അര്‍ജന്റീനയുടെ ആദ്യ ലോകകിരീടം

Wednesday 25 April 2018 4:04 am IST

1978, പതിനൊന്നാം ലോകകപ്പ്,  ലോക ഫുട്‌ബോള്‍ മാമാങ്കത്തിന് അതാദ്യമായി അര്‍ജന്റീനയില്‍ പന്തുരുണ്ടു. അഞ്ച് നഗരങ്ങള്‍, ആറ് സ്റ്റേഡിയങ്ങള്‍, 38 പോരാട്ടങ്ങള്‍. 

രണ്ട് ഹാട്രിക്കുകള്‍ ഉള്‍പ്പെടെ 102 ഗോളുകളാണ് പിറന്നത്. ഹോളണ്ടിന്റെ റോബ് റോസന്‍ബ്രിന്‍കും പെറുവിന്റെ തിയോഫിലോ ക്യുബിലാസുമാണ് ഹാട്രിക്കിന് അവകാശികളായത്. സ്വന്തം മണ്ണില്‍, സ്വന്തം ആരാധകര്‍ക്കു മുന്നില്‍ അര്‍ജന്റീന ആദ്യമായി ലോകകപ്പുയര്‍ത്തി. ആതിഥേയരായി കിരീടം നേടുന്ന അഞ്ചാമത്തെ രാജ്യവുമായി അര്‍ജന്റീന. ഉറുഗ്വെ, ഇറ്റലി, ഇംഗ്ലണ്ട്, പശ്ചിമ ജര്‍മ്മനി എന്നീ രാജ്യങ്ങളായിരുന്നു ഇതിന് മുമ്പ് ആതിഥേയരായി കിരീടം നേടിയവര്‍.

 ഇറാന്‍, ടുണീഷ്യ ടീമുകള്‍ ആദ്യമായി ലോകകപ്പു കളിക്കാനെത്തി അര്‍ജന്റീനയില്‍. 1974-ലെ അതേ മാതൃകയിലായിരുന്നു പോരാട്ടങ്ങള്‍.  പതിനാറ് ടീമുകള്‍, നാല് ഗ്രൂപ്പുകള്‍. ഒന്നും രണ്ടും സ്ഥാനക്കാരെ ഉള്‍പ്പെടുത്തി രണ്ടാം റൗണ്ട്. ഈ റൗണ്ടില്‍ എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചു. ഗ്രൂപ്പ് ജേതാക്കള്‍ തമ്മില്‍ ഫൈനല്‍. 

ഗ്രൂപ്പ് ഒന്നില്‍ നിന്ന് ഇറ്റലി, അര്‍ജന്റീന, രണ്ടില്‍ നിന്ന് പോളണ്ട്, പശ്ചിമ ജര്‍മ്മനി, ഗ്രൂപ്പ് മൂന്നില്‍ നിന്ന് ആസ്ട്രിയ, ബ്രസീല്‍, ഗ്രൂപ്പ് നാലില്‍ നിന്ന് പെറു, ഹോളണ്ട് എന്നീ ടീമുകള്‍ അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചു. ഈ എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് രണ്ടാം റൗണ്ട് അരങ്ങേറിയത്. ഗ്രൂപ്പ് എയില്‍ ആസ്ട്രിയ, പശ്ചിമ ജര്‍മ്മനി, ഇറ്റലി, ഹോളണ്ട്, ഗ്രൂപ്പ് ബിയില്‍ നിന്ന് ബ്രസീല്‍, അര്‍ജന്റീന, പെറു, പോളണ്ട് എന്നീ ടീമുകളും അങ്കത്തട്ടിലിറങ്ങി. ഗ്രൂപ്പ് എയില്‍ നിന്ന് രണ്ട് വിജയവും ഒരു സമനിലയടക്കം അഞ്ച് പോയിന്റുമായി ഹോളണ്ടും ഗ്രൂപ്പ് ബിയില്‍ നിന്ന് അഞ്ച് പോയിന്റുമായി ഗോള്‍ ആവറേജില്‍ ബ്രസീലിനെ പിന്തള്ളി ആതിേഥയരായ അര്‍ജന്റീനയും ഫൈനലിന് യോഗ്യത നേടി. ലൂസേഴ്‌സ് ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇറ്റലിയെ കീഴടക്കി ബ്രസീല്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി. ജൂണ്‍ 25ന് ബ്യൂണസ് അയേഴ്‌സിലായിരുന്നു ഫൈനല്‍. മത്സരത്തിന്റെ 37-ാം മിനിറ്റില്‍ മരിയോ കെംപസ് നേടിയ ഗോളിലൂടെ അര്‍ജന്റീന മുന്നിലെത്തി. എന്നാല്‍ പൊരുതിക്കളിച്ച നെതര്‍ലന്‍ഡ്‌സ് 82-ാം മിനിറ്റില്‍ ഡിക്ക് നാനിന്‍ഗയലിലൂടെ സമനില പിടിച്ചു. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1 സമനില പാലിച്ചു. 104-ാം മിനിറ്റില്‍ മരിയോ കെംപസും 115-ാം മിനിറ്റില്‍ ഡാനിയേല്‍ ബര്‍ട്ടോണിയും ലക്ഷ്യം കണ്ടതോടെ ചരിത്രത്തിലാദ്യമായി അര്‍ജന്റീന ലോകകിരീടം ഉയര്‍ത്തി. 

മികച്ച കളിക്കാരനും ടോപ് സ്‌കോറര്‍ക്കുമുള്ള സ്വര്‍ണ്ണ പന്തും സ്വര്‍ണ്ണ പാദുകവും അര്‍ജന്റീനയുടെ മരിയോ കെംപസ് സ്വന്തമാക്കി. 1938-ല്‍ ഫ്രാന്‍സ് ലോകകപ്പില്‍ ബ്രസീലിന്റെ ലിയോനിഡാസ് ഡാ സില്‍വക്ക് ശേഷം ആദ്യമായാണ് ഒരു താരം ഈ രണ്ട് ബഹുമതികളും സ്വന്തമാക്കിയത്. ആറ് ഗോളുകളാണ് കെംപസ് നേടിയത്. അഞ്ച് ഗോളുകളുമായി ഹോളണ്ടിന്റെ  റോബ് റോസന്‍ബ്രിന്‍കും പെറുവിന്റെ തിയോഫിലോ ക്യുബിലാസും വെള്ളി പാദുകവും നാല് ഗോളുകളുമായി അര്‍ജന്റീനയുടെ ലിയോപോള്‍ഡോയും ആസ്ട്രിയയുടെ ഹാന്‍സ് ക്രാന്‍കിയും വെങ്കല പാദുകവും സ്വന്തമാക്കി. ഇറ്റലിയുടെ പൗലോ റോസി, ബ്രസീലിന്റെ ഡിര്‍സ്യൂ മികച്ച കളിക്കാരനുള്ള വെള്ളി-വെങ്കല പന്തുകളും സ്വന്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.