ഇംപീച്ച്മെൻ്റ് നീക്കം വെറും ധാർഷ്ട്യം

Tuesday 24 April 2018 4:57 am IST

ചീഫ് ജസ്റ്റിസിനെ  ഇംപീച്ച്‌ചെയ്യാനുള്ള നീക്കം ഇന്ത്യയുടെ ചരിത്രത്തിലാദ്യമായിരുന്നു. കൃത്യമായ തെളിവുകളോ ആരോപണങ്ങളോ ഇല്ലാതെ,  ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാന്‍ ശ്രമിക്കുന്നത് ദുരുദ്ദേശപരമാണ്. രാഷ്ട്രീയപ്രേരിതമാണ്. രാജ്യത്തെ പരമോന്നത നീതി പീഠത്തിനെ കരിതേയ്ക്കുന്നതിന് തുല്യമാണ്. ഇതു ജനങ്ങള്‍ക്ക് കോടതികളോടുള്ള ബഹുമാനം ഇല്ലാതാക്കും. വിശ്വസ്യത തകര്‍ക്കും. നിയമ വിദഗ്ധര്‍ പ്രതികരിക്കുന്നു.  

അംഗീകരിക്കാനാവില്ല, ഇന്ത്യന്‍ സമൂഹം രംഗത്തു വരണം: ജസ്റ്റിസ് കെ.ടി. തോമസ്

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള പ്രതിപക്ഷ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെടി തോമസ് പറഞ്ഞു. സുപ്രീംകോടതി പോലുള്ള ഒരു സ്ഥാപനത്തെ ഇടിച്ചുതാഴ്ത്തുകയായിരുന്നു ഇതിനു പിന്നിലെ ലക്ഷ്യം. ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടതുപോലെ വിധി വന്നില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ ചീത്തയാക്കും എന്ന ധാര്‍ഷ്ട്യമാണ് പ്രതിപക്ഷത്തിന്. ഒരു തരത്തിലും ഇത് പ്രോത്സാഹിപ്പിച്ചുകൂടാ. ഇന്ത്യന്‍ സമൂഹം ഒന്നടങ്കം ഇതിനെതിരെ രംഗത്ത് വരണം. ഞങ്ങള്‍ പറയുന്ന പോലെ നിങ്ങള്‍ വിധിക്കണമെന്ന ധാര്‍ഷ്ട്യമാണവര്‍ക്ക്. ഞങ്ങള്‍ക്ക് ജനങ്ങള്‍ ഭൂരിപക്ഷം തന്നില്ല, പക്ഷേ, ഞങ്ങളുടെ കൈയ്യിലുള്ള കുറച്ചുപേരെക്കൊണ്ട് രാഷ്ട്രീയക്കളികളിച്ച് നിങ്ങളെ ഞങ്ങള്‍ മോശമാക്കുമെന്ന നിലപാടാണവര്‍ക്ക്. ലീഗല്‍ കമ്മ്യൂണിറ്റി ഒരിക്കലും ഇതിനെ പിന്തുണയ്ക്കരുത്.

രാഷ്ട്രീയപ്രേരിതം: ജസ്റ്റിസ് എം. രാമചന്ദ്രന്‍

കുറ്റകരമായ അനാസ്ഥയുണ്ടെങ്കില്‍ മാത്രമേ ഇംപീച്ച്‌മെന്റ് വ്യവസ്ഥ ചെയ്യുന്നുള്ളുവെന്ന് കേരളഹൈക്കോടതി മുന്‍ജഡ്ജി ജസ്റ്റിസ് എം. രാമചന്ദ്രന്‍ പറഞ്ഞു.വിധി ഇഷ്ടമല്ലാത്തതാണെന്ന് പറഞ്ഞ് ഉടനെ ഇംപീച്ച്‌മെന്റ് വേണമെന്ന് പറയാനാവില്ല. രാഷ്ട്രീയ പ്രേരിതമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ലോയ കേസുമായി ബന്ധപ്പെട്ട വിധി വന്ന ഉടനെ ഇംപീച്ച്‌മെന്റിന് നീക്കം നടത്തിയതില്‍ നിന്ന് ഇത് വ്യക്തമാണ്. രാജ്യസഭയിലും ലോക്‌സഭയിലും ഭൂരിപക്ഷമുണ്ടെങ്കിലേ ഇംപീച്ച് ചെയ്യാനാവൂ. ഇംപീച്ച്‌മെന്റ് നടക്കില്ലെന്ന് പ്രതിപക്ഷത്തിനും അറിയാമായിരുന്നു. വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കാനുള്ള നടപടി മാത്രമായേ ഇതിനെ കാണാനാവൂ. പ്രതിപക്ഷത്തിന്റെ നിലപാടില്‍ ഖേദമുണ്ട്.

തെറ്റായ തീരുമാനം: ജസ്റ്റിസ് (റിട്ട.) സോധി

ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള  നീക്കം തെറ്റായ ഒന്നാണെന്ന്  ജസ്റ്റിസ് (റിട്ട) ആര്‍എസ് സോധി.  യാതൊരു ന്യായീകരണവും ഇല്ലെന്നും ഇംപീച്ച് ചെയ്യാന്‍ സാധിക്കില്ലെന്നും  അവര്‍ക്ക് അറിയാം. അറിഞ്ഞുകൊണ്ടുതന്നെ ഇത്തരമൊരു നീക്കം നടത്തിയതു ശരിയായില്ല.

രാഷ്ട്രീയപ്രേരിതം; അഡീ. സോളിസിറ്റര്‍ ജനറല്‍ സത്യപാല്‍ സിങ്

പ്രതിപക്ഷ നീക്കം രാഷ്ട്രീയപ്രേരിതം തന്നെ. ഇത് നീതിന്യായ സംവിധാനത്തെ അപകീര്‍ത്തിപ്പെടുത്താനാണ്. നീതിന്യായ വ്യവസ്ഥയെ ബാധിക്കും: 

സോളി സൊറാബ്ജി(മുന്‍ അറ്റോര്‍ണിജനറല്‍)

നീക്കം ദുഷ്ടലാക്കോടെയായിരുന്നു. സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥയെ ഇതു ബാധിക്കും. ജനങ്ങളുടെ കാഴ്ചപ്പാടിനെയും ബാധിക്കും.  എന്താണ് ചീഫ് ജസ്റ്റിസിന്റെ മോശമായ പെരുമാറ്റം? ഇംപീച്ച്‌മെന്റ് നീക്കം എന്തടിസ്ഥാനത്തിലാണ്? ഒരു വിധി തങ്ങള്‍ക്ക് അനുകൂലമല്ലെന്നതിനാലോ?  തോല്‍വി അംഗീകരിക്കാനും അനുകൂലമല്ലാത്ത ഉത്തരവുകളെ അംഗീകരിക്കാനും മനസിലാക്കാനും പഠിക്കണം. 

ചീഫ് ജസ്റ്റിസിനെ ക്രിമിനലായി കാണരുത് -റാം ജെത്മലാനി

നീക്കം തെറ്റായ ഒന്നാണ്. ചീഫ് ജസ്റ്റിസിനെ ക്രിമിനലായി കാണുന്നത്  തെറ്റാണ്. നിയമം അല്‍പ്പം പോലും അറിയാത്തവരാണ് ഇവര്‍ക്കു പിന്നില്‍. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.