ചുങ്കക്കുന്ന് പാലം അപ്രോച്ച് റോഡിനുള്ള തടസം നീങ്ങി;പ്രവൃത്തി പുനരാരംഭിക്കാന്‍ ധാരണ

Tuesday 24 April 2018 8:59 pm IST

 

കൊട്ടിയൂര്‍: അപ്രോച്ച് റോഡിനായുള്ള സ്ഥലം വിട്ടുകിട്ടാത്തതിനെ തുടര്‍ന്ന് ഒരു മാസമായി നിര്‍മ്മാണപ്രവൃത്തികള്‍ നിര്‍ത്തിവെച്ചിരുന്ന കൊട്ടിയൂര്‍  ചുങ്കക്കുന്ന് പാലത്തിന്റെ തടസങ്ങള്‍ നീങ്ങി. പൊതുമരമാത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സി.ദേവേശന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലമുടമയുമായി നടന്ന ചര്‍ച്ചയിലാണ് പ്രശ്‌നം പരിഹരിച്ചത്. അപ്രോച്ച് റോഡിനാവശ്യമായ സ്ഥലം സൗജന്യമായി വിട്ടുകൊടുക്കാന്‍ സ്ഥലമുടമ ജോസ് തയ്യാറായി.

ചുങ്കക്കുന്നില്‍ ബാവലി പുഴയ്ക്ക് കുറുകെ നിര്‍മ്മിക്കുന്ന പാലത്തിന്റെ പ്രവൃത്തിക്ക് കഴിഞ്ഞ നവംബറിലാണ് തുടക്കം കുറിച്ചത്. പാലത്തിന്റെ നിര്‍മ്മാണം അതിവേഗം പുരോഗമിച്ചെങ്കിലും അപ്രോച്ച് റോഡിന്റെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയായിരുന്നു. കാസര്‍ഗോഡ് ചട്ടഞ്ചാലിലെ ജാസ്മിന്‍ കണ്‍സ്ട്രക്ഷനായിരുന്നു നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തത്. ചര്‍ച്ചയില്‍ കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.പി.റോയി, അസിസ്റ്റന്റ് എഞ്ചിനീയര്‍ ബിന്ധ്യ, ജാസ്മിന്‍ കമ്പനി എഞ്ചിനീയര്‍ വിഷ്ണു തുടങ്ങിയവരും സംബന്ധിച്ചു. പാലത്തിന്റേയും  അപ്രോച്ച് റോഡിന്റേയും നിര്‍മ്മാണം  നേരത്തേ നിശ്ചയിച്ചിരുന്ന സമയപരിധിക്കകം പൂര്‍ത്തീകരിക്കുമെന്ന് കരാറുകാര്‍ ഉറപ്പു നല്‍കിയതായി അസി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സി.ദേവേശന്‍ പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.