ശ്രീജിത്തിനെ ആശുപത്രിയില്‍ കൊണ്ടുപോയ പോലീസുകാരും മര്‍ദ്ദിച്ചു

Wednesday 25 April 2018 3:36 am IST

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തില്‍  നിര്‍ണായക വെളിപ്പെടുത്തലുകളുമായി ശ്രീജിത്തിനൊപ്പം കസ്റ്റഡിയിലായവരുടെ മൊഴികള്‍. ശ്രീജിത്തിനെ ആശുപത്രിയില്‍ കൊണ്ടുപോയ പോലീസുകാരും മര്‍ദ്ദിച്ചു. ലോക്കപ്പില്‍ മൂന്നാം മുറയാണ് നടന്നത്. ശ്രീജിത്തിനെ എസ്‌ഐ അതി ക്രൂരമായി മര്‍ദ്ദിച്ചു. അടിവയറ്റില്‍ ചവിട്ടി. വേദന കൊണ്ട് നിലവിളിച്ചിട്ടും ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്നാണ് അവരുടെ മൊഴി.

വേദനകൊണ്ട് നിലത്തുകിടന്ന് പുളഞ്ഞ ശ്രീജിത്തിനെ എസ്‌ഐ അടിവയറ്റില്‍  വീണ്ടും ചവിട്ടി. ഉത്സവം കഴിഞ്ഞ്  വീട്ടിലുറങ്ങിയ തങ്ങളെ ആര്‍ടിഎഫ് പിടിച്ചുകൊണ്ടുപോവുകയായിരുന്നുവെന്ന് ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു.  കൂട്ടുപ്രതികളായ വിനു, സുധി, സജിത്ത്, ശരത് എന്നിവരാണ് ജാമ്യത്തിലിറങ്ങിയ ശേഷം മാധ്യമങ്ങളെ കണ്ടത്. ശ്രീജിത്തിന്റെ വീട്ടില്‍ വച്ചായിരുന്നു ഇവര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ശനിയാഴ്ച ഉച്ചമുതല്‍ രാത്രിവരെയായി  തങ്ങളില്‍ പലരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. പിടിച്ചുകൊണ്ടുപോയവരും, എസ്‌ഐയും, ശനിയാഴ്ച രാത്രി ശ്രീജിത്തിനെ ആശുപത്രിയില്‍ കൊണ്ടുപോയവരും മര്‍ദ്ദിച്ചു.  ആശുപത്രിയില്‍ കൊണ്ടുപോയ വഴിക്കും മര്‍ദ്ദിച്ചിട്ടുണ്ട്. അവര്‍ ആരാണെന്ന് കണ്ടെത്തണം. നിലവിലെ അന്വേഷം  നാലു പോലീസുകാരില്‍  മാത്രമായി ഒതുക്കുകയാണ്

തങ്ങളെ എസ്‌ഐ മാത്രമാണ് തല്ലിയത്. ശ്രീജിത്തിനെ മറ്റു പോലീസുകാരും മര്‍ദ്ദിച്ചു. കൈ പിന്നിലേക്ക് വിലങ്ങ് വച്ചുകെട്ടി ബഞ്ചില്‍ കിടത്തി പുറത്ത് കൈമുട്ടുകൊണ്ട് ഇടിച്ചു. കാലുകൊണ്ട് വയറ്റില്‍ ഇടിച്ചു. ശനിയാഴ്ച വൈകിട്ട് വരെ എന്തിനാണ് തങ്ങളെ പിടിച്ചു കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞിരുന്നില്ലെന്ന് ഇവര്‍ പറഞ്ഞു. 

ആശുപത്രിയില്‍ പരിശോധനയ്ക്ക് കൊണ്ടുപോയപ്പോഴും ശ്രീജിത്തിനെ മാത്രം വേറെ മുറിയിലാക്കി. ശ്രീജിത്ത് വയറുവേദനയെന്ന് ആദ്യം മുതലെ പറഞ്ഞിരുന്നു. രാത്രി വരെ ഭക്ഷണം കൊടുത്തില്ല. ശ്രീജിത്ത് ബുദ്ധിമുട്ട് പറഞ്ഞപ്പോഴും അവഗണിച്ചെന്നും വിനു പറഞ്ഞു.

ഭക്ഷണം നല്‍കിയപ്പോഴും ബുദ്ധിമുട്ട് കാരണം   ശ്രീജിത്തിന് കഴിക്കാന്‍ പറ്റിയില്ല. വെള്ളിയാഴ്ച രാത്രി എസ്ഐ ക്രൂരമായി മര്‍ദ്ദിച്ചു. അസഭ്യം പറഞ്ഞു കൊണ്ടായിരുന്നു മര്‍ദ്ദനം എന്ന് ശ്രീജിത്തിനൊപ്പം അറസ്റ്റിലായവര്‍ പറഞ്ഞു. ആശുപത്രിയില്‍ കൊണ്ടുപോയ പോലീസുകാര്‍ മര്‍ദ്ദിച്ചു, 

അതിന് ശേഷമാണ് മുഖത്ത് പാടുകള്‍ കണ്ടതെന്നും വിനു പറഞ്ഞു. ചോദിച്ചപ്പോള്‍ ഓക്സിജന്‍ മാസ്‌ക് വച്ചതിന്റെ പാടായിരിക്കുമെന്ന് പോലീസ് പരിഹസിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.