നിയമം സ്വാഗതാർഹം, പക്ഷേ കരുതൽ വേണം

Tuesday 24 April 2018 3:55 am IST

ബാലപീഡനങ്ങളുടെ ദുരന്തകാലമാണിത്. ഒന്നിനു പുറകെ ഒന്നായി വരുന്ന വാര്‍ത്തകള്‍ മനസ്സാക്ഷിയുള്ളവരെയൊക്കെ ഞെട്ടിക്കും. കുട്ടികളെ ഓര്‍ത്തു രാജ്യം കരഞ്ഞ ദിവസങ്ങളാണ് കടന്നുപോയത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഓര്‍ഡിനന്‍സ് ആ ദുരന്ത പരമ്പരയ്ക്ക് അവസാനമുണ്ടാക്കുമെങ്കില്‍ അതു സ്വാഗതാര്‍ഹം തന്നെ. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്ന നിയമത്തില്‍(പോക്‌സോ) ഭേദഗതി വരുത്തിക്കൊണ്ടുള്ളതാണ് ഓര്‍ഡിനന്‍സ്. കുട്ടികളോടും രാജ്യത്തോടും സമൂഹത്തോടും ചെയ്യുന്ന ഏറ്റവും വലിയ കാര്യമായിരിക്കുമത്. ലൈംഗിക തൃഷ്ണ, മനുഷ്യന്‍ അടക്കമുള്ള ജീവജാലങ്ങള്‍ക്കു പ്രകൃതിദത്തമാണ്.

മനുഷ്യന് വിവേചന ബുദ്ധി എന്ന മറ്റൊന്നുകൂടി പ്രകൃതി തന്നത് ജന്മവാസനകളെ വിവേചന പൂര്‍വം ഉപയോഗിക്കാനാണ്. ആ വിവേചന ബോധം ഇല്ലാത്തവരാണ് സമൂഹത്തിന്റെ ശാപം. അവരില്‍ ലൈംഗിക തൃഷ്ണ, വൈകൃതങ്ങളിലേയ്ക്കും ക്രൂരതയിലേയ്ക്കും ഗതിമാറും. അത്തരക്കാരുടെ ഇരയായി മാറുന്നതോ പാവം കുട്ടികള്‍. പ്രത്യേകിച്ചു പെണ്‍കുട്ടികള്‍. എട്ടുമാസം മാത്രം പ്രായമുള്ള കുട്ടിയെപ്പോലും താത്ക്കാലിക ലൈംഗിക സംതൃപ്തിക്കായി ഉപയോഗിക്കുന്ന നിലയിലേയ്ക്ക് തരംതാണവരും നമ്മുടെ സൂഹത്തിലുണ്ടെന്ന സത്യം കുറ്റബോധത്തോടുകൂടിയേ ഓര്‍ക്കാന്‍ കഴിയൂ. 

കുട്ടികളുടെ മുഖത്തെ നിഷ്‌കളങ്കമായ ചിരിയേയും പെരുമാറ്റത്തേയും അതിന്റെ അതേ മൂല്യത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍ പെട്ടെന്നുള്ള തൃഷ്ണയ്ക്ക് അടിപ്പെടുമ്പോള്‍ നഷ്ടമാകുന്നത് കുട്ടിയുടെ മാനവും പലപ്പോഴും ജീവനുമായിരിക്കും. കാര്യങ്ങള്‍ അവിടംകൊണ്ടു തീരുന്നില്ല. കുടുംബത്തിന്റെയും സമൂഹത്തിന്റെയും മനസ്സാക്ഷിയെ അത് ഏറെക്കാലം വേദനിപ്പിക്കും. അതാണ് ഇന്നു രാജ്യത്ത് പരമ്പരയായി നടന്നുവരുന്നത്. 

