം നടന്നിട്ടുണ്ട്. ഈ പാര്‍ട്ടി നന്നാകാന്‍ പോകുന്നില്ല എന്നു മാത്രമല്ല ഒന്നായി മുന്നോട്ടുപോകുമെന്ന വിശ്വാസവും ഇല്ലാതായിരിക്കുന്നു. അതാണ് വൃന്ദാ കാരാട്ടിനെ വെല്ലുവിളിച്ച് ബംഗാളില്‍ നിന്നുള്ള പിബിഅംഗം മുഹമ്മദ് സലിമിന്റെ പ്രസ്താവന. കോണ്‍ഗ്രസുമായി ധാരണപോലും പാടില്ലെന്ന പ്രകാശ് കാരാട്ടിന്റെ പ്രമേയത്തെ തിരുത്തിയാണ് പാര്‍ട്ടി കോണ്‍ഗ്രസ് പിരിഞ്ഞത്. 'ധാരണ വേണ്ടെന്ന' പ്രയോഗത്തെ പ്രതിനിധികള്‍ തിരുത്തി. സീതാറാം യെച്ചൂരിയുടെ നിലപാട് അംഗീകരിച്ചു എന്നര്‍ഥം. ഇത്രയും കാലം പാര്‍ട്ടിയുടെ അംഗീകാരമില്ലാതെയാണ് കോണ്‍ഗ്രസിന് വോട്ടു നല്‍കിയതെങ്കില്‍ ഇനി അംഗീകാരത്തോടെ അതാകാം.

പിബിയിലും കേന്ദ്രകമ്മിറ്റിയിലും തനിക്കു ഭൂരിപക്ഷമുണ്ടാക്കാനുള്ള ശ്രമങ്ങളിലേക്കാണ് യച്ചൂരി ഇനി നീങ്ങുക. പുതിയ പിബി, സിസി അംഗങ്ങളുടെ എണ്ണം കൂട്ടിയത് യെച്ചൂരിയുടെ നിര്‍ബന്ധത്താലാണെന്നാണ് വ്യക്തമാകുന്നത്.  പാര്‍ട്ടിയുടെ ആകെ അംഗസംഖ്യയുടെ ഏതാണ്ടു പകുതിയുമുള്ള, ഭരണമുള്ള ഏക സംസ്ഥാനം നിസ്സഹായമായിരിക്കേണ്ടി വരുന്ന സാഹചര്യമാണ് വരാന്‍ പോകുന്നത്. രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട് ചര്‍ച്ചയില്‍ പങ്കെടുത്ത കേരളനേതാക്കളുടെ പ്രസംഗങ്ങള്‍ ദുര്‍ബലമാകുകയായിരുന്നു. വി.എസ്.അച്യുതാനന്ദന് അംഗീകാരം ലഭിക്കുകയും ചെയ്തിരിക്കുന്നു. കോണ്‍ഗ്രസുമായി ധാരണ പോലും പാടില്ലെന്ന ഭാഗം ഒഴിവാക്കിയതുകൊണ്ടു ധാരണയുണ്ടാക്കാനുള്ള അനുവാദം നല്‍കിയെന്ന് അര്‍ഥമാക്കേണ്ടെന്നാണു കേരളനേതാക്കള്‍ പറയുന്നത്. എന്തിലൊക്കെ ധാരണയാകാമെന്നും അതിനൊപ്പം തന്നെ തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ കാര്യം അതില്‍ പറയുന്നില്ലെന്നു കേരളം വാദിക്കുമ്പോള്‍ തെരഞ്ഞെടുപ്പിന്റെ കാര്യം ഉചിതസമയത്ത് എന്നുകൂടി തീരുമാനിച്ചതായി വലിയവിഭാഗം പറയുന്നു. അതായത്, ഇപ്പോള്‍ പാര്‍ലമെന്റിനകത്തും പുറത്തും സമരമുഖങ്ങളിലും ഉണ്ടാക്കുന്ന ധാരണ ഭാവിയില്‍ രാഷ്ട്രീയധാരണയായി വളരുക തന്നെ ചെയ്യുമെന്ന് സാരം. സ്വന്തം പാര്‍ട്ടിയെക്കാള്‍ കോണ്‍ഗ്രസുമായി ബന്ധം ആഗ്രഹിക്കുന്ന യെച്ചൂരി പാര്‍ട്ടിയെ കോണ്‍ഗ്രസിന്റെ തൊഴുത്തിലെത്തിക്കുമെന്ന കാര്യത്തില്‍ ഇനി സംശയം വേണ്ട.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.