സംസ്ഥാന ജേര്‍ണലിസ്റ്റ് വോളി ലീഗ് ഇന്ന് കണ്ണൂരില്‍ ആരംഭിക്കും

Tuesday 24 April 2018 9:01 pm IST

 

കണ്ണൂര്‍: കണ്ണൂര്‍ പ്രസ്‌ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മൂന്നാമത് സംസ്ഥാന ജേര്‍ണലിസ്റ്റ് ലീഗ് (ജെവിഎല്‍) ഇന്ന് വൈകുന്നേരം 3 മണിക്ക് കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തില്‍ ആരംഭിക്കും. വൈകീട്ട് അഞ്ചിന് പി.കെ.ശ്രീമതി എംപി മത്സരം ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അന്തേവാസികളും കണ്ണൂര്‍ പ്രസ്‌ക്ലബ് ടീമും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇതിന് മുന്നോടിയായി വൈകുന്നേരം 4 മണിക്ക് എക്‌സൈസ് വകുപ്പും കണ്ണൂര്‍ ടൗണ്‍സ്‌ക്വയര്‍ ടീമും തമ്മിലുള്ള പ്രദര്‍ശനമത്സരം നടക്കും. ഉദ്ഘാടന ചടങ്ങില്‍ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. നാളെ നടക്കുന്ന വനിതാ വോളിബോള്‍ മത്സരത്തില്‍ കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളജും സ്‌പോര്‍ട്‌സ് ഡിവിഷന്‍ കണ്ണൂരും ഏറ്റുമുട്ടും. കണ്ണൂര്‍ റെയിഞ്ച് ഐജി ബല്‍റാം കുമാര്‍ ഉപാദ്ധ്യായ മുഖ്യാതിഥിയായിരിക്കും. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ കുമാരി ഇ.പി.ലത, ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.

27ന് സിനിമാതാരം അബുസലീം നയിക്കുന്ന ടീമും കണ്ണൂര്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി നയിക്കുന്ന കണ്ണൂര്‍ സ്‌പോര്‍ട്ടിങ്ങ് ക്ലബ്ബും തമ്മില്‍ ഏറ്റുമുട്ടും. തുടര്‍ന്ന് പ്രസ് ക്ലബ്ബുകളുടെ മത്സരങ്ങള്‍ നടക്കും. ടെറിട്ടോറിയല്‍ ആര്‍മി കമാന്‍ഡന്റ് രാജേഷ് കനൂജിയ സംബന്ധിക്കും.

സമാപന ദിവസമായ 28ന് മന്ത്രിമാര്‍ ഉള്‍പ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ജില്ലാ പോലിസ് മേധാവി നയിക്കുന്ന പോലീസ് ഓഫീസേഴ്‌സ് ടീമും തമ്മിലുള്ള മത്സരം നടക്കും. തുടര്‍ന്ന് ഫൈനല്‍ മത്സരവും സമ്മാനദാനവും ഉണ്ടാകും. കേരളത്തിലെ വിവിധ പ്രസ് ക്ലബ്ബുകളെ പ്രതിനിധീകരിച്ച് ടീമുകള്‍ മൂന്ന് ദിവസമായി നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കും. വിജയികള്‍ക്ക് ട്രോഫിയും പ്രൈസ്മണിയും നല്‍കും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.