മേലുകീഴ് നോക്കാതെ സാഹചര്യത്തിന്റെ പ്രലോഭനങ്ങളിലേയ്ക്ക് എടുത്തു ചാടുന്നവരും കാര്യങ്ങള്‍ മൂന്‍കൂട്ടി പഠിച്ചു ഗൂഢാലോചന നടത്തുന്നവരും ഇക്കൂട്ടത്തിലുണ്ടാകും. രണ്ടു കൂട്ടരുടേയും ചെയ്തിയുടെ ഫലം ഒന്നുതന്നെയെങ്കിലും രണ്ടു കൂട്ടരേയും രണ്ടായിക്കണ്ടുതന്നെ പരിഹാരം കാണേണ്ടിവരും. രണ്ടു കാര്യങ്ങളിലും നിയമത്തിന്റെ കര്‍ശനമായ ഇടപെടല്‍ വേണം. ആദ്യ വിഭാഗക്കാരില്‍ അതിനു പുറമെ മാനസിക പരിവര്‍ത്തനത്തിനുള്ള മാര്‍ഗം കൂടി കണ്ടെത്തേണ്ടിയും വരും. കുട്ടികളെ കുട്ടികളായി കാണാതെ കേവലം സ്ത്രീരൂപത്തില്‍ മാത്രം കാണുന്ന മാനസിക രോഗംകൂടി ഉള്ളവരായിരിക്കും ഇത്തരക്കാര്‍. 

കുട്ടികളുടെ സുരക്ഷ ഏതുസമൂഹത്തേയും രാജ്യത്തേയും സംബന്ധിച്ചു പരമ പ്രധാനമാണെന്നതിനു സംശയമില്ല. അതു കര്‍ശനമായ നിയമ വ്യവസ്ഥയിലൂടെയേ സാധിക്കാനാകൂ താനും. ഇരകള്‍ക്കു നഷ്ടപ്പെട്ടതൊന്നും തിരിച്ചുകിട്ടില്ലെങ്കിലും വധശിക്ഷ എന്ന മുന്നറിയിപ്പ് കുറ്റകൃത്യങ്ങളില്‍ നിന്നു പിന്മാറാന്‍ ഇത്തരക്കാരെ പ്രേരിപ്പിക്കും എന്നതാണു പുതിയ നിയമം സമൂഹത്തിനു നല്‍കുന്ന ഉറപ്പും സുരക്ഷാ ബോധവും. നിയമമല്ല, അതിന്റെ കൃത്യമായ പാലനമാണ് പ്രധാനം. അത് ഈ നിയമത്തിനും ബാധകമായിരിക്കും. സ്വാര്‍ത്ഥ താത്പര്യത്തിനും ഉന്നതങ്ങളില്‍ നിന്നുള്ള ആജ്ഞ നടപ്പാക്കാനും നിയമത്തില്‍ പഴുതുകള്‍ തേടുകയും ഇരകളെയും നിരപരാധികളെയും പ്രതികളാക്കുകയും ചെയ്യുന്ന നിയമ വ്യവസ്ഥിതിയുടെ സംരക്ഷകരിലേയ്ക്കാണ് ഈ നിയമവും ചെല്ലുന്നത്.

കൃത്യമായ വ്യവസ്ഥകള്‍ വഴി എല്ലാ പഴുതുകളും അടച്ചില്ലെങ്കില്‍  ഈ നിയമവും അട്ടിമറിക്കപ്പെട്ടേക്കാം. താത്പര്യ സംരക്ഷണത്തിനും പകപോക്കലിനും വേണ്ടി ദുരുപയോഗം ചെയ്‌തേക്കാം. നിയമപുസ്തകത്തിലെ വാക്കുകള്‍ക്കു വികാര, വിചാരങ്ങളും വിവേചന ബുദ്ധിയുമില്ല. പക്ഷേ, അതു കൈകാര്യം ചെയ്യുന്നവര്‍ക്ക് ഇവയും അതിനൊപ്പം ഉത്തരവാദിത്തബോധവും പക്വതയും ആത്മാര്‍ത്ഥതയും വേണം. എങ്കിലേ നിയമത്തിനു പിന്നിലെ ഉദ്ദേശശുദ്ധി സംരക്ഷിക്കപ്പെടുകയുള്ളു. ചുരുക്കത്തില്‍ നിയമം മാത്രം പോര, നിയമപാലന വ്യവസ്ഥയില്‍ ശുദ്ധീകരണവും വേണം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.