വാട്‌സാപ്പ് ഹര്‍ത്താലല്ല, ആസൂത്രിത ഹിന്ദുവിരുദ്ധ കലാപം: ബിജെപി

Tuesday 24 April 2018 3:00 am IST

തിരുവനന്തപുരം: കശ്മീരി പെണ്‍കുട്ടിയുടെ പേര് പറഞ്ഞ് കേരളത്തില്‍ നടന്നത് കേവലം വാട്‌സാപ്പ് ഹര്‍ത്താലല്ല, ആസൂത്രിതമായ ഹിന്ദുവിരുദ്ധ കലാപമായിരുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അപ്രഖ്യാപിത ഹര്‍ത്താലിനും തുടര്‍ന്ന് നടന്ന അക്രമത്തിനും ഐഎസുമായി ബന്ധമുണ്ട്. ഇക്കാര്യത്തില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പരാതി നല്‍കും. അക്രമങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആധില്‍ എഎക്‌സ് എന്ന ശ്രീലങ്കയിലെ ഐഎസ് അനുകൂല സംഘടന തയ്യാറാക്കിയ പോസ്റ്ററുകളാണ് കശ്മീരിലെ പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വാട്‌സ്ആപ്പ് വഴി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. തീവ്രവാദ ബന്ധമുള്ളതിനാല്‍ ഈ സംഘടനയുടെ ഫെയ്‌സ്ബുക്ക് പേജ് അടക്കമുള്ള സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ഇന്റര്‍പോള്‍ അടച്ചു പൂട്ടിച്ചിട്ടുമുണ്ട്. എസ്ഡിപിഐ പോലെയുള്ള സംഘടനകള്‍ക്ക് ഇവരുമായി എന്താണ് ബന്ധമെന്ന് അന്വേഷിക്കാന്‍ കേരളാ പോലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്ന് രമേശ് ചൂണ്ടിക്കാട്ടി. ഏതാനും ചില വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ അന്വേഷണം ഒതുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സിപിഎം അജണ്ട നടപ്പാക്കുകയാണ് പോലീസ്. ഇതിന് പോലീസിനുമേല്‍ സമ്മര്‍ദമുണ്ടെന്നും രമേശ് ആരോപിച്ചു.

മലപ്പുറം ജില്ലയില്‍ മാത്രം രണ്ട് ക്ഷേത്രങ്ങളാണ് അക്രമിക്കപ്പെട്ടത്. എന്നിട്ടും ഇതുമായി ആര്‍എസ്എസിനെ ബന്ധപ്പെടുത്താനുള്ള ആസൂത്രിത ശ്രമം ചില കേന്ദ്രങ്ങള്‍ നടത്തി. ഒരു വിഭാഗം മാധ്യമങ്ങളും ഇതിനു കൂട്ടു നിന്നിട്ടുണ്ട്. സംഭവവുമായി ആര്‍എസ്എസിന് ബന്ധമില്ലെന്ന് പോലീസ് തന്നെ വിശദീകരിച്ചിട്ടും വ്യാജവാര്‍ത്തകള്‍ ചിലര്‍ ബോധപൂര്‍വം പ്രചരിപ്പിക്കുകയായിരുന്നു. അത്തരക്കാരെക്കുറിച്ച് മാധ്യമസ്ഥാപന അധികാരികള്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

മലബാര്‍ മേഖലയില്‍ നടന്ന ആസൂത്രിതവും ഏകപക്ഷീയവുമായ അക്രമം വലിയ കലാപമായി മാറാതിരുന്നത് ഹിന്ദുസമൂഹത്തിന്റെ ആത്മസംയമനം കൊണ്ടുമാത്രമാണ്. വാഹനപരിശോധനയും ദേഹപരിശോധനയും നടത്തിയാണ് അവിടെ അക്രമം നടത്തിയത്. പിടിയിലായവരില്‍ സിപിഎമ്മുകാരും കോണ്‍ഗ്രസുകാരും ലീഗുകാരുമുണ്ട്. ഇക്കാര്യത്തില്‍ ആ പാര്‍ട്ടികള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കണം. അക്രമങ്ങളിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. അതിന് പിരിവ് നടത്തുകയല്ല വേണ്ടത്. തീവ്രവാദികള്‍ കൊള്ളയടിച്ചതിന് ജനങ്ങള്‍ നഷ്ടപരിഹാരം നല്‍കണമെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.