എന്നെ കരുത്തനാക്കിയത് പട്ടാള ജീവിതം: ജി.കെ.പിള്ള

Monday 23 April 2018 3:32 am IST
"gk pillai"

കോട്ടയം: ''എനിക്ക് 93 വയസ്സായി. പക്ഷേ, ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല. ഇപ്പോഴും സിനിമയിലും സീരിയലുകളിലും അവാര്‍ഡ് പരിപാടികളിലും പങ്കെടുക്കുന്നു. മദ്യപാനമോ പുകവലിയോ മറ്റ് ദുശ്ശീലങ്ങളോ ഒന്നുമില്ല. പട്ടാള ജീവിതമാണ് എന്നെ ഇങ്ങനെ പാകപ്പെടുത്തിയത്. ജന്മഭൂമി പോലുള്ള വലിയ പ്രസ്ഥാനത്തില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കുന്നതില്‍ അങ്ങേയറ്റം അഭിമാനമുണ്ട്.

കശ്മീരിലും മറ്റും പട്ടാളക്കാരനായി സേവനം ചെയ്യുമ്പോഴും കലാകാരന്‍ എന്റെ ഉള്ളില്‍ തന്നെയുണ്ടായിരുന്നു. പട്ടാളക്കാരനായും കലാകാരനായും നിങ്ങള്‍ക്കു മുന്നില്‍ ജീവിക്കാന്‍ കഴിഞ്ഞത് സൗഭാഗ്യമാണ്....ജയ് ഭാരത്''  ജന്മഭൂമിയുടെ ആദരവേറ്റുവാങ്ങി വികാരനിര്‍ഭരനായാണ് മലയാള സിനിമാ തറവാട്ടിലെ കാരണവര്‍ ജി.കെ.പിള്ള ഇങ്ങനെ പറഞ്ഞത്. അഭിനയജീവിതത്തിലെ സമഗ്രസംഭാവനാ പുരസ്‌കാരം നല്‍കിയാണ് ജന്മഭൂമി ജി.കെ.പിള്ളയെ ആദരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷനും ജന്മഭൂമി ചെയര്‍മാനുമായ കുമ്മനം രാജശേഖരന്‍ അദ്ദേഹത്തെ പൊന്നാടയണിയിച്ചു. പി.ജെ.കുര്യന്‍ മൊമെന്റോ നല്‍കി. 

സംസ്ഥാനതലത്തിലും ദേശീയ തലത്തിലും പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചലച്ചിത്രപ്രവര്‍ത്തകരുടെ സംഗമ വേദിയുമായി ദൃശ്യം 2018 പുരസ്‌കാരവേദി. ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ ജയരാജിനെ കുമ്മനം രാജശേഖരന്‍ പൊന്നാടയണിയിച്ചു. പി.ജെ.കുര്യന്‍  മൊമെന്റോ നല്‍കി. നിരവധി പുരസ്‌കാരങ്ങള്‍ നേടി മലയാളത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയുമെന്ന ചിത്രത്തിന്റെ സംവിധായകന്‍ ദിലീഷ്‌പോത്തനെയും തിരക്കഥാകൃത്ത് സജീവ് പാഴൂരിനെയും ആദരിച്ചു. 

മിനിസ്‌ക്രീനിലെ അഭിനയപ്രതിഭകള്‍ക്ക് അഭിനന്ദനമര്‍പ്പിക്കാനെത്തിയ ബിഗ് സ്‌ക്രീനിലെ വലിയ നടന്‍ ബിജുമേനോനെ ജന്മഭൂമി എംഡി എം.രാധാകൃഷ്ണനും നിര്‍മ്മാതാവ് ജി.സുരേഷ്‌കുമാറും ചേര്‍ന്ന് പൊന്നാടചാര്‍ത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.