ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തള്ളി

Monday 23 April 2018 11:03 am IST
സുപ്രീകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉള്‍പ്പെടെ ഏഴ് പ്രതിപക്ഷ പാര്‍ട്ടികളിലെ എംപിമാര്‍ നല്‍കിയ ഇംപീച്ച്മെന്റ് നോട്ടീസ് രാജ്യസഭാ ഉപാധ്യക്ഷനായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തള്ളി.

ന്യൂദല്‍ഹി: സുപ്രീകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയെ  ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉള്‍പ്പെടെ ഏഴ് പ്രതിപക്ഷ പാര്‍ട്ടികളിലെ എംപിമാര്‍ നല്‍കിയ  ഇംപീച്ച്മെന്റ് നോട്ടീസ് രാജ്യസഭാ ഉപാധ്യക്ഷനായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തള്ളി. രാജ്യസഭ ചട്ടങ്ങള്‍ ലംഘിച്ചാണ് നോട്ടീസ് നല്‍കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയത്. ചീഫ് ജസ്റ്റീസിനെതിരായ ആരോപണങ്ങളില്‍ തെളിവില്ലെന്നും  വെങ്കയ്യ നായിഡു പറഞ്ഞു. 

ഞായറാഴ്ച വെങ്കയ്യ നായിഡു മുതിര്‍ന്ന അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി വിഷയം ചര്‍ച്ച ചെയ്തിരുന്നു. ചീഫ് ജസ്റ്റീസിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ അപക്വമാണ്. തെറ്റായ കീഴ്വഴക്കമാണ് ഉണ്ടായിരിക്കുന്നതെന്നും വെങ്കയ്യ നായിഡു പറഞ്ഞു. 

കോണ്‍ഗ്രസ്, ആര്‍ജെഡി, എന്‍സിപി, സിപിഎം, സിപിഐ, സമാജ്വാദി പാര്‍ട്ടി, ബിഎസ്പി, മുസ്ലിം ലീഗ് എന്നീ പാര്‍ട്ടികളാണ് ചീഫ് ജസ്റ്റീസിനെതിരെ കഴിഞ്ഞ ദിവസം ഇംപീച്ച്മെന്റ് നോട്ടീസ് വെങ്കയ്യ നായിഡുവിനു നല്‍കിയത്.

മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ചീഫ് ജസ്റ്റീസിന്റെ പേര് പരാമര്‍ശിക്കുന്നതടക്കം അഞ്ച് പ്രധാന വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം നോട്ടീസ് സമര്‍പ്പിച്ചത്. തനിക്കെതിരേ തന്നെയുള്ള കേസ് പരിഗണിച്ചു വിധി പറഞ്ഞതിലൂടെ അധികാര ദുര്‍വിനിയോഗം, മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍ എന്ന അധികാരത്തിന്റെ ദുര്‍വിനിയോഗം, ഭൂമി വാങ്ങാനായി തെറ്റായ സത്യവാങ്മൂലം നല്‍കല്‍, ചീഫ് ജസ്റ്റീസിനെതിരേയുള്ള ഹര്‍ജി സ്വയം കേള്‍ക്കുന്നതിനായി മെമ്മോ തീയതി തിരുത്തല്‍ തുടങ്ങിയ ആരോപണങ്ങളും ചീഫ് ജസ്റ്റീസിനെതിരേ ഉയര്‍ത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.