വീണ്ടും ജർമ്മൻ പടയോട്ടം

Tuesday 24 April 2018 12:59 pm IST

ലോകകപ്പിന്റെ പത്താം പോരാട്ടം, 1974ല്‍ പശ്ചിമ ജര്‍മ്മനിയിലായിരുന്നു. 1958, 62, 70 എന്നീ ലോകകപ്പ് ബ്രസീല്‍ ജേതാക്കളായതോടെ  യൂള്‍ റിമേ കപ്പ് അവര്‍ക്ക് സ്വന്തമായി. തുടര്‍ന്ന് ഫിഫ നിയോഗിച്ച ഇറ്റലിക്കാരനായ സില്‍വിയോ ഗസാനിക എന്ന ശില്‍പ്പി രൂപകല്‍പ്പന ചെയ്ത പുതിയ കപ്പിനായുള്ള പോരാട്ടത്തിനാണ് പതിനാറു ടീമുകള്‍ കളത്തിലിറങ്ങിയത്. വിജയാനന്ദത്തിന്റെ ലഹരിയില്‍ സര്‍പ്പാകൃതിയിലുള്ള രൂപങ്ങളായി ഭൂഗോളത്തിന്റെ നേരെ കൈനീട്ടുന്ന രണ്ട് കായികതാരങ്ങളെയാണ് ശില്‍പ്പി സില്‍വിയോ ഗസാനിക കപ്പില്‍ കൊത്തിയത്

ഒമ്പത് നഗരങ്ങളിലെ ഒമ്പത് വേദികളിലായി 38 കളികള്‍, രണ്ട് ഹാട്രിക്കുകള്‍ ഉള്‍പ്പെടെ 97 ഗോളുകള്‍. മുന്‍ ലോകകപ്പുകളില്‍ നിന്ന് വ്യത്യസ്തമായി റൗണ്ട് റോബിന്‍ അടിസ്ഥാനത്തിലായിരുന്നു മത്സരം. ആദ്യ റൗണ്ടിലെ നാല് ഗ്രൂപ്പുകളിലെയും ഒന്നും രണ്ടും സ്ഥാനക്കാരെ ഉള്‍പ്പെടുത്തി രണ്ടാം റൗണ്ട്. ഈ റൗണ്ടില്‍ എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചു. ഗ്രൂപ്പ് ജേതാക്കള്‍ തമ്മില്‍ ഫൈനല്‍. 

 ഗ്രൂപ്പ് ചാമ്പ്യന്മാരും രണ്ടാം സ്ഥാനക്കാരുമായ കിഴക്കന്‍ ജര്‍മ്മനി, പശ്ചിമജര്‍മ്മനി, യൂഗോസ്ലാവ്യ, ബ്രസീല്‍, ഹോളണ്ട്, സ്വീഡന്‍, പോളണ്ട് അര്‍ജന്റീന എന്നീ ടീമുകള്‍ രണ്ടാം ഘട്ടത്തിലെത്തി. ഗ്രൂപ്പ് എ യില്‍ ഹോളണ്ട്, ബ്രസീല്‍, കിഴക്കന്‍ ജര്‍മ്മനി, അര്‍ജന്റീന, ഗ്രൂപ്പ് ബി യില്‍ പോളണ്ട്, സ്വീഡന്‍, പശ്ചിമ ജര്‍മ്മനി, യൂഗോസ്ലാവ്യ എന്നീ ടീമുകള്‍ അണിനിരന്നു. ഗ്രൂപ്പ് ജേതാക്കളായ ഹോളണ്ടും പശ്ചിമ ജര്‍മ്മനിയും കലാശക്കളിക്ക് . 

ഗ്രൂപ്പുകളിലെ രണ്ടാം സ്ഥാനക്കാരായ ബ്രസീലും പോളണ്ടും ലൂസേഴ്‌സ് ഫൈനലും കളിച്ചു. ബ്രസീലിനെ 1-0ന് തോല്‍പ്പിച്ച് പോളണ്ട് മൂന്നാം സ്ഥാനം നേടി. ജൂലൈ 7ലെ ഫൈനലില്‍ ഹോളണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി പശ്ചിമ ജര്‍മ്മനി ലോകകിരീടത്തില്‍ മുത്തമിട്ടു. ആദ്യ കിരീടം നേടി 20 വര്‍ഷങ്ങള്‍ക്കുശേഷമായിരുന്നു ജര്‍മ്മന്‍ ടാങ്കുകളുടെ ജയക്കുതിപ്പ്. രണ്ടാം മിനിറ്റില്‍ നീസ്‌കന്‍സ് പെനാല്‍റ്റിയിലൂടെ നേടിയ ഗോളിന് മുന്നിട്ടുനിന്നശേഷമാണ് രണ്ടെണ്ണം വഴങ്ങി ഹോളണ്ട് പരാജയപ്പെട്ടത്.

ഡച്ച് പടയെ ഫൈനല്‍ വരെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച യോഹാന്‍ ക്രൈഫാണ് സ്വര്‍ണ്ണപ്പന്ത് സ്വന്തമാക്കിയത്. ജര്‍മ്മന്‍ നായകന്‍ ഫ്രാന്‍സ് ബെക്കന്‍ ബോവര്‍ വെള്ളിപ്പന്തും പോളണ്ടിന്റെ കാസിമെരസ് ഡെയ്‌ന വെങ്കലപ്പന്തും നേടി. ഏഴ് ഗോളുകളുമായി പോളണ്ടിന്റെ ഗ്രിഗോറസ് ലാറ്റോ സുവര്‍ണ പാദുകത്തിന് അര്‍ഹനായി. അഞ്ച് ഗോളുകളുമായി പോളണ്ടിന്റെ ആന്ദ്രെ സ്മാഷും നെതര്‍ലന്‍ഡ്‌സിന്റെ നീസ്‌കന്‍സും വെള്ളി പാദുകവും നേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.