കോണ്‍ഗ്രസ് സര്‍ക്കാരില്‍ ചേരാം, പിന്തുണയ്ക്കാം; കാരാട്ട് ദമ്പതിമാരെ യെച്ചൂരി വിചാരണ ചെയ്യും

Monday 23 April 2018 8:37 pm IST
കാരാട്ടിന്റെ മുന്‍കാല നയങ്ങളെയും വിമര്‍ശിച്ച് പാര്‍ട്ടിയില്‍നിന്ന് പുറത്തേക്കുള്ള വഴിയൊരുക്കുകയാണ് ഇനി യെച്ചൂരിയുടെ പദ്ധതി.

ഹൈദരാബാദ്: സിപിഎം ജനറല്‍ സെക്രട്ടറിയായി വീണ്ടും നിയുക്തനായ സീതാറാം യെച്ചൂരി വരുംകാലങ്ങളില്‍ പ്രകാശ് കാരാട്ടിനെ പാര്‍ട്ടി വേദികളില്‍ വിചാരണ ചെയ്യും. കാരാട്ടിന്റെ മുന്‍കാല നയങ്ങളെയും വിമര്‍ശിച്ച് പാര്‍ട്ടിയില്‍നിന്ന് പുറത്തേക്കുള്ള വഴിയൊരുക്കുകയാണ് ഇനി യെച്ചൂരിയുടെ പദ്ധതി. വേണ്ടിവന്നാല്‍, കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനും സര്‍ക്കാരില്‍ ചേരാനും മന്ത്രിസഭയില്‍ അംഗമാകാനുംവരെയുള്ള അവസരങ്ങളും അനുമതികളും നേടിയാണ് ഹൈദരബാദിലെ 22 -ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരി വിജയിച്ചത്. 

പ്രകാശ്കാരാട്ടിന്റെ നയങ്ങള്‍ക്കും നിലപാടുകള്‍ക്കും ഏറ്റ കനത്ത പരാജയത്തിന്റെ പ്രതിഫലനമാണ് പ്രകാശിന്റെ ഭാര്യ വൃന്ദ കാരാട്ട്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെതിരായി പാര്‍ട്ടി നയം പറഞ്ഞത്. കാരാട്ട് ദമ്പതിമാര്‍ക്ക് വരുംകാലം പാര്‍ട്ടിയില്‍ സ്വസ്ഥതയും സ്ഥാനവും ഇല്ലാതാകാന്‍ പോകുന്നുവെന്നതിന്റെ സൂചന അവര്‍ക്ക് കിട്ടിക്കഴിഞ്ഞു. വൃന്ദാകാരാട്ടിന്റെ സഹോദരിയാണ് എന്‍ഡിടിവിയുടെ ഉടമസ്ഥ രാധികാ റോയ്.

രാധികാ റോയ്‌യുടെ ഭര്‍ത്താവാണ് പ്രമുഖ പത്രപ്രവര്‍ത്തകന്‍ പ്രണോയ് റോയ്. വൃന്ദയുടെ ഭര്‍ത്താവാണ് പ്രകാശ് കാരാട്ട്. പാവങ്ങളുടെ പാര്‍ട്ടി നേതാക്കളായ കാരാട്ട് ദമ്പതിമാര്‍ക്ക് എന്‍ഡിടിവിയുടെ ഉടമസ്ഥതയില്‍ നേരിട്ടല്ലാത്ത പങ്കാളിത്തമുണ്ട്. എന്‍ഡിടിവി വിദേശ ഫണ്ടു സ്വീകരണം ചട്ടം തെറ്റിഞ്ഞ വിദേശ സാമ്പത്തിക ഇടപാട് തുടങ്ങിയ കേസുകളില്‍ അനേ്വഷണവും കേസും നേരിട്ടുകൊണ്ടിരിക്കുകയാണ്.

