ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ പദവിയിലേക്ക് രഘുറാം രാജന്‍

Tuesday 24 April 2018 2:33 am IST

ന്യൂദല്‍ഹി: റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മേധാവിയാക്കാന്‍ സാധ്യത. യുകെയിലെ സാമ്പത്തിക ദിനപത്രമായ ഫിനാന്‍ഷ്യല്‍ ടൈംസാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പ്രശസ്ത സാമ്പത്തിക വിദഗ്ധനായ രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരിക്കെ കൈവരിച്ച നേട്ടങ്ങളും കേന്ദ്രീകൃത ബാങ്കിംഗില്‍ അദ്ദേഹത്തിനുള്ള അറിവും പരിചയവും ഈ മേഖലയില്‍ അദ്ദേഹം നേടിയിട്ടുള്ള അന്താരാഷ്ട്ര അംഗീകാരങ്ങളും ഇക്കാര്യത്തില്‍ അദ്ദേഹത്തിന് അനുകൂലമാകുമെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവില്‍ മാര്‍ക്ക് കാര്‍ണിയാണ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണര്‍. ഈ വര്‍ഷത്തോടെ അദ്ദേഹം ചുമതലയൊഴിയും. എട്ടുവര്‍ഷമാണ് പൊതുവെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവിയുടെ കാലാവധിയെങ്കിലും ഒരു ചുവട് പുറകിലേക്ക് വച്ച് അഞ്ചുവര്‍ഷം കൊണ്ട് കാലാവധി പൂര്‍ത്തിയാക്കുകയാണ് കാര്‍ണി. ഈ ഒഴിവിലേക്കാണ് രഘുറാം രാജന്റെ പേരും തെരഞ്ഞെടുത്തിരിക്കുന്നത്. കനേഡിയനാണ് മാര്‍ക് കാര്‍ണി. യുകെ സര്‍ക്കാരാണ് സെന്‍ട്രല്‍ ബാങ്കിന്റെ ഗവര്‍ണറെയും ഡപ്യൂട്ടി ഗവര്‍ണര്‍മാരെയും തെരഞ്ഞെടുക്കുന്നത്. ആര്‍ക്കാണ് ആഗോള സമ്പദ് വ്യവസ്ഥയില്‍ മാറ്റമുണ്ടാക്കാനുള്ള പ്രാഗത്ഭ്യവും കഴിവുമുള്ളതെന്നനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ്. ബ്രിട്ടീഷ് പൗരന്‍ ആയിരിക്കണമെന്ന് നിര്‍ബന്ധമില്ല. 

2016ല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനമൊഴിഞ്ഞ രഘുറാം രാജന്‍ നിലവില്‍ ചിക്കാഗോ ആസ്ഥാനമായുള്ള സാമ്പത്തികശാസ്ത്ര യൂണിവേഴ്‌സിറ്റിയായ ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസില്‍ പ്രൊഫസറാണ്. ഐഎംഎഫിലെ സാമ്പത്തികശാസ്ത്ര വിദഗ്ധരുടെ മേധാവിയായും ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്‌സിന്റെ വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോകബാങ്കിലെ വിസിറ്റിംഗ് പ്രൊഫസറുമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.