നഗരങ്ങളില്‍ ഭവനരഹിതര്‍ക്ക് വീടിന് കേന്ദ്രാനുമതി

Tuesday 24 April 2018 8:54 am IST

തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ-നഗരം)യുടെ ഭാഗമായി കേരളത്തിലെ നഗരങ്ങളില്‍ ഭൂമിയുള്ള എല്ലാ ഭവനരഹിതര്‍ക്കും വീടു നിര്‍മിച്ചു നല്‍കാന്‍ കേന്ദ്രാനുമതി. ലൈഫ് പദ്ധതിയുടെ ഭാഗമായി പിഎംഎവൈ (നഗരം)യില്‍ ഉള്‍പ്പെടുത്തിയാണ് വീട് നിര്‍മിച്ചു നല്‍കുന്നത്. 

പിഎംഎവൈ-ലൈഫ് പദ്ധതിയുടെ ഭാഗമായി കേരളത്തിലെ 32 നഗരസഭകളിലായി 5073 വീടുകള്‍ കൂടി നിര്‍മിക്കാന്‍ 203 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 26ന് ദല്‍ഹിയില്‍ നടന്ന കേന്ദ്ര സാങ്ഷനിങ് ആന്‍ഡ് മോണിറ്ററിങ് സമിതിയാണ് പദ്ധതിക്ക് അനുമതി നല്‍കിയത്. ഇതോടെ കേരളത്തിലെ 93 നഗരസഭകളില്‍ സ്വന്തമായി സ്ഥലമുള്ള എല്ലാവര്‍ക്കും വീടുകളാകും. 82,487 ഗുണഭോക്താക്കളുടെ വീടുകള്‍ക്കുള്ള അനുമതിയാണ് ആകെ ലഭ്യമായത്. പദ്ധതിയുമായി ബന്ധപ്പെട്ട് നിലവില്‍ 2023 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി.

ധനസഹായം ലൈഫ് പദ്ധതിയുടെ യൂണിറ്റ് നിരക്കു പ്രകാരം നാലുലക്ഷം രൂപയായി ഉയര്‍ത്തി ഫെബ്രുവരി 28ന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് 2017 ഏപ്രില്‍ ഒന്നിനു ശേഷം പദ്ധതിയുമായി ബന്ധപ്പെട്ട് കരാര്‍ വച്ച എല്ലാ ഗുണഭോക്താക്കള്‍ക്കും മുന്‍കാല പ്രാബല്യത്തോടെ നാലു ലക്ഷം രൂപ വീതം ധനസഹായം ലഭിക്കും. നാലു ലക്ഷം രൂപയില്‍ ഒന്നരലക്ഷം രൂപ കേന്ദ്രം നല്‍കും. ശേഷിച്ച തുകയില്‍ 50,000 രൂപ സംസ്ഥാന വിഹിതവും രണ്ടു ലക്ഷം രൂപ നഗരസഭാ വിഹിതവുമാണ്. ഗുണഭോക്തൃ വിഹിതം നല്‍കേണ്ടതില്ല എതും ഗുണഭോക്താക്കള്‍ക്ക് സഹായകരമാണ്. പിഎംഎവൈ-ലൈഫ് പദ്ധതിയുടെ കേരളത്തിലെ നോഡല്‍ ഏജന്‍സി കുടുംബശ്രീയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.