കയര്‍ സൊസൈറ്റികള്‍ ജപ്തി ഭീഷണിയില്‍

Wednesday 25 April 2018 3:52 am IST

ആറ്റിങ്ങല്‍ (തിരുവനന്തപുരം): ഉപയോഗമില്ലാത്ത കയര്‍റാട്ടുകള്‍ അടിച്ചേല്‍പ്പിക്കുക വഴി കയര്‍ സൊസൈറ്റികള്‍ ജപ്തി ഭീഷണിയില്‍. കയര്‍ഫെഡ് വാങ്ങി നല്‍കിയ യന്ത്രവത്കൃതറാട്ടുകള്‍ ഒരുദിവസം പോലും പ്രവര്‍ത്തിപ്പിക്കാനാകാതെ കേടായി തുരുമ്പിച്ചു നശിച്ചതിലൂടെ കോടികളുടെ നഷ്ടം. ഏഴായിരത്തിലേറെ മെഷീന്‍ റാട്ടുകളാണ് വായ്പകള്‍ വഴി അടിച്ചേല്‍പ്പിച്ചത്.

1994ലാണ് ദേശീയ കയര്‍വികസന കോര്‍പ്പറേഷനും സംസ്ഥാനസര്‍ക്കാരും ചേര്‍ന്ന് കേരളത്തിലെ കയര്‍ മേഖലയ്ക്ക് ഉണര്‍വേകാന്‍ തുല്യവീതത്തിലുള്ള ഫണ്ട് അനുവദിച്ചത്. എന്നാല്‍ ആ തുക സൊസൈറ്റികള്‍ക്ക് നല്‍കാതെ സ്വന്തംനിലയില്‍ കൈകാര്യം ചെയ്യാന്‍ കയര്‍ഫെഡ് തീരുമാനിക്കുകയായിരുന്നു. കേരളത്തിലെ ഓരോ എ ക്ലാസ് കയര്‍ സൊസൈറ്റികള്‍ക്കും ഈ തുക ഉപയോഗിച്ച് കയര്‍പിരി യന്ത്രങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു. ഓരോ കയര്‍ സൊസൈറ്റികള്‍ക്കും നൂറ് റാട്ടുകള്‍ക്കായി പതിനേഴ് ലക്ഷത്തി പതിനായിരംരൂപയാണ് വിലയിട്ടത്. ഇതില്‍ എട്ട് ലക്ഷത്തി പതിനായിരം സബ്‌സിഡിയും. റാട്ടുകള്‍ കയര്‍ഫെഡ് വാങ്ങി സൊസൈറ്റികളെ ഏല്‍പ്പിക്കുകയായിരുന്നു. സബ്‌സിഡി കഴിച്ചുള്ളഒന്‍പതു ലക്ഷത്തിന്റെ വായ്പാബാധ്യത കയര്‍ സൊസൈറ്റികള്‍ക്കുമായി.

കയര്‍റാട്ടുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള വൈദ്യുതിബന്ധമോ  പ്രാഗത്ഭ്യമുള്ള തൊഴിലാളികളോ ഈ സൊസൈറ്റികള്‍ക്ക് ഇല്ല. പ്രതിദിനം ഇരുപത്തിഅഞ്ചുരൂപ മാത്രം നല്‍കി തൊഴിലാളികളെ പരിശീലനത്തിന് ക്ഷണിച്ചെങ്കിലും ആരും ചെന്നില്ല. ഈ തടസ്സങ്ങളെല്ലാം തരണം ചെയ്ത് ഏതാനും കയര്‍ സൊസൈറ്റികള്‍ മെഷീനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് ഇവയെല്ലാം പ്രവര്‍ത്തനരഹിതമാണെന്ന് മനസ്സിലായത്.

കേരളത്തിലെ എഴുനൂറിലധികം വരുന്ന സൊസൈറ്റികള്‍ഏഴായിരത്തിലേറെ യന്ത്രങ്ങള്‍ക്കായി മുടക്കിയ കോടികളില്‍ നിന്ന് നയാപൈസയുടെ ഉത്പന്നങ്ങള്‍ പോലുമുണ്ടായില്ല. കെല്‍ട്രോണിന്റെയും സ്റ്റീല്‍ എന്ന കമ്പനിയുടെയും റാട്ടുകളാണ് നല്‍കിയത്. ഇതില്‍ തന്നെ കുറച്ചെണ്ണം മാത്രമേ യന്ത്രറാട്ടുകള്‍ ആയിരുന്നുള്ളൂ. ബാക്കിയെല്ലാം പരമ്പരാഗത റാട്ടുകളില്‍ മോട്ടോറുകള്‍ ഘടിപ്പിച്ചവയാണ്.

കോടിക്കണക്കിനു രൂപയുടെ അഴിമതിയാണ് സൊസൈറ്റികളും തൊഴിലാളികളും കയര്‍ഫെഡിനു നേരെ ആരോപിക്കുന്നത്. 1994ല്‍ കോടികള്‍ ചെലവാക്കി നല്‍കിയ യന്ത്രറാട്ടുകള്‍ ബാധ്യതപോലെ സൊസൈറ്റികള്‍ വാരിക്കൂട്ടിയിട്ടിരിക്കുകയാണ്. ഇതില്‍ പലേടത്തും മോട്ടോറുകള്‍ മോഷണംപോയ നിലയിലാണ്.

തിരിച്ചടയ്ക്കുവാനുള്ള വായ്പാത്തുക പലിശയടക്കം പെരുകിയപ്പോള്‍ സര്‍ക്കാര്‍ പതിനൊന്നുകൊല്ലം മുമ്പ് അതുവരെ അടയ്ക്കാനുള്ള ലോണ്‍തുക ഷെയര്‍ ആക്കി മാറ്റി. 

എന്നാല്‍ ബാക്കി തുക പലിശയടക്കം പെരുകിയതാണ് ജപ്തി ഭീഷണിയയിലെത്തി നില്‍ക്കുന്നത്. കോടിക്കണക്കിനു രൂപ ഖജനാവിനു നഷ്ടമുണ്ടാക്കിയ കയര്‍ഫെഡ് ഉദ്യോഗസ്ഥര്‍ക്കും അന്നത്തെ ചെയര്‍മാനുമെതിരെ നടപടി വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.