സര്‍ക്കാരിനെതിരെ ശക്തമായി പ്രതികരിക്കും: കെസിബിസി

Wednesday 25 April 2018 3:26 am IST

ആലപ്പുഴ: ഇടതുസര്‍ക്കാരിന്റെ ജനവിരുദ്ധ മദ്യനയത്തിനെതിരെ ശക്തമായി പ്രതികരിക്കാന്‍ കെസിബിസി മദ്യവിരുദ്ധ സമിതി തീരുമാനം. മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് നാളിതുവരെ തയ്യാറായിട്ടില്ലെന്ന് മദ്യവിരുദ്ധ വിശാലസഖ്യം ജനറല്‍ കണ്‍വീനറും കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള വ്യക്തമാക്കി. 

 അഞ്ചുതവണ എക്‌സൈസ് മന്ത്രിയുടെ ഓഫീസുമായും മന്ത്രിയുമായി നേരിട്ടും ചര്‍ച്ചയ്ക്കായി ബന്ധപ്പെട്ടിരുന്നു. ഓരോ തവണയും പാര്‍ട്ടി സമ്മേളനങ്ങളുടെയും നിയോജകമണ്ഡലത്തിലെ പരിപാടികളുടെയും കാര്യം പറഞ്ഞ് ഒഴിവാകുകയാണ് മന്ത്രി. കെസിബിസി മദ്യവിരുദ്ധസമിതി ഉള്‍പ്പെടുന്ന കേരള മദ്യവിരുദ്ധ വിശാലസഖ്യത്തിന്റെ സുപ്രധാന യോഗം മെയ് മൂന്നിന് ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടയത്ത് ചേരും. വിവിധ ഘടകപ്രസ്ഥാനങ്ങള്‍ യോഗത്തില്‍ പങ്കെടുക്കും.

    മദ്യ ഉപയോഗത്തിലുണ്ടാകുന്ന മുഴുവന്‍ ദുരന്തങ്ങളുടെയും ദുരിതങ്ങളുടെയും മുഖ്യപ്രതി സര്‍ക്കാര്‍ തന്നെയാണെന്നും കെസിബിസി കുറ്റപ്പെടുത്തുന്നു. തലയോലപ്പറമ്പില്‍ നാലുകുട്ടികള്‍ മദ്യപിച്ച് ഗുരുതരാവസ്ഥയിലായ സംഭവത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ല. മാവേലിക്കരയില്‍ മദ്യപനായ അയല്‍ക്കാരന്‍ ദമ്പതികളെ അടിച്ചുകൊന്നതിനും ധാര്‍മ്മിക ഉത്തരവാദിത്വം സര്‍ക്കാരിനാണന്ന് പ്രസാദ് കുരുവിള പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.