പാര്‍ട്ടി പ്രവര്‍ത്തനത്തിനും പാര്‍ട്ടിയില്‍ മേല്‍ക്കോയ്മ പിടിക്കുന്നതിനും രണ്ടു നേതാക്കളും പാര്‍ട്ടിയുടെ നിര്‍വചന പ്രകാരമുള്ള ബൂര്‍ഷ്വാ മാധ്യമത്തെ ദുര്‍വിനിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഈ കാര്യങ്ങളിലെല്ലാം അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലുകള്‍ വൈകാതെ വെളിപ്പെടും. ഇത് ആയുധമാക്കി കാരാട്ടുദമ്പതികള്‍ക്കെതിരേ പാര്‍ട്ടിയില്‍ കര്‍ശന നിലപാടുകള്‍ എടുക്കാന്‍ സീതാറാം യെച്ചൂരി വിഭാഗം പടയൊരുക്കം തുടങ്ങിയിട്ട് ഏറെ നാളായി. ഈ സാഹചര്യത്തിലായിരുന്നു യെച്ചൂരിക്കെതിരേ പ്രകാശ് കരാട്ട്    'കുരിശു യുദ്ധം' പ്രഖ്യാപിച്ചത്.

ഹൈദരാബാദ് പാര്‍ട്ടി കോര്‍ണ്‍ഗ്രസ് തീരുമാനപ്രകാരം, പാര്‍ട്ടി ഒന്നാം യുപിഎയുടെ കാലത്തേക്ക് രാഷ്ട്രീയമായി തിരിച്ചു പോയിരിക്കുകയാണ്. അതായത് കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണയ്ക്കുക എന്ന ലൈന്‍. അപ്പോള്‍ ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ സിപിഎം പിന്‍വലിച്ചത് എന്ത് അടിസ്ഥാനത്തിലായിരുന്നു, എന്തിനായിരുന്നു, അതുകൊണ്ട് പാര്‍ട്ടിക്കുണ്ടായ നഷ്ടങ്ങള്‍ എന്തെല്ലാമാണ് എന്ന വിശകലനം വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ ഉണ്ടാകും. വിചാരണചെയ്യപ്പെടുക അന്ന് പര്‍ട്ടി ജനറല്‍ സെക്രട്ടിയായിരുന്ന പ്രകാശ് കാരാട്ടായിരിക്കും. ഇത് എന്‍ഡിടിവി ഇടപാടിലേക്കും പാര്‍ട്ടിയുടെ വനിതാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഉത്തരവാദിത്തത്തിലിരുന്ന് സമാന്തര സംഘടന പോലെ, 'സ്വന്തം കോടതി' നടത്തി നടത്തിയ വൃന്ദാ കാരാട്ടും വിചാരണ ചെയ്യപ്പെടും. പാര്‍ട്ടിയുടെ ബംഗാള്‍ ഘടകം അതിശക്തമായി കാരാട്ട് ദമ്പതികള്‍ക്കെതിരേ നീക്കങ്ങള്‍ക്ക് 'പ്രതിജ്ഞ'യെടുത്തുകഴിഞ്ഞു.

കൊല്‍ക്കത്തയില്‍നിന്നുള്ള പത്രമായ ദി ടെലിഗ്രാഫിന് സീതാറാം യെച്ചൂരി നല്‍കിയ അഭിമുഖത്തില്‍നിന്ന് അടുത്ത നീക്കങ്ങള്‍ വായിച്ചെടുക്കാവുന്നതാണ്. അഭിമുഖത്തില്‍നിന്ന്: 

''രണ്ട് കാഴ്ചപ്പാടുകളില്‍നിന്ന് അവസാനം ധാരണ ഉണ്ടാക്കുകയായിരുന്നു. പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി ഒരു പൊതുസമ്മതമായ ഭേദഗതി അവതരിപ്പിക്കുകയായിരുന്നു. അതുകൊണ്ടാണ് ഞാന്‍ പറയുന്നത്, ഞങ്ങളുടെ ഐക്യവും നിശ്ചയ ദാര്‍ഢ്യവും കൂടുതല്‍ ശക്തിപ്പെട്ടതെന്ന്.'' (അതായത് യെച്ചൂരിയുടെ നിര്‍ദ്ദേശത്തില്‍ സമവായവും ധാരണയും ഉണ്ടായതാണ്, അല്ലാതെ കാരാട്ടിന്റെ നിലപാടിന്റെ വിജയമല്ലെന്നാണ് ജനറല്‍ സെക്രട്ടറിയുടെ വിശദീകരണം.)

