പാര്‍ട്ടിഗ്രാമത്തില്‍ സിപിഎം ഊരുവിലക്കേര്‍പ്പെടുത്തിയ കുടുംബത്തിന് നേരെ വീണ്ടും അക്രമം

Tuesday 24 April 2018 8:59 pm IST

 

ചക്കരക്കല്‍: 2012 മുതല്‍ പാര്‍ട്ടി ഗ്രാമത്തില്‍ സിപിഎം ഊരുവിലക്കേര്‍പ്പെടുത്തിയ കുടുംബം വീണ്ടും വീണ്ടും അക്രമത്തിനിരയാവുന്നു. സിപിഎം പാര്‍ട്ടി ഗ്രാമമായ പെരളശ്ശേരി പഞ്ചായത്തിലെ കിലാലൂരിലെ വികലാംഗനായ മൈനിക്കൊവ്വല്‍ നാരായണനും കുടുംബവുമാണ് കഴിഞ്ഞ ആറു വര്‍ഷമായി നിരന്തരമായി വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നത്. നാരായണന്‍ നീതിക്ക് വേണ്ടി വീണ്ടും അടുത്ത പരാതിയുമായി ചക്കരക്കല്‍ പോലീസിനെ സമീപിച്ചിരിക്കയാണ്.

2012 മുതലിങ്ങോട്ട് ഈ കുടുംബത്തിന് നേരെ സിപിഎമ്മിന്റെ ഭാഗത്തുനിന്ന് തുടര്‍ച്ചയായി അക്രമങ്ങളും മാനസീക പീഡനങ്ങളും നടന്നു വരുന്നു. ജനല്‍ച്ചില്ലുകള്‍ പൊളിക്കല്‍, കിണറില്‍ മണ്ണെണ്ണയൊഴിക്കല്‍, ഒടുവില്‍ മകളുടെ വിവാഹം തടസ്സപ്പെടുത്തല്‍ വരെ എത്തിയിരുന്നു പ്രശ്‌നങ്ങള്‍. ഈ ഊരുവിലക്ക് അന്നത്തെ മാധ്യമങ്ങള്‍ എടുത്തുകാട്ടിയിരുന്നു. 

ആറു മാസം മുമ്പ് ഈ കുടുംബത്തിന്റെ വീട്ടുപറമ്പിലെ വാഴയും മറ്റു കാര്‍ഷീകോല്പന്നങ്ങളും വെട്ടി നശിപ്പിച്ചിരുന്നു. ഇപ്പോള്‍ നാരായണന്റെ അനുജന്‍ മൈനിക്കൊവ്വല്‍ ആനന്ദബാബു മാസ്റ്ററുടെ പറമ്പിലെ കവുങ്ങും പ്ലാവും കുമുദും വെട്ടിനശിപ്പിച്ച നിലയിലാണ്. തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെ ശബ്ദം കേട്ട് എഴുന്നേറ്റ നാരായണന്‍ അനുജന്‍ ആനന്ദബാബുവിന്റെ പറമ്പില്‍ ചെന്നു നോക്കുമ്പോള്‍ രണ്ടു പേര്‍ ചേര്‍ന്ന്  മരങ്ങള്‍ നശിപ്പിക്കുന്നതാണ് കണ്ടത്. ആനന്ദബാബു ഡല്‍ഹിയിലാണുള്ളത്. ഒരാഴ്ച കഴിഞ്ഞേ നാട്ടിലെത്തുകയുള്ളു. ഇതേത്തുടര്‍ന്ന് കിലാലൂര്‍ മയിലപ്ര വീട്ടില്‍ വിജയന്റെ മകന്‍ സി.കെ.സയോജനെതിരെയും കിലാലൂര്‍ പുതിയ വീട്ടില്‍ ഹൗസിലെ മനുവിന്റെ മകനായ ഷിനോജിനെതിരെയും മൈനിക്കൊവ്വല്‍ നാരായണന്‍ ചക്കരക്കല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും ബിജെപി ധര്‍മ്മടം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ.പി. ഹരീഷ് ബാബു ആവശ്യപ്പെട്ടു. തുടര്‍ച്ചയായി നടന്നു വരുന്ന ഇത്തരം അക്രമങ്ങളില്‍ ഏറെ പ്രയാസത്തിലാണ് വാര്‍ദ്ധക്യത്തിലെത്തിയ വികലാംഗനായ നാരായണന്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.