നുണക്കഥകളിലെ വീരനായി പിണറായി

Tuesday 24 April 2018 5:00 am IST

. വീഴ്ച പറ്റിയെന്ന് ആഴ്ച തോറും ഏത്തമിടുകയായിരുന്നു വിജയന്‍ സര്‍ക്കാര്‍.

. തോല്‍വി മറയ്ക്കാന്‍ നുണക്കഥകള്‍ നിര്‍ബാധം പടച്ചുവിടുന്നതില്‍ മുഖ്യമന്ത്രി നേരിട്ട് നേതൃത്വം നല്‍കി. 

. കേരളത്തില്‍ കൊലപാതകങ്ങള്‍ പെരുകിയപ്പോള്‍ യുപിയിലേക്ക് നോക്കി മുദ്രാവാക്യം 

. ബീഫ് നിരോധനമെന്ന് കള്ളം പറഞ്ഞു

. അറവുശാലകള്‍ക്ക് നിരോധനമെന്ന് കള്ളം പറഞ്ഞു

. നോട്ട് റദ്ദാക്കലിന്റെ പേരില്‍ നാടൊട്ടുക്ക് പരിഭ്രാന്തി സൃഷ്ടിച്ചു 

. ജിഎസ്ടിയുടെ പേരില്‍ നട്ടാല്‍ കിളിര്‍ക്കാത്ത നുണകള്‍ പറഞ്ഞു നടന്നു

. കേരളത്തെ കൊലക്കളമാക്കിയ പിണറായി സര്‍ക്കാരിനെതിരെ രാജ്യമൊട്ടാകെ രംഗത്തുവന്നു

. ചുവപ്പ് ജിഹാദി ഭീകരതയ്‌ക്കെതിരെ തെരുവുകളില്‍ രോഷപ്രകടനം നടന്നു

. കണ്ണില്‍ച്ചോരയില്ലാത്ത ഭരണകൂടത്തിനെതിരെ അമ്മമാര്‍ നിരത്തിലിറങ്ങി

. ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടെ ആര്‍ത്തനാദം പോലെ കേരളത്തിന്റെ ജീവിതം ഇഴഞ്ഞുനീങ്ങി

. രണ്ടാണ്ട് പിന്നിടുമ്പോഴും പിണറായി ധാര്‍ഷ്ട്യത്തിന്റെ കൊമ്പത്താണ് 

. കണ്ടിട്ടും കൊണ്ടിട്ടും പാഠം പഠിക്കാതെ ഒരു സര്‍ക്കാര്‍

പറഞ്ഞതും പ്രവർത്തിച്ചതും

പ്രകൃതിവാതക പൈപ്പ് ലൈന്‍ പൂര്‍ത്തീകരിക്കല്‍: വാതക പൈപ്പ് ലൈന്‍ പൂര്‍ത്തീകരിച്ചുകൊണ്ട് കൊച്ചി പ്രകൃതിവാതക ടെര്‍മിനലിനെ ദേശീയ വാതക ഗ്രിഡുമായി ബന്ധിപ്പിക്കും. അതുവഴി താപോര്‍ജ്ജാധിഷ്ഠിത വ്യവസായങ്ങള്‍ അഭിവൃദ്ധിപ്പെടും. ഗാര്‍ഹിക പാചകവാതക ലഭ്യത വര്‍ദ്ധിപ്പിക്കും.

സര്‍ക്കാര്‍ രണ്ടുവര്‍ഷം പിന്നിടുമ്പോഴും കൊച്ചി പ്രകൃതി വാതക ടെര്‍മിനലിനെ ദേശീ യ വാതക ഗ്രിഡുമായി ബന്ധിപ്പിക്കാനായില്ല. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഏറ്റവും പ്രയോജനപ്രദമായിരുന്നു ഇത്. ഗ്യാസ് ഫില്ലിംഗ് കേന്ദ്രങ്ങളില്‍ ഇടയ്ക്കിടെയുണ്ടാക്കുന്ന സമരം ഗാര്‍ഹിക ഉപഭോക്താക്കളെയാണ് വട്ടം ചുറ്റിക്കുന്നത്. 

ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ വ്യവസായ വികസനം: കെല്‍ട്രോണ്‍ പുനരുദ്ധരിക്കും. ആമ്പല്ലൂര്‍ ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ പാര്‍ക്ക് പൂര്‍ത്തീകരിക്കും. ഈ മേഖലയില്‍ ഒരു ദേശീയ ഹബ്ബായി കേരളത്തിനെ മാറ്റും.

