പിണറായിയിലെ ദുരൂഹ മരണങ്ങള്‍; കുട്ടികളുടെ അമ്മ അറസ്റ്റില്‍

Tuesday 24 April 2018 1:03 pm IST
കോഴിക്കോട്ടെ ഫോറന്‍സിക് സയന്‍സ് ലാബില്‍ നടത്തിയ പരിശോധനയില്‍ ഇവരുടെ വയറ്റില്‍ അലൂമിനിയം ഫോസ്‌ഫൈഡ് എന്ന മാരക രാസവസ്തുവിന്റെ അംശം കണ്ടെത്തിയിരുന്നു. എലിവിഷത്തിലും ചിലതരം കീടനാശിനികളിലും ചേര്‍ക്കുന്നതാണിത്.

തലശ്ശേരി: മുഖ്യമന്ത്രിയുടെ നാടായ പിണറായി പടന്നക്കരയിലെ വണ്ണത്താന്‍ വീട്ടില്‍ തുടര്‍ച്ചയായി നടന്ന നാല് ദുരൂഹ മരണങ്ങളുടെ അന്വേഷണം ലോക്കല്‍ പോലീസ് കൈയൊഴിഞ്ഞു. തുടരന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രഘുറാമിന്റെ നേതൃത്വത്തിലുള്ള ഉദേ്യാഗസ്ഥര്‍ തലശ്ശേരി റസ്റ്റ് ഹൗസിലെത്തിയിട്ടുണ്ട്. 

ദുരൂഹ സാഹചര്യത്തില്‍ മരിച്ച കുട്ടികളുടെ അമ്മ വണ്ണത്താന്‍ വീട്ടിലെ  സൗമ്യയെ (28)  അറസ്റ്റ് ചെയ്തു. നാല് പേരും മരിക്കാനിടയായ അസുഖത്തിന് സമാനമായ രോഗലക്ഷണങ്ങളോടെ സൗമ്യയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. യുവതിയെ തലശ്ശേരി റസ്റ്റ് ഹൗസിലെത്തിച്ച് ചോദ്യം ചെയ്തു. പോലീസിനോട് യുവതി കുറ്റം സമ്മതിച്ചു. 

വീട്ടില്‍ യുവതി തനിച്ചായ സമയങ്ങളില്‍ പതിവായി ഇവരെ കാണാനെത്തിയിരുന്ന  മൂന്ന് യുവാക്കളും കസ്റ്റഡിയിലുണ്ട്. ഇവരില്‍ നിന്നും ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. 

സൗമ്യയുടെ രണ്ട് മക്കളും മാതാപിതാക്കളുമാണ് 2012 സെപ്തബറിനും ഇക്കഴിഞ്ഞ ഏപ്രിലിനും ഇടയിലായി മരിച്ചത്. സൗമ്യയുടെ മൂത്ത കുട്ടി ഐശ്വര്യ കിശോര്‍ മൂന്ന് മാസം മുമ്പാണ് മരിച്ചത്. 

എട്ടു വയസുകാരി ഐശ്വര്യയുടെ മൃതദേഹം കഴിഞ്ഞ ദിവസം കുഴിയില്‍ നിന്നെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നു. 

 നാല് പേര്‍ക്കും നിലയ്ക്കാത്ത ഛര്‍ദ്ദിയും കലശലായ വയറുവേദനയുമായിരുന്നു. സംഭവത്തില്‍ ദൂരൂഹത ഉയര്‍ന്നതിനെ തുടര്‍ന്ന്  മാതാപിതാക്കളുടെ ആന്തരാവയവങ്ങള്‍ പരിശോധനക്ക് വിധേയമാക്കി.

 കോഴിക്കോട്ടെ ഫോറന്‍സിക് സയന്‍സ് ലാബില്‍ നടത്തിയ പരിശോധനയില്‍ ഇവരുടെ വയറ്റില്‍ അലൂമിനിയം ഫോസ്‌ഫൈഡ് എന്ന മാരക രാസവസ്തുവിന്റെ അംശം  കണ്ടെത്തിയിരുന്നു. എലിവിഷത്തിലും ചിലതരം കീടനാശിനികളിലും ചേര്‍ക്കുന്നതാണിത്.  

 ഛര്‍ദ്ദിയും വയറുവേദനയുമായി തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിയ സൗമ്യയുടെ വയറ്റിലും ഇതേ രാസവസ്തുവിന്റെ സാന്നിധ്യമുണ്ടായിരുന്നു.  യുവതി പോലീസ് നിരീക്ഷണത്തിലായിരുന്നു. വര്‍ഷങ്ങളായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണിവര്‍. 

നേരത്തെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ജോലി ചെയ്തിരുന്നു. തലശ്ശേരി സിഐ കെ.ഇ.പ്രേമചന്ദ്രനാണ് ദുരൂഹ മരണക്കേസ് അന്വേഷിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.