പോരാട്ടം പൊടിപാറും

Wednesday 25 April 2018 4:02 am IST

മ്യൂണിക്ക്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ ബുന്ദസ് ലിഗയിലെ വമ്പന്മാരായ ബയേണ്‍ മ്യൂണിക്ക് ഇന്ന് സ്പാനീഷ് ടീമായ റയല്‍ മാഡ്രഡിനെ നേരിടും. അലയന്‍സ് അരേന സ്‌റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യന്‍ സമയം രാത്രി 12.15 ന് കളി തുടങ്ങും.

ബുന്ദസ് ലിഗയില്‍ തുടര്‍ച്ചയായ ആറാം കിരീടം ചൂടിയ ബയേണ്‍ മികച്ച ഫോമിലാണ്. ഈ സീസണില്‍ 43 മത്സരങ്ങളില്‍ 39 ഗോളുകള്‍ നേടിയ ലിവന്‍ഡോസ്‌ക്കിയാണ് ബയേണിന്റെ കരുത്ത്.

താനും സഹപ്രവര്‍ത്തകരും റയല്‍ മാഡ്രിഡിനെ ഒതുക്കാനുള്ള തയ്യാറെടുപ്പിലാണ്. ബുന്ദസ് ലീഗ കിരീടം നേടുകയും ഡിഎഫ്ബി കപ്പിന്റെ ഫൈനലിലെത്തുകയും ചെയ്ത ടീം മികച്ച ഫോമിലാണെന്ന് ലിവന്‍ഡോസ്‌ക്കി പറഞ്ഞു.

എല്ലാ മത്സരങ്ങളിലും ഞങ്ങള്‍ മികച്ച പോരാട്ടം നടത്തിയിട്ടുണ്ട്. റയല്‍ മാഡ്രിഡിനെതിരെയും തകര്‍പ്പന്‍ പ്രകടനം തന്നെ കാഴ്ചവെയ്ക്കുമെന്ന് ലിവന്‍ഡോസ്‌ക്കി വ്യക്തമാക്കി.

എതിരാളികളെ തോല്‍പ്പിച്ചാലേ ഫൈനലിലെത്താനാകൂ. റയല്‍ പിഴവുകള്‍ വരുത്തിയാല്‍ ഞങ്ങള്‍ അത് മുതലാക്കും.എണ്ണയിട്ട യന്ത്രത്തെപോലെ പ്രവര്‍ത്തിക്കുന്നതാണ് ഞങ്ങളുടെ പ്രതിരോധം. റയല്‍ മാഡ്രിഡ് ശക്തമായ ടീമാണ്. അതിനാല്‍ മത്സരം കടുത്തതാകുമെന്നും ലിവന്‍ഡോസ്‌ക്കി പറഞ്ഞു.

റയലിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ബയേണിനെതിരെ മികച്ച റെക്കോഡുണ്ട്. ബയേണിനെതിരായ ആറു മത്സരങ്ങളില്‍ റൊണാള്‍ഡോ ഒമ്പത് ഗോളുകള്‍ നേടിയിട്ടുണ്ട്.

റൊണാള്‍ഡോയും സഹകളിക്കാരും ഗോളടിക്കാന്‍ മിടുക്കരാണ്. എല്ലാവരെയും ഞങ്ങള്‍ നിരീക്ഷിക്കും. പക്ഷെ ഞങ്ങള്‍ അവസരത്തിനൊത്തുയര്‍ന്നാല്‍ റയലിനും തലവേദനയാകുമെന്ന് ലിവന്‍ഡോസ്‌കി പറഞ്ഞു.

മികച്ച വിജയങ്ങള്‍ നേടിയാണ് ബയേണ്‍ യുവേഫ ചാമ്പ്യന്‍ ലീഗ് സെമിക്കിറങ്ങുന്നത്. ബുന്ദസ് ലിഗ കിരീടം നേടിയ അവര്‍ ബയര്‍ ലെവര്‍കുസനെ രണ്ടിനെതിരെ ആറു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഡിഎഫ്ബി കപ്പിന്റെ ഫൈനലിലുമെത്തി. 

അതേസമയം റയല്‍ മാഡ്രിഡ് ലാലിഗയില്‍ മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ ബുധനാഴ്ച അത്‌ലറ്റിക്കോ ബില്‍ബാവോക്കെതിരായ മത്സരത്തില്‍ തോല്‍വിയിലേക്ക് നീങ്ങിയ റയല്‍ അവസാന നിമിഷം റൊണാള്‍ഡോ നേടിയ ഗോളിലാണ് കരകയറിയത്.

ബയേണും റയലും ഇതിന് മുമ്പ് 24 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ 12 മത്സരങ്ങളിലും ബയേണാണ് വിജയിച്ചത്. റയല്‍ പത്ത് വിജയങ്ങള്‍ നേടി. രണ്ട് മത്സരങ്ങള്‍ സമനിലയായി.ബയേണ്‍ മ്യൂണിക്കിന്റെ തോമസ് മുള്ളര്‍ ചാമ്പ്യന്‍സ് ലീഗില്‍ നൂറ് മത്സരത്തിനടുത്തെത്തി നില്‍ക്കുകയാണ്. മൂന്ന് മത്സരങ്ങള്‍ കൂടി കളിച്ചാല്‍ മുള്ളര്‍ക്ക് സെഞ്ചുറി തികയ്ക്കാം. ഫിലിപ്പ് ലാം (105), ഒലിവര്‍ ഖാന്‍ (103) എന്നിവരാണ് ചാമ്പ്യന്‍സ് ലീഗില്‍ നൂറിലേറെ മത്സരങ്ങള്‍ കളിച്ച താരങ്ങള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.