നാളെ നടക്കുന്നതൊക്കെ ഇന്നലെ കണ്ട നേതാവ്

Wednesday 25 April 2018 2:51 am IST
കെ.ജി. മാരാര്‍ ഓര്‍മ്മദിനം ഇന്ന്

സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകന് അന്നന്നത്തെ സംഭവങ്ങളും കാര്യങ്ങളുമേ കാണാനാകൂ. നാളെ നടക്കുവാന്‍ പോകുന്നതെന്തെന്ന് കാണാന്‍ മൂന്നാം കണ്ണ് വേണം. അങ്ങിനെയുള്ളവര്‍ അധികമുണ്ടാവില്ല. ആ ന്യൂനപക്ഷത്തില്‍ ഒരാളായിരുന്നു 23 വര്‍ഷം മുമ്പ് അന്തരിച്ച കെ.ജി. മാരാര്‍ എന്ന മാരാര്‍ജി. ഒരു പഞ്ചായത്തില്‍പോലും ജയിക്കാന്‍ ശക്തിയോ സ്വാധീനമോ ഇല്ലാത്ത കാലത്ത് ഹിന്ദുത്വ രാഷ്ട്രീയത്തിലേക്കിറങ്ങിയ നേതാവാണ് കെ.ജി. മാരാര്‍. രാഷ്ട്രീയ സ്വയം സേവക സംഘത്തിലൂടെ ജനസംഘത്തിലും ബിജെപിയിലുമെത്തിയ മാരാര്‍ജി നടത്തിയ പ്രവചനങ്ങളോരോന്നായി സഫലമാകുന്നത് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നു. അടല്‍ബിഹാരി വാജ്‌പേയിയുടെ സാന്നിദ്ധ്യത്തില്‍ അദ്ദേഹത്തെ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്ന വ്യക്തി എന്ന് വിശേഷിച്ചു. അടല്‍ജിക്കുപോലും അത് വിശ്വസിക്കാനായില്ല. പിന്നീടത് സംഭവിച്ചു. പക്ഷേ പ്രവാചകന് അത് കാണാന്‍ അവസരമുണ്ടായില്ല. 

കമ്മ്യൂണിസ്റ്റും കോണ്‍ഗ്രസും കൈകോര്‍ക്കുമെന്ന് പറഞ്ഞപ്പോള്‍ അസംഭാവ്യമെന്ന് പലരും പറഞ്ഞു. അതും ഇന്ന് കണ്ടുകൊണ്ടിരിക്കുന്നു. 1934 സെപ്തംബര്‍ 17-ന് ജനിച്ച് 1995 ഏപ്രില്‍ 25-ന് അന്തരിച്ച കെ.ജി. മാരാര്‍ ആദര്‍ശരാഷ്ട്രീയത്തിന്റെ മൂര്‍ത്തരൂപമായിരുന്നു. അദ്ദേഹം സാധാരണക്കാര്‍ക്കിടയില്‍ സാധാരണക്കാരനായി ജീവിച്ച്, അസാധാരണ വ്യക്തിപ്രഭാവം നേടി. ഒരു എംഎല്‍എയ്‌ക്കോ മന്ത്രിയ്‌ക്കോ ജനഹൃദയങ്ങളില്‍ ലഭിക്കാത്ത സ്ഥാനം അദ്ദേഹത്തിന് ലഭിച്ചു.

ഭരണസംവിധാനങ്ങളുടെ ഭാഗമാകാനുള്ള എല്ലാ അര്‍ഹതയും യോഗ്യതയും അദ്ദേഹത്തിനുണ്ടെന്ന് വ്യക്തിപരമായി അറിയാന്‍ ശ്രമിച്ചവരെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്. രാഷ്ട്രീയ രംഗത്ത് ഏറെ അപചയങ്ങള്‍ വന്നുപെട്ടിട്ടുള്ള ഇക്കാലത്ത് മാരാര്‍ജിയുടെ സ്മരണപോലും പൊതുപ്രവര്‍ത്തന രംഗത്തിന് ആവേശം നല്‍കുന്നതാണ്.

