സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ ഹൈക്കോടതിയില്‍

Tuesday 24 April 2018 2:04 pm IST
വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖില ഹൈക്കോടതിയെ സമീപിച്ചു. പോലീസുകാര്‍ പ്രതിയായ കേസില്‍ നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖില ഹൈക്കോടതിയെ സമീപിച്ചു. പോലീസുകാര്‍ പ്രതിയായ കേസില്‍ നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിടുണ്ട്. ഡികെ ബസു കേസിലെ സുപ്രിം കോടതി നിര്‍ദേശം ചൂണ്ടിക്കാട്ടിയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു.

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണമാണ് നടക്കുന്നത്. ശ്രീജിത്തിനെ വീട്ടില്‍നിന്ന് കസ്റ്റഡിയില്‍ എടുത്ത റൂറല്‍ എസ്പിയുടെ ടൈഗര്‍ ഫോഴ്സില്‍ അംഗമായിരുന്ന മൂന്നു പോലീസുകാര്‍, വരാപ്പുഴ എസ്ഐ എന്നിവരാണ് നിലവില്‍ കേസിലെ പ്രതികള്‍. ഇവര്‍ നാലുപേരും അറസ്റ്റിലായിട്ടുണ്ട്. പറവൂര്‍ സിഐ, റൂറല്‍ എസ്പി എന്നിവരുടെ പങ്കിനെക്കുറിച്ചും  അന്വേഷണം നടക്കുന്നുണ്ട്.

കേസ് സിബിഐയെപ്പോലുള്ള സ്വതന്ത്ര ഏജന്‍സിയാണ് അന്വേഷിക്കേണ്ടതെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ അഭിപ്രായപ്പെട്ടിരുന്നു. പോലീസ് പ്രതിയായ കേസ് പോലീസ് തന്നെ അന്വേഷിക്കുന്നത് ഉചിതമല്ലെന്നാണ് കമ്മിഷന്‍ ചെയര്‍മാന്‍ പി മോഹനദാസ് ചൂണ്ടിക്കാട്ടിയത്.

അതിനിടെ പ്രതികളെ തിരിച്ചറിഞ്ഞതായി ശ്രീജിത്തിന്റെ ഭാര്യ വെളിപ്പെടുത്തി. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ മര്‍ദ്ദിച്ച മൂന്ന് ആര്‍‌ടി‌എഫുകാരെയും തിരിച്ചറിഞ്ഞു. കാക്കനാട് ജില്ലാ ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തിരിച്ചറിയല്‍ പരേഡിന് ശ്രീജിത്തിന്റെ കുടുംബവും അയല്‍ക്കാരും പങ്കെടുത്തു. 

പ്രതികളുടെ രൂപത്തില്‍ മാറ്റം വന്നിരുന്നതായി അഖില പ്രതികരിച്ചു. 17 പേര്‍ക്കൊപ്പം പ്രതികളെ നിര്‍ത്തിയായിരുന്നു തിരിച്ചറിയല്‍ പരേഡ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.