സംസ്ഥാനത്ത് 750 സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍

Wednesday 25 April 2018 3:49 am IST

കോഴിക്കോട്: കണ്‍സ്യൂമര്‍ഫെഡ് സംസ്ഥാനത്ത് 750 സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ ആരംഭിക്കും. മെയ് ഒന്നു മുതല്‍  ജൂണ്‍ പത്തു വരെയാണ് ഇവ പ്രവര്‍ത്തിക്കുക. കണ്‍സ്യൂമര്‍ ഫെഡറേഷന്റെ തെരഞ്ഞെടുക്കപ്പെട്ട ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കുപുറമെ പ്രാഥമിക സഹകരണസംഘങ്ങള്‍, മറ്റു സഹകരണസ്ഥാപനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ യാണ് സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ ഒരുക്കുക. 

 നോട്ടുബുക്ക്, ബാഗ് തുടങ്ങി  34ല്‍ അധികം ബ്രാന്‍ഡുകളുടെ 750 ഇനം സാധനങ്ങള്‍ സ്റ്റുഡന്റ് മാര്‍ക്കറ്റില്‍ ലഭിക്കും. പ്രമുഖ ബ്രാന്‍ഡുകളുടെ കുടകളും ബാഗുകളും കൂടാതെ കുടുംബശ്രീ സംരംഭകര്‍ ഒരുക്കുന്ന ബാഗുകളും ഇത്തവണ സ്റ്റുഡന്റ് മാര്‍ക്കറ്റിലുണ്ടാകും.  കണ്‍സ്യൂമര്‍ ഫെഡിന്റെ ത്രിവേണി നോട്ടുബുക്കുകള്‍ ഈ വര്‍ഷം പത്തു കോടി രൂപ വിലമതിക്കുന്ന 50 ലക്ഷം പുസ്തകങ്ങളാണ് വിപണിയില്‍ എത്തിക്കുന്നത്. ബ്രാന്റഡ് നോട്ടുബുക്കുകളെക്കാള്‍ മുപ്പതു ശതമാനത്തോളം വിലക്കുറവുണ്ട് ത്രിവേണി നോട്ടുബുക്കുകള്‍ക്ക്. രണ്ടു വിദ്യാര്‍ത്ഥികള്‍ ഉള്ള ഒരു കുടുബത്തിന് അദ്ധ്യയന വര്‍ഷാരംഭത്തില്‍ ശരാശരി 4436 രൂപചെലവു വരുന്ന സാധനങ്ങള്‍ സ്റ്റുഡന്റ് മാര്‍ക്കറ്റില്‍ നിന്നും 3236 രൂപയ്ക്കു ലഭിക്കും. 

സംസ്ഥാന തല ഉദ്ഘാടനം 27ന് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

മുന്‍വര്‍ഷങ്ങളില്‍ ഉണ്ടാക്കിയ 619.04 കോടി രൂപയുടെ അറ്റനഷ്ടമാണ് കണ്‍സ്യൂമര്‍ ഫെഡ് നേരിടുന്ന ഏറ്റവും വലിയ വളര്‍ച്ചാ പ്രതിസന്ധിയെന്ന് ചെയര്‍മാന്‍ എം. മെഹബൂബ്.  ഇതു നേരിടാന്‍  സര്‍ക്കാരിന്റെ സഹകരണത്തോടെ പ്രവര്‍ത്തന പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. 

 ഓണം, ക്രിസ്തുമസ് വിപണിയിലായി 245.22 കോടി രൂപയുടെ  വില്‍പ്പന സാദ്ധ്യമാക്കുകയും 69.66 കോടി രൂപയുടെ  സാമ്പത്തിക ആനുകൂല്യം സബ്‌സിഡി ഇനത്തില്‍  ജനങ്ങളില്‍ എത്തിക്കാനും കഴിഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.