ഒരുകാലത്ത് രാജ്യത്തെ ഇലക്‌ട്രോണിക് വ്യവസായ മേഖലയില്‍ അസൂയാവഹമായ നേട്ടം കൈവരിച്ച കെല്‍ട്രോണ്‍ ഇന്ന് നിലനില്‍പ്പിനുതന്നെ പ്രയാസം നേരിടുകയാണ്. കെ.പി.പി. നമ്പ്യാരെന്ന ക്രാന്തദര്‍ശിയും പ്രതിഭാശാലിയുമായ ഒരു ടെക്‌നോക്രാറ്റ് അതിന് പുറകിലുണ്ടായിരുന്നു. അദ്ദേഹം പടിയിറങ്ങിയതോടെ കെല്‍ട്രോണിന്റെ ശനിദശയും ആരംഭിച്ചു. മാത്രമല്ല അവിടെയും സംഘടിത ശക്തിയുടെ മുഷ്‌കില്‍ നടത്തിയ സമരവും മറ്റും കെല്‍ട്രോണിന്റെ പതനത്തിന് കാരണമായി. ഈ രംഗത്ത് ഇന്ന് സംസ്ഥാനം ഏറെ പുറകിലാണ്.

മൂല്യവര്‍ദ്ധിത വ്യവസായങ്ങള്‍: കൃഷിക്കാരുടെ പ്രൊഡ്യൂസര്‍ കമ്പനികളുടെ ആഭിമുഖ്യത്തില്‍ നാളികേരം, റബര്‍, സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങിയ കാര്‍ഷിക വിഭവങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന വ്യവസായ ശ്രംഖലയ്ക്ക് രൂപംനല്‍കും. ഇവയുടെ ഗുണനിലവാരം ഉറപ്പുവരുത്തും. ഇതിനായി 50 വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും. 

ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ മൂല്യവര്‍ദ്ധിത ഉത്പന്ന മേഖലയ്ക്ക് വന്‍സാധ്യതയാണുള്ളത്. നാളീകേരം, റബ്ബര്‍, സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങിയ കാര്‍ഷികവിഭങ്ങളുടെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ കൃഷിക്കാരുടെ പ്രൊഡ്യൂസര്‍ കമ്പനികളുടെ ആഭിമുഖ്യത്തില്‍ നിര്‍മ്മിക്കുമെന്നാണ് അവകാശവാദം. ഈ ഉത്പന്നങ്ങളുടെ അഞ്ചു ശതമാനം പോലും ഇപ്പോള്‍ ഇവിടെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളായി മാറ്റുന്നില്ല. തൊഴില്‍പരമായ പ്രശ്‌നങ്ങളുടെ പേരില്‍ സ്വകാര്യ സംരംഭകര്‍ മറ്റ് സംസ്ഥാനങ്ങള്‍ തേടിപ്പോകുകയാണ്. കൃഷിയില്‍ നിന്നു തന്നെ പിന്തിരിയുന്ന സംസ്‌കാരം രൂപപ്പെടുന്ന പശ്ചാത്തലത്തില്‍ കൃഷി പരിപോഷണത്തില്‍ നിന്നു തന്നെ ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കേണ്ടിയിരിക്കുന്നു. മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ക്ക് 50 വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഒരെണ്ണംപോലും തുടങ്ങാന്‍ സാധിച്ചിട്ടില്ല.

മറ്റു വന്‍കിട പ്രോജക്ടുകള്‍: വിഴിഞ്ഞം ഹാര്‍ബര്‍, അഴീക്കല്‍, ബേപ്പൂര്‍, പൊന്നാനി, തങ്കശ്ശേരി തുടങ്ങിയ ചെറുകിട തുറമുഖങ്ങള്‍, ലൈറ്റ് മെട്രോ, കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ, സ്മാര്‍ട്ട് സിറ്റി തുടങ്ങിയ പ്രോജക്ടുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും

കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം ആരംഭിക്കാന്‍ കഴിഞ്ഞതുതന്നെ കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരം ഏറ്റതിനെ തുടര്‍ന്നാണ്. പാരിസ്ഥിതിക - സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ പതിറ്റാണ്ടുകളായി ഫയലില്‍ കുടുങ്ങിക്കിടന്ന പദ്ധതിയാണ് ആരംഭിക്കാനായത്. എന്നാല്‍ പദ്ധതി ഏറ്റെടുത്ത അദാനി ഗ്രൂപ്പിന് കരിങ്കല്ല് ഉള്‍പ്പെടെയുള്ള നിര്‍മാണ സാമഗ്രികള്‍ സംസ്ഥാനത്തിന് ലഭ്യമാക്കാന്‍ കഴിയാത്തതുകൊണ്ട് പദ്ധതി നീളുമെന്ന് ഉറപ്പാണ്. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ചോദിച്ചതിന്റെ പേരില്‍ അദാനി ഗ്രൂപ്പിനോട് സര്‍ക്കാര്‍ നഷ്ടപരിഹാരം തേടി നോട്ടീസ് അയച്ചിട്ടുണ്ട്. ഇതിന് അദാനി ഗ്രൂപ്പും ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിന് നഷ്ടം പരിഹാരം തേടി നോട്ടീസ് അയച്ചു. ഇപ്പോഴത്തെ നിലയില്‍ മുന്നോട്ടുപോകുകയാണെങ്കില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് വിഴിഞ്ഞം ഒന്നാംഘട്ടംപോലും പൂര്‍ത്തിയാകുമെന്ന് തോന്നുന്നില്ല. ഇ ശ്രീധരനെ ഓടിച്ച് മെട്രോ ട്രയിനിന്റെ കാര്യത്തില്‍ ഒരുതീരുമാനമാക്കി. കണ്ണൂര്‍ വിമാനത്താവവും സ്മാര്‍ട്ട് സിറ്റിയും തദൈവ.  ചെറുകിട തുറമുഖങ്ങള്‍  ചിത്രത്തിലേ  വരുന്നില്ല

പരമ്പരാഗത വ്യവസായ സംരക്ഷണം: കയര്‍, കൈത്തറി, പനമ്പ്, ഖാദി, കശുവണ്ടി, ചെത്ത് തുടങ്ങിയ പരമ്പരാഗത വ്യവസായ മേഖലകളെ തൊഴില്‍ സംരക്ഷിച്ചുകൊണ്ട് നവീകരിക്കും. തുണി, കയര്‍, കരകൗകലം തുടങ്ങിയ മേഖലകളിലെ കൈവേലക്കാരുടെ ഉല്‍പാദനം മിനിമം കൂലി ഉറപ്പുവരുത്തി സര്‍ക്കാര്‍ വാങ്ങി സംഭരിക്കും. പരമ്പരാഗത വ്യവസായങ്ങള്‍ക്കായി പ്രത്യേക വകുപ്പ് ആരംഭിക്കും.

ലക്ഷക്കണക്കിന് ആളുകള്‍ പണിയെടുക്കുന്ന കേരളത്തിലെ പരമ്പരാഗത വ്യവസായ മേഖലകളാണ് കയര്‍, കൈത്തറി, കശുവണ്ടി തുടങ്ങിയവ. ഈ മേഖലകള്‍ എല്ലാം ഇന്ന് സ്തംഭനാവസ്ഥയിലാണ്. കയര്‍, കശുവണ്ടി സംരംഭകരില്‍ പലരും കേരളത്തിന് പുറത്തേക്ക് അവരുടെ  ഫാക്ടറികള്‍ കൊണ്ടുപോകുന്നത് കാരണമാകുന്നത് തൊഴില്‍ പ്രശ്‌നങ്ങളാണ്. കൂലിയുടെയും മറ്റും പേരില്‍ നിരന്തരം തൊഴില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി പരമ്പരാഗത വ്യവസായങ്ങളുടെ മുച്ചൂടും മുടിച്ച ഇടതുപക്ഷമാണ് ഇന്ന് സംരക്ഷണത്തിന്റെ മേലങ്കിയുമായി എത്തിയിരിക്കുന്നത്. ഇടതുപക്ഷത്തിന്റെ നിലപാടുമൂലം ഈ മേഖലയില്‍ സംഭവിച്ചത് ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടു എന്നതാണ്.

(തയ്യാറാക്കിയത്:- കാവാലം ശശികുമാര്‍, പി ശ്രീകുമാര്‍, എം സതീശന്‍, അജി ബുധനൂര്‍, കെ ശശിധരന്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.