ഈ ശരിയാക്കലുകള്‍ ആര്‍ക്കുവേണ്ടി?

Wednesday 25 April 2018 2:56 am IST

റോഡും കാറും ഒക്കെ നല്ലതുതന്നെ. പക്ഷേ വായിലേക്കും എന്തെങ്കിലും പോകേണ്ട?. ഉണ്ണണമെങ്കില്‍ ആന്ധ്രക്കാരനോ വടക്കേ ഇന്ത്യക്കാരനോ കനിയണം. നല്ല സാമ്പാറും അവിയലും വയ്ക്കണമെങ്കില്‍ തമിഴന്‍ കനിയണം. പാലും പഴവും വേണമെങ്കിലും മറ്റു സംസ്ഥാനക്കാര്‍ കനിയണം. എല്ലായിടത്തേക്കാളും നല്ല കാലാവസ്ഥയുള്ള കേരളക്കാരന്റെ മടി മാത്രമാണ നമ്മുടെ അധോഗതിക്ക്  കാരണമാകാന്‍ പോകുന്നത്. അല്‍പമെങ്കിലും കൃഷിഭൂമി ഇല്ലാത്ത വീട്ടുകാര്‍ മുന്‍പുണ്ടായിരുന്നില്ല. ഇപ്പോഴോ? കൃഷിഭൂമി ഉള്ളവര്‍ എത്ര എന്നതിന്റെ കണക്ക് ഒന്ന് എടുക്കണം. 

മുന്‍പ് ശമ്പളം വാങ്ങുന്നവര്‍ സമ്പാദിക്കുമായിരുന്നു. ഇന്ന് ശമ്പളമെല്ലാം മാളുകളില്‍ കൊടുക്കാനേ തികയൂ. ലോണ്‍ എന്ന പിടിവള്ളിയില്‍ തൂങ്ങിയാണ് പലരുടെയും ജീവിതം. മക്കളെ പഠിപ്പിക്കാന്‍ ലോണ്‍, വീടുവയ്ക്കാന്‍ ലോണ്‍, കാറിന് ലോണ്‍, ഫ്രിഡ്ജിന് ലോണ്‍, സാരിയും അടുക്കള സാധനങ്ങളും വരെ മാസാമാസം തുക അടച്ചു വാങ്ങുന്നവരായി നമ്മള്‍. വീടിനേക്കാള്‍ കൂടുതല്‍ റോഡാണ്. കാറ് വീട്ടിനകത് ബെഡ്‌റൂമില്‍ കൊണ്ട് കയറ്റാനുള്ള സംവിധാനമാണ് നമുക്കേവര്‍ക്കും ഇഷ്ടം. വീടിന്റെ നാല്‌വശവും റോഡ് വേണമെന്നാണ് ആഗ്രഹം. 

ഭരിക്കാന്‍ കയറുന്നവര്‍ ഖജനാവ് തുടച്ചു വൃത്തിയാക്കി ഇറങ്ങിപ്പോകുന്നത് അവരുടെ കഴിവ് തന്നെ. മണ്ടന്‍ ജനങ്ങള്‍ ഇതും ഇതിലപ്പുറവും വന്നാലും പഠിക്കില്ല. സന്തോഷ് കുളങ്ങര പറഞ്ഞതുപോലെ വേറെ ഏതെങ്കിലും നാട്ടുകാരായിരുന്നെങ്കില്‍ ഏഴുപണ്ടേ സമ്പല്‍ സമൃദ്ധരായേനേ. പ്രകൃതി കനിഞ്ഞ് തരുന്ന മഴവെള്ളം വിറ്റാല്‍ പോലും ജീവിക്കാനുള്ള വക കിട്ടുമത്രെ. 

വിവേകാനന്ദസ്വാമികള്‍ പറഞ്ഞതുപോലെ ഈ ദരിദ്ര ജനങ്ങള്‍ക്ക് ആദ്യം ഉണ്ണാനും ഉടുക്കാനുമുള്ള വകയുണ്ടാക്കിക്കൊടുക്കുക. പിന്നെ അവരെ ട്രെയിനിലും വിമാനത്തിലുമൊക്കെ പറപ്പിക്കാം. ആധ്യാത്മികത പോലും പിന്നെ മതി എന്നാണ് അദ്ദേഹം പറഞ്ഞത്. 

അതുകൊണ്ട് മന്ത്രിച്ചേട്ടന്മാരേ, ചേച്ചിമാരേ നിങ്ങള്‍ ഞങ്ങളെ ഇങ്ങനെയിട്ട് വികസിപ്പിക്കാതെ. അരവയര്‍ ചോറുണ്ണാനെങ്കിലും ഉള്ള നിലങ്ങള്‍ നിലനിര്‍ത്താന്‍ നോക്ക്. വയറല്ല ഇപ്പോള്‍ എല്ലാവരുടെയും കണ്ണാണ് നിറയുന്നതെന്നറിയുക. 

-ലളിത, കൊച്ചി

ഭരണ പരീക്ഷ ഒരു പ്രഹസനം

മുഖ്യമന്ത്രി ഒരു പ്രോഗ്രസ് റിപ്പോര്‍ട്ട് എല്ലാ മന്ത്രിമാരില്‍ നിന്നും ആവശ്യപ്പെട്ടതായി കേട്ടു. ഒരു സംശയം. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം ആരാണ് വിലയിരുത്തുക? മുഖ്യമന്ത്രി എന്ന നിലയ്ക്കും ആഭ്യന്തരമന്ത്രി എന്ന നിലയ്ക്കും വെവ്വേറെ വിലയിരുത്തേണ്ടതുണ്ട്. 

അതിനുള്ള അധികാരം വോട്ട് നല്‍കി അധികാരത്തിലേറ്റിയ സാധാരണ ജനങ്ങള്‍ക്കാണ്. അതിന് പ്രായോഗിക പ്രശ്‌നമുണ്ടെങ്കില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും തെരഞ്ഞെടുത്ത നേതാക്കന്മാരുടെ ഒരു കമ്മിറ്റിയായാലും മതി. 

അവലോകനം ചെയ്യുന്ന ചുമതല മാര്‍ക്കിടല്‍ മാത്രമായി പരിമിതപ്പെടുത്താന്‍ പാടില്ല. ഓരോ മന്ത്രിയും മുഖ്യമന്ത്രിയടക്കം ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനാണോ അഥവാ അര്‍ഹതയുണ്ടോ എന്നുകൂടി തീരുമാനിക്കേണ്ടതുണ്ട്. അവലോകനത്തിന്റെ അന്തിമതീരുമാനം നടപ്പാക്കുകയും വേണം. 

-തളി ശങ്കരന്‍ മൂസ്സത്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.