ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയത് ആലോചിച്ച്: വെങ്കയ്യ

Tuesday 24 April 2018 6:28 pm IST
നോട്ടീസ് തള്ളിയ നടപടി അറ്റോര്‍ണി ജനറല്‍ അടക്കമുള്ള നിയമവിദഗ്ധരുമായി ആലോചിച്ചാണ്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ കഴമ്പില്ല. രാജ്യസഭാ അദ്ധ്യക്ഷന്‍ എന്ന നിലയിലുള്ള ഉത്തരവാദിത്തമാണ് നിറവേറ്റിയത്.

ന്യൂദല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള പ്രതിപക്ഷത്തിന്റെ നോട്ടീസ് തള്ളിയത് തിരക്കിട്ടെടുത്ത തീരുമാനമല്ലെന്നും ആലോചിച്ച് ചെയ്തതാണെന്നും രാജ്യസഭാ ചെയര്‍മാനും ഉപരാഷ്ട്രപതിയുമായ വെങ്കയ്യ നായിഡു. 1968ലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ആന്റ്ദ ജഡ്ജസ് (എന്‍ക്വയറി) ആക്ടിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി കൃത്യസമയത്താണ് തീരുമാനമെടുത്തത്. 

നോട്ടീസ് തള്ളിയതിനെ അഭിനന്ദിക്കാനെത്തിയ സുപ്രീം കോടതി അഭിഭാഷക സംഘത്തോടാണ് വെങ്കയ്യ നിലപാട് വ്യക്തമാക്കിയത്.  നോട്ടീസ് ലഭിച്ച് രണ്ട് ദിവസത്തിനുള്ളിലാണ് തള്ളിയത്. കഴിഞ്ഞ മാസം മുതല്‍ തന്നെ ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രഖ്യാപിച്ചിരുന്നു. വാര്‍ത്തയറിഞ്ഞതിനെ തുടര്‍ന്ന് ഒരു മാസമായി നിയമവശങ്ങളും വ്യവസ്ഥകളും പരിശോധിക്കുകയായിരുന്നുവെന്ന് നായിഡു പറഞ്ഞു. തിരക്കിട്ട് നിയമവിരുദ്ധമായാണ് നോട്ടീസ് തള്ളിയതെന്ന് ആരോപിച്ച കോണ്‍ഗ്രസ് കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കിയിരുന്നു. 

 രാജ്യസഭാ ചെയര്‍മാനെന്ന നിലയില്‍ നിയമപരമായി ഉത്തരവാദിത്വം നിര്‍വ്വഹിക്കുക മാത്രമാണ് ചെയ്തതെന്നും അഭിനന്ദിക്കേണ്ട കാര്യമില്ലെന്നും വെങ്കയ്യ അഭിഭാഷകരോട് പറഞ്ഞു. തനിക്ക് സാധിക്കുന്നതിന്റെ പരമാവധിയാണ് ചെയ്തത്. ഉത്തരവാദിത്വം നിര്‍വ്വഹിക്കാനായതില്‍ സംതൃപ്തനാണ്. തീരുമാനമെടുക്കുന്നതിന് മുന്‍പ്  ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ ശരിയാണോയെന്ന് പരിശോധിക്കണമെന്ന് നിയമത്തില്‍ പറയുന്നു. ഭരണഘടനയനുസരിച്ചാണ് ചെയര്‍മാന്‍ പ്രവര്‍ത്തിക്കേണ്ടത്. അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. പക്ഷെ ആത്യന്തികമായി സത്യം ജയിക്കണം. വെങ്കയ്യ വ്യക്തമാക്കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.