മത്സ്യലഭ്യത കുറയുന്നു; തീരങ്ങള്‍ വറുതിയില്‍

Wednesday 25 April 2018 3:33 am IST

കൊച്ചി: മത്സ്യലഭ്യത കുറഞ്ഞതോടെ തീരപ്രദേശങ്ങള്‍ വറുതിയിലേക്ക്. പത്തുവര്‍ഷത്തിനിടെ കേരളത്തിലെ സമുദ്രമേഖലയില്‍ നിന്നുള്ള മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞു. കടല്‍ താപനിലയിലുണ്ടാകുന്ന വ്യതിയാനവും കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ കടന്നുകയറി വിദേശ-ഇതര സംസ്ഥാന കപ്പലുകള്‍ മത്സ്യബന്ധനം നടത്തുന്നതുമാണ് തിരിച്ചടിയായത്.

2007ല്‍ 5,98,057 മെട്രിക് ടണ്‍ മത്സ്യമാണ് സംസ്ഥാന തീരത്തുനിന്നും ലഭിച്ചത്. ഇപ്പോള്‍ ഇത് 5,16,745 മെട്രിക് ടണ്ണായി കുറഞ്ഞു. 81312 മെട്രിക് ടണ്ണിന്റെ ഇടിവാണുണ്ടായത്. 2013ല്‍-5,30,638, 2014ല്‍-5,22,308, 2015ല്‍-5,24,468 മെട്രിക് ടണ്‍ എന്നിങ്ങനെയാണ് മത്സ്യലഭ്യതയുടെ കണക്ക്. ഫിഷറീസ് വകുപ്പിന്റെ സ്റ്റാറ്റിസ്റ്റിക് വിഭാഗത്തിന്റേതാണ് പഠനം.

ഉള്‍ക്കടലില്‍ മുഴുവന്‍ വല വിരിച്ച ശേഷം കപ്പലിന്റെ ഇരുഭാഗങ്ങളിലും വല കെട്ടി വലിച്ചാണ് മീന്‍പിടിത്തം.  ഇത് കടല്‍ സസ്യങ്ങളും മത്സ്യങ്ങളുടെ മുട്ടകളും വരെ നശിക്കാനിടയാക്കും. ട്രോളിങ് നിരോധനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് വിദഗ്ധ സമിതി പഠനം നടത്തിയിരുന്നു. ഈ പഠനത്തിലും മത്സ്യസമ്പത്ത് വളരെയധികം കുറഞ്ഞു വരുന്നതായാണ് കണ്ടെത്തല്‍. സമുദ്രത്തില്‍ നിന്നും ആയിരത്തിഇരുനൂറോളം ഇനം മത്സ്യങ്ങളാണ് പൊതുവെ ലഭിക്കാറുള്ളത്. പതിവായി എഴുനൂറോളം ഇനം മത്സ്യങ്ങള്‍ ലഭിച്ചിരുന്നു. ഇപ്പോള്‍, ഇതില്‍ പലതും ലഭിക്കാറില്ല. 

 മത്തി, അയല, ആവോലി, കിളിമീന്‍ തുടങ്ങിയ മത്സ്യങ്ങളുടെ ലഭ്യതയിലും കുറവുണ്ടായി. സ്രാവ്, തെരണ്ടി, ചെമ്പല്ലി, കേര തുടങ്ങിയ ഇനങ്ങളില്‍പ്പെട്ട മത്സ്യങ്ങളും അപൂര്‍വ കാഴ്ചകളായി മാറുന്നു. 

കേന്ദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ സ്ഥിതിവിവര കണക്കിലും കേരള തീരത്തുനിന്നും ലഭിക്കുന്ന മത്സ്യത്തിന്റെ അളവില്‍ 16 ശതമാനത്തിന്റെ കുറവുണ്ട്. ചില്ലറ വില്‍പ്പനയില്‍ മത്സ്യത്തിന് 19.14 ശതമാനം വില വര്‍ധിച്ചതായാണ് പഠനങ്ങള്‍ പറയുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ലഭിക്കുന്ന മത്സ്യം ചാളയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.