മാഡ്രിഡ്: കിങ്സ് കപ്പില്‍ കിരീടമണിഞ്ഞ ബാഴ്സലോണ ലാലിഗയില്‍ കിരീടത്തിനരികില്‍. ലാലിഗയില്‍ പോയിന്റു നിലയില്‍ രണ്ടാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡ് റയല്‍ ബെറ്റിസുമായി ഗോള്‍ രഹിത സമനില പാലിച്ചതിനെ തുടര്‍ന്നാണ് ബാഴ്സ കിരീടത്തിനടുത്തെത്തിയത്.
അടുത്തയാഴ്ച ഡിപോര്‍ട്ടിവോയെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ചാല്‍ ബാഴ്സയ്ക്ക് കിരീടം ഉറപ്പാകും. തോല്‍വിയറിയാതെ മുന്നേറുന്ന ബാഴ്സ നിലവില്‍ 33 മത്സരങ്ങളില്‍ 83 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അഞ്ചു മത്സരങ്ങള്‍ ശേഷിക്കേ ബാഴ്സ അത്ലറ്റിക്കോ മാഡ്രിഡിനെക്കാള്‍ പതിനൊന്ന് പോയിന്റിന് മുന്നിലാണ്. അത്ലറ്റിക്കോയ്ക്ക് 34 മത്സരങ്ങളില്‍ 72 പോയിന്റാണുള്ളത്.
അതേസമയം, നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡ് പോയിന്റു നിലിയില്‍ മൂന്നാം സ്ഥാനത്താണ്. 33 മത്സരങ്ങളില്‍ അവര്‍ക്ക് 68 പോയിന്റാനുള്ളത്. 34 മത്സരങ്ങളില്‍ 66 പോയിന്റുമായി വലന്‍സിയ നാലാം സ്ഥാനത്താണ്. അത്ലറ്റിക്കോ മാഡ്രിഡിനെ സമനിലയില്‍ തളച്ച റയല്‍ ബെറ്റിസ് 34 മത്സരങ്ങളില്‍ 56 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.
റയല്‍ ബെറ്റിസുമായി സമനില പിടിച്ചത് അത്ലറ്റിക്കോ മാഡ്രിഡിന് തിരിച്ചടിയായി. ലാലഗയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്താന്‍ അവര്‍ക്ക് മികച്ച പോരാട്ടം തന്നെ നടത്തേണ്ടി വരും. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് റയല്‍ സോസീഡാഡിനോട് തോറ്റിരുന്നു.
മറ്റൊരു മത്സരത്തില്‍ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് അല്വെസിനോട് തോറ്റ ലാസ് പാമസ് അടുത്തസീസണില്‍ ലാലിഗയില്‍ നിന്ന് പുറത്താകുമെന്ന് ഉറപ്പായി.അത്ലറ്റിക്കോ മാഡ്രിഡ് യുറോപ്പ ലീഗിന്റെ ആദ്യ പാദ സെമിയില്‍ വ്യാഴാഴ്ച ലണ്ടനില്‍ ആഴ്സണലിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: