പ്രതിഭകള്‍ക്ക് അഭിമാന നിമിഷം

Monday 23 April 2018 3:18 am IST

കോട്ടയം: നക്ഷത്രശോഭയില്‍ കുളിച്ചുനിന്ന കോട്ടയം ബസേലിയസ് കോളേജ് മൈതാനിയില്‍ തിങ്ങി നിറഞ്ഞ ആരാധകരെ സാക്ഷി നിര്‍ത്തി ജന്മഭൂമിയുടെ പ്രഥമ ടെലിവിഷന്‍ അവാര്‍ഡ് നിശ അരങ്ങേറി. സിനിമയിലെയും ടെലിവിഷനിലെയും പ്രതിഭകള്‍ ആടുകയും പാടുകയും ചെയ്ത വര്‍ണ്ണാഭമായ വേദിയില്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയപ്പോള്‍ പുരസ്‌കാര ജേതാക്കള്‍ക്ക് അത് അഭിമാന നിമിഷമായി. ദൃശ്യം 2018ല്‍ ടെലിവിഷന്‍ താരങ്ങള്‍ക്കൊപ്പം സിനിമാ താരങ്ങളും രാഷ്ട്രീയ, സാമൂഹ്യരംഗത്തെ പ്രശസ്തരും പങ്കെടുത്തു. കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളെ അടുത്തുകണ്ട ആവേശത്തിലായിരുന്നു അക്ഷരനഗരി. 

രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ ആഘോഷരാവ് ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അധ്യക്ഷനായിരുന്നു. ജോസ്.കെ.മാണി എംപി, പ്രശസ്ത സിനിമാനിര്‍മാതാവ് ജി.സുരേഷ്‌കുമാര്‍, ജന്മഭൂമി എംഡി എം.രാധാകൃഷ്ണന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സാന്നിധ്യമായി.

അഭിനയ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ജി.കെ. പിള്ളയെ ആദരിച്ചു. എസ്. രമേശന്‍ നായര്‍ രചിച്ച് രമേശ് നാരായണന്‍ ഈണം പകര്‍ന്ന അവതരണ ഗാനത്തോടെയാണ് പരിപാടിക്ക് തുടക്കമായത്. മലയാളത്തിന്റെ ഇഷ്ടനായിക ശാന്തികൃഷ്ണയും സംഘവും അവതരണഗാനത്തിന് നൃത്താവിഷ്‌ക്കാരം നടത്തി. ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് മടങ്ങി വന്ന ശാന്തികൃഷ്ണ ആദ്യമായി അവതരിപ്പിച്ച നൃത്തപരിപാടിയെ പ്രേക്ഷക ഹൃദയങ്ങള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ജന്മഭൂമിയുടെ ചരിത്രം വിശദമാക്കുന്ന ഹ്രസ്വ ചിത്രവും കഴിഞ്ഞ വര്‍ഷത്തെ ജന്മഭൂമി ചലച്ചിത്ര അവാര്‍ഡിന്റെ പ്രസക്തഭാഗങ്ങളും പ്രദര്‍ശിപ്പിച്ചു. 

എഷ്യാനെറ്റ് സംപ്രേഷണം ചെയ്ത പരസ്പരമാണ് മികച്ച സീരിയല്‍. മഴവില്‍ മനോരമയിലെ മഞ്ഞുരുകുംകാലം സംവിധാനം ചെയ്ത ബിനു വെള്ളത്തൂവലാണ് മികച്ച സംവിധായകന്‍. സാജന്‍സൂര്യ (മികച്ച നടന്‍), ഗായത്രി അരുണ്‍ (മികച്ച നടി), രാഘവന്‍ (സ്വഭാവ നടന്‍),  കെ.ആര്‍. വിജയ (സ്വഭാവ നടി), വിവേക് ഗോപന്‍ (ജനപ്രിയ നടന്‍), ഷാലു കുര്യന്‍ (ജനപ്രിയ നടി), നസീര്‍ സംക്രാന്തി (ഹാസ്യനടന്‍), നിഷ സാരംഗി (ഹാസ്യ നടി), ഗൗരീ കൃഷ്ണന്‍ (ബാലതാരം), ജെ. പള്ളാശ്ശേരി (തിരക്കഥ), ബിനു വെള്ളത്തൂവല്‍ (സംവിധായകന്‍), ജയകുമാര്‍ (മികച്ച സീരിയല്‍), രമാദേവി (രണ്ടാമത്തെ സീരിയല്‍), ആര്‍. ഉണ്ണികൃഷ്ണന്‍ (ഹാസ്യപരിപാടി), സുനീഷ് (ഛായാഗ്രഹണം), രാജേഷ് (എഡിറ്റര്‍), അനീഷ് (കലാസംവിധാനം), ഷോബി തിലകന്‍ (ഡബ്ബിങ്), സൈറ (ഡബ്ബിങ്) എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കി ആദരിച്ചത്.

വാര്‍ത്താധിഷ്ഠിത പരിപാടിക്ക് അനില്‍ ബാനര്‍ജി, ശ്രീകണ്ഠന്‍ നായര്‍, ആര്‍. ബാലകൃഷ്ണന്‍, ടി.ജി. മോഹന്‍ദാസ് എന്നിവര്‍ക്ക് പ്രത്യേക പുരസ്‌കാരം നല്‍കി. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളായ ജയരാജ്,  സജീവ് പാഴൂര്‍,  നിഖില്‍ എസ്.പ്രവീണ്‍, ദിലീഷ് പോത്തന്‍, സന്ദീപ് സേനന്‍, അനീഷ് എം.തോമസ് എന്നിവരെയും ആദരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.