രാഷ്ട്രീയം വര്‍ഗീയതയ്ക്ക് വഴിമാറി നില്‍ക്കുന്ന കാലത്ത്, വര്‍ഗീയതയ്‌ക്കെതിരെ മാരാര്‍ജി നല്‍കിയ മുന്നറിയിപ്പുകള്‍ സത്യമെന്ന് കൂടുതല്‍ സുവ്യക്തമാകുന്നു. മുസ്ലിംലീഗിനു മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുന്ന കോണ്‍ഗ്രസ് ഒരു ഭാഗത്ത്. കോണ്‍ഗ്രസ് ബന്ധം വിട്ടാല്‍ ലീഗുമായി ചങ്ങാത്തം കൂടാന്‍ ഒരുങ്ങി നില്‍ക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ മറുഭാഗത്ത് ഭീകരപ്രവര്‍ത്തനം ശക്തിപ്പെടുന്നു.  സ്ഥിതിവിശേഷം മാരാര്‍ജി എത്രയോ കാലംമുമ്പേ ചൂണ്ടിക്കാട്ടിയിരുന്നു.

ഭാരതീയ ജനതാപാര്‍ട്ടി രൂപവത്കൃതമായശേഷം ഔദ്യോഗിക സ്ഥാനത്തിരുന്നപ്പോഴും അല്ലാത്തപ്പോഴും മാരാര്‍ജി അതിന്റെ പര്യായവും വക്താവുമായി. സാധാരണപ്രവര്‍ത്തകരുമായി മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളുമായും ഹൃദ്യമായ ബന്ധം പുലര്‍ത്തി. അദ്ദേഹം ഒരു വീട്ടിലും അതിഥിയായിരുന്നില്ല, കുടുംബാംഗമായിത്തന്നെ വീട്ടുകാര്‍ കരുതി. 

ലോകത്തിലെ തന്നെ ഏററവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി മാറിയിരിക്കുന്നു ബിജെപി. മാരാര്‍ജിയുടെ ആത്മാവ് ഇതുകണ്ട് ആഹ്ലാദിക്കണമെങ്കില്‍ തന്റെ കര്‍മ്മക്ഷേത്രമായ കേരളം കരകയറണം. കേരളം ഇന്ന് നാണക്കേടിന്റെ പടുകുഴിയിലാണ്. നഗരസഭയായാലും നിയമസഭയായാലും അശ്ലീലങ്ങളുടെ വിളഭൂമിയായി. കടിയും കയറിപിടുത്തവുമെല്ലാം സഭാതലത്തില്‍ ആഘോഷമാക്കുന്നു. അഴിമതിയാണെങ്കില്‍ അലങ്കാരവുമാക്കി. കോടികള്‍ കോഴവാങ്ങുന്ന മന്ത്രിമാരുടെ പട്ടിക പുറത്തുവരുന്നു. അവരത് അലങ്കാരമാക്കുന്നു, ചിലര്‍ അഹങ്കാരവും.  

കോണ്‍ഗ്രസുകാര്‍ എ-ഐ ഗ്രൂപ്പുകളായി തമ്മില്‍ തല്ലുമ്പോള്‍ അദ്ദേഹം പറയുമായിരുന്നു, അവര്‍ പക്ഷേ കാര്യം കാണാന്‍ ഒന്നാകുമെന്ന്. സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ മത്സരിക്കുമ്പോള്‍ അദ്ദേഹം പറയുമായിരുന്നു, ഒരിക്കല്‍ ഇവര്‍ ഒന്നിക്കുമെന്ന്. ബിജെപിയെ പരാജയപ്പെടുത്താന്‍, മാരാര്‍ജിയെ മഞ്ചേശ്വരത്ത് തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും ഒന്നിച്ചതും വോട്ടുമറിച്ചതും പകല്‍പോലെ വ്യക്തം. മാരാര്‍ജിയുടെ വിജയം വെറും ആയിരം വോട്ടുകള്‍ക്കകലെവരെ എത്തി. 

കേരളമിന്ന് ചെകുത്താനും കടലിനും ഇടയിലാണ്. ഇതില്‍നിന്ന് ഒരു മോചനമില്ലാതെ മുന്നേറുന്ന ഭാരതത്തിന്റെ ഭാഗമാകാനാകാതെ വരും. രാഷ്ട്രീയത്തിലെ കോഴികളും കുറുക്കന്മാരും കേരളത്തിലും ചങ്ങാത്തം കൂടുന്നതിന് പിന്നില്‍ നിഗൂഡ അജണ്ടയുണ്ട്. അത് ചൂണ്ടിക്കാട്ടാന്‍ മാരാര്‍ജിയെപോലുള്ളവരുടെ ശക്തി ശബ്ദവും ഇല്ലാത്തത് വലിയ പോരായ്മയാണ്. മാരാര്‍ജിയുടെ ദീര്‍ഘ വീക്ഷണം നമുക്ക് അനുകരണീയമാണ്. ഓര്‍മ്മദിനത്തില്‍ ആ വഴിക്ക് ചിന്തയെ നയിക്കുവാന്‍ നമുക്കാവണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.