''ഏതെങ്കിലും ഭരണവര്‍ഗ പാര്‍ട്ടിയുമായി പരസ്യ സഖ്യമില്ല. ബദല്‍ ഘടന നല്‍കുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പ് പ്രശ്‌നം വരുമ്പോള്‍ ഈ രാഷ്ട്രീയ ലക്ഷ്യത്തിന്റെ അടിത്തറയില്‍ ഉണ്ടാക്കാവുന്ന അപ്പപ്പോള്‍ യുക്തമായ തന്ത്രങ്ങള്‍ പ്രയോഗിക്കും. 'ധാരണ' എന്നത് ഞങ്ങള്‍ നിര്‍വചിച്ചിട്ടുണ്ട്. പാര്‍ലമെന്റിനുള്ളിലും പുറത്തും സഹകരണം, പൊതു സമരങ്ങളില്‍ സംഘടനാ സഹകരണം.''

(അതായത്, ഇനി പാര്‍ട്ടി നിലപാടുകള്‍ അപ്പപ്പോള്‍ ജനറല്‍ സെക്രടറി നിശ്ചയിക്കും. പാര്‍ലമെന്റിലും പുറത്തും മറ്റും ആരുമായും ഒന്നിക്കും. പാര്‍ട്ടി പരിപാടികളിലൊന്നും മറ്റു കക്ഷികള്‍ക്ക് സംബന്ധമില്ല, എന്നര്‍ത്ഥം.)

''ഒന്നാം യുപിഎ കാലത്തെയോ, 1996 ലെയോ സാഹചര്യം ഉണ്ടായാല്‍ അപ്പോള്‍ നോക്കാം കാര്യങ്ങള്‍. അന്നന്നേരത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് തന്ത്രമുണ്ടാക്കും. ചെ ഗുവേര പറഞ്ഞിട്ടുണ്ട്, 'കണ്ണിലെ കൃഷ്ണമണിപോലെ ഐക്യം കാക്കണ'മെന്ന്. അതാണ് ആയുധം, അത് സംരക്ഷിക്കണം.''

(ആദര്‍ശ പുരുഷന്‍ മാര്‍ക്‌സോ ഏംഗല്‍സോ ലെനിനോ സ്റ്റാലിനോ അല്ല, കാലമനുസരിച്ച് ചെ ഗുവേരയാണെന്നാണ് ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന. ഒൡപ്പോരാണ് മാര്‍ഗം, നയമില്ലായ്മയാണ് നയം എന്ന സന്ദേശം)

'' 2006 -ല്‍ ഞങ്ങള്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിനെ പിന്തുണച്ചു. ബംഗാളിലും കേരളത്തിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ജയിച്ചു. ബംഗാളില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ എല്ലാ മതേതര ശക്തികള്‍ക്കുമൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും. അതിനപ്പുറം ഇപ്പോള്‍ ചിന്തിച്ചിട്ടില്ല. സമയം വരുമ്പോള്‍ അക്കാര്യം തീരുമാനിക്കും. 

കേരളത്തില്‍ ബിജെപിക്കെതിരേ, കോണ്‍ഗ്രസുമായി പോരാടി വിശാല ഐക്യം ഉണ്ടാക്കും. ഇക്കാര്യത്തില്‍ ആശയക്കുഴപ്പമില്ല.''

(കേരളത്തിലും പാര്‍ട്ടി കോണ്‍ഗ്രസുമായി ധാരണയായി എന്നു സുവ്യക്തമാക്കുന്നതാണ് ജനറല്‍ സെക്രട്ടറിയുടെ വിശദീകരണം. കോണ്‍ഗ്രസിനെ മതേതര പാര്‍ട്ടിയായി അംഗീകരിച്ചുകഴിഞ്ഞു. )

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.