കരാട്ടിനെ വെട്ടി യെച്ചൂരി വീണ്ടും

Monday 23 April 2018 3:16 am IST
സിപിഎമ്മിന്റെ ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് ബിജെപിയെ മുഖ്യശത്രുവായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ രാജ്യവ്യാപകമായി കോണ്‍ഗ്രസ്-സിപിഎം സഖ്യത്തിനുള്ള അരങ്ങൊരുങ്ങുകയാണ്.

ഹൈദരാബാദ്: പ്രകാശ് കാരാട്ട് പക്ഷത്തിന്റെ സമ്മര്‍ദത്തെ അതിജീവിച്ച് സീതാറാം യെച്ചൂരി വീണ്ടും സിപിഎം ജനറല്‍ സെക്രട്ടറിയായി. വേണ്ടി വന്നാല്‍ മത്സരത്തിന് തയാറാണെന്ന യെച്ചൂരിയുടെ ഭീഷണിക്കു മുന്നില്‍ കാരാട്ടും കേരള ഘടകവും കീഴടങ്ങുകയായിരുന്നു. സമവായത്തിന്റെ അടിസ്ഥാനത്തില്‍ എന്ന പതിവു വിശേഷണമുണ്ടെങ്കിലും യെച്ചൂരിയെ മാറ്റാനുള്ള തന്ത്രങ്ങള്‍ കാരാട്ട് പക്ഷവും ആവിഷ്‌കരിച്ചിരുന്നു എന്നാണ് സൂചന. എന്നാല്‍ ഭൂരിപക്ഷം സംസ്ഥാന ഘടകങ്ങളുടെ പിന്തുണ യെച്ചൂരിക്കാണെന്നുറപ്പായപ്പോള്‍ കാരാട്ട് പക്ഷവും കേരള ഘടകവും പിന്മാറി.

സിപിഎമ്മിന്റെ ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് ബിജെപിയെ മുഖ്യശത്രുവായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ രാജ്യവ്യാപകമായി കോണ്‍ഗ്രസ്-സിപിഎം സഖ്യത്തിനുള്ള അരങ്ങൊരുങ്ങുകയാണ്. ബിജെപിയെ അധികാരത്തില്‍ നിന്നു പുറത്താക്കുകയാണ് ലക്ഷ്യമെന്ന് ജനറല്‍ സെക്രട്ടറിയായി  തെരഞ്ഞെടുത്ത യെച്ചൂരി പ്രസ്താവിച്ചു. പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന യെച്ചൂരിയുടെ പ്രസാതവന തന്നെ ഭിന്നതയ്ക്കു തെളിവാണെന്നു നിരീക്ഷകര്‍ കരുതുന്നു. 

പുതിയ കേന്ദ്ര കമ്മിറ്റി, പൊളിറ്റ് ബ്യൂറോ എന്നിവയ്ക്കുള്ള പാനല്‍ സമവായത്തിലൂടെ തയാറാക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു. ഇന്നലെ രാവിലെ പിബി വീണ്ടും ചേര്‍ന്നാണ് തീരുമാനമെടുത്തത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് യെച്ചൂരി ജനറല്‍ സെക്രട്ടറിയാകുന്നത്. കേന്ദ്ര കമ്മിറ്റിയുടെ അംഗബലം 95 ആക്കി. 17 അംഗ പൊളിറ്റ് ബ്യൂറോയില്‍ എസ്. രാമചന്ദ്രന്‍പിള്ളയെ നിലനിര്‍ത്തി. എ.കെ. പത്മനാഭനെ ഒഴിവാക്കി. പി.കെ. ഗുരുദാസന്‍ കേന്ദ്രകമ്മിറ്റിയില്‍നിന്ന് ഒഴിവാകും. എസ്ആര്‍പിയും വൈക്കം വിശ്വനും തുടരും. 

മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന്‍ കേന്ദ്ര കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി തുടരും. കേന്ദ്രകമ്മിറ്റിയില്‍ 19 പുതുമുഖങ്ങള്‍. കേരളത്തില്‍നിന്ന് എം.വി. ഗോവിന്ദനും കെ. രാധാകൃഷ്ണനും മുരളീധരനും വിജു കൃഷ്ണനും കേന്ദ്രകമ്മിറ്റിയിലെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.