നൃത്തച്ചുവടുകളുമായി ശാന്തികൃഷ്ണ

Monday 23 April 2018 3:25 am IST

കോട്ടയം : കുടുംബ പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച മിനിസ്‌ക്രീന്‍ താരങ്ങള്‍ ആടുകയും പാടുകയും ചെയ്തപ്പോള്‍ അക്ഷരനഗരി അക്ഷരാര്‍ത്ഥത്തില്‍ ആവേശത്തേരിലേറി. നൃത്ത ചുവടുകളുമായി മലയാളത്തിന്റെ പ്രിയ നായിക ശാന്തികൃഷ്ണ  എത്തിയതാണ് പ്രേക്ഷകരെ ഏറ്റവും ആഹ്ലാദിപ്പിച്ചത്. പരിപാടിയുടെ അവതരണഗാനത്തിനാണ് ശാന്തികൃഷ്ണയും സംഘവും നടന വൈഭവവുമായി വന്നത്. എസ്. രമേശ് നായര്‍ എഴുതി രമേശ് നാരായണ്‍ ഈണമിട്ട ഇത് ജന്മഭൂമി,ധര്‍മ്മ ഭൂമി..... എന്ന ഗാനത്തിനാണ് ചുവടുകള്‍ വച്ചത്. ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങി വന്ന ശാന്തി കൃഷ്ണ ആദ്യമായിട്ടാണ് കോട്ടയത്ത് പരിപാടി അവതരിപ്പിച്ചത്. 

പ്രേക്ഷക മനസ്സില്‍ നിന്ന് ഒരിക്കലും മായാത്ത താരങ്ങളെ നേരില്‍ക്കണ്ടതിന്റെ ആവേശത്തിലായിരുന്നു ബസേലിയോസ് കോളേജ് ഗ്രൗണ്ടില്‍ തടിച്ചുകൂടിയ ജനാവലി. പ്രഥമജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡ് നിശ ദ്യശ്യം 2018 ആരെയും അതിശയിപ്പിക്കുന്ന കലാ, സാംസ്‌കാരിക, സംഗമ വേദിയായി. നൃത്തവും പാട്ടും ഹാസ്യ പരിപാടിയും ചേര്‍ന്ന് അവിസ്മരണീയമായ കലാവിരുന്നിനാണ് കോട്ടയം സാക്ഷ്യം വഹിച്ചത്. രാഷ്ടീയ, സാംസ്‌കാരിക, സാമൂഹ്യ മണ്ഡലങ്ങളിലെ വ്യക്തിത്വങ്ങളും കലാസ്‌നേഹികളായ ആയിരങ്ങളുമാണ് ബസേലിയേസ് കോളേജ് മൈതാനിയില്‍ തിങ്ങി നിറഞ്ഞത്.  

കഴിഞ്ഞ വര്‍ഷത്തെ ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ക്കൊപ്പം ദേശീയ ചലച്ചിത്ര അവാര്‍ഡുകളിലൂടെ മലയാളത്തിന് അഭിമാനം വാനോളമുയര്‍ത്തിയ ചലച്ചിത്ര പ്രവര്‍ത്തകരെയും ആദരിച്ചുവെന്ന പ്രത്യേകതയും ദൃശ്യം 2018 ന് ഉണ്ടായിരുന്നു. 

     ആഘോഷരാവിന് കൊഴുപ്പേകി താരദമ്പതികളായ ധന്യാമേരി, ജോണ്‍ ജേക്കബ് എന്നിവര്‍ നൃത്ത ചുവടുകള്‍ വച്ചു. ഇവര്‍ക്ക് പുറമേ ശ്വാസിക,സ്റ്റെഫി ഗ്രേസ് എന്നിവര്‍ അടക്കം 15 അംഗ  സംഘത്തിന്റെ ചടുലമായ ചുവടുവയ്പുകള്‍  സദസ്സിനെ ആവേശത്തിലാക്കി.  മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവായ സുദീപ് കുമാര്‍ നേതൃത്വം നല്‍കിയ സംഗീത പരിപാടിയില്‍ സംസ്ഥാന അവാര്‍ഡ് ജേതാവ്  സിതാര കൃഷ്ണകുമാര്‍, ഐഡിയ സ്റ്റാര്‍ സിംഗര്‍ നജീം അര്‍ഷാദ്, വൈഷ്ണവ്, ലക്ഷ്മി വിജയന്‍, രാജശേഖരന്‍,ശാന്താബാബു തുടങ്ങിയവരും ഗാനങ്ങള്‍ ആലപിച്ചു. ഹാസ്യ പരിപാടിക്ക് സെന്തില്‍ കുമാര്‍ നേതൃത്വം നല്‍കി. കോമഡി സ്‌കിറ്റുകളുമായി സുദീപ് പറവൂര്‍, രശ്മി അനില്‍, വിനോദ്്, രവീണ,അജു, അരുണ്‍ ഗിന്നസ് തുടങ്ങിയവര്‍ താരനിശയ്ക്ക് കൊഴുപ്പേകി. പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ജി.എസ്.വിജയനാണ് താരനിശ സംവിധാനം ചെയ